ADVERTISEMENT

ഇന്ത്യക്കാര്‍ക്ക് ഇനി ജപ്പാനിലേക്കുള്ള യാത്രകള്‍ കൂടുതല്‍ അനായാസമാവും. ഏറെക്കാലമായി കാത്തിരിക്കുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്കുള്ള ഇ-വീസ ഏപ്രില്‍ ഒന്നു മുതല്‍ ജപ്പാന്‍ അവതരിപ്പിച്ചു. വിഎഫ്എസ് ഗ്ലോബലിലൂടെ ജപ്പാന്‍ വീസ അപ്ലിക്കേഷന്‍ സെന്ററുകള്‍ വഴി ജപ്പാനിലേക്കുള്ള ഇ-വീസയ്ക്കായി അപേക്ഷിക്കാം. വിനോദ സഞ്ചാരികള്‍ക്കു ജപ്പാനില്‍ 90 ദിവസം വരെ സഞ്ചരിക്കുന്നതിനുള്ള അനുമതിയാണ് ഇ-വീസ വഴി ലഭിക്കുക. 

Japanese Geisha. Image Credit: cowardlion/shutterstock
Japanese Geisha. Image Credit: cowardlion/shutterstock

ഇ-വീസയുടെ കാര്യത്തിലും അപേക്ഷാ രീതികൾ പഴയതു തന്നെ, എന്നാല്‍ വീസ അനുവദിക്കുന്നതിലാണ് വ്യത്യാസമുള്ളത്. അനുവദിച്ച വീസകള്‍ നേരത്തെ പാസ്‌പോര്‍ട്ടില്‍ വീസ സ്റ്റിക്കറുകള്‍ ഒട്ടിച്ചാണ് നല്‍കിയിരുന്നതെങ്കില്‍ ഇ-വീസയില്‍ ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴി വീസ ലഭിക്കുകയാണ് ചെയ്യുക. അപേക്ഷകര്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ നമ്പറിലേക്കു വീസ ഇന്‍ഷുറന്‍സ് നോട്ടീസ് സന്ദേശം ലഭിക്കും. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഈ സന്ദേശം ഇ-വീസ ഉപയോഗിക്കുന്നവര്‍ വിമാനത്താവളത്തില്‍ പിന്നീട് കാണിക്കേണ്ടി വരും. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി ഇ-വീസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം നിര്‍ബന്ധമാണ്. 

Image Credit : Sean Pavone/shutterstock
Image Credit : Sean Pavone/shutterstock

ആര്‍ക്കൊക്കെയാണ് ജപ്പാന്റെ ഇ-വീസയ്ക്കുള്ള യോഗ്യതയെന്നു നോക്കാം. ഇന്ത്യക്കു പുറമേ ബ്രസീല്‍, തായ്‌വാന്‍, സിംഗപ്പൂര്‍, യുഎഇ, ദക്ഷിണാഫ്രിക്ക, യുകെ, കാനഡ, ഓസ്‌ട്രേലിയ, കംബോഡിയ, സൗദി അറേബ്യ, അമേരിക്ക എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഇ-വീസയ്ക്ക് അര്‍ഹതയുണ്ട്. വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരേയും ജപ്പാന്‍ ഇ-വീസയ്ക്കായി പരിഗണിക്കും. 

japan-naked-festival-01

ഇ-വീസയ്ക്ക് അപേക്ഷ നല്‍കുന്നതു മുതലുള്ള കാര്യങ്ങള്‍ എങ്ങനെയെന്നു നോക്കാം

1. വിഎഫ്എസ് ഗ്ലോബല്‍ നിയന്ത്രിക്കുന്ന ജപ്പാന്‍ വീസ അപ്ലിക്കേഷന്‍ സെന്ററിന്റെ ഔദ്യോഗിക വെബ് സൈറ്റ് സന്ദര്‍ശിക്കുക. 

2. വെബ് സൈറ്റിലെ ടെംപററി വിസിറ്റര്‍ വീസ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ആപ്ലിക്കേഷന്‍ ഫോം ഡൗണ്‍ലോഡു ചെയ്യുക. അപേക്ഷാ ഫോം പൂരിപ്പിക്കുക. അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന രേഖകളുടെ പകര്‍പ്പെടുക്കുക. 

3. ഇതിനു ശേഷം വീസ അപ്ലിക്കേഷന്‍ സെന്ററില്‍ അപ്പോയിന്‍മെന്റ് എടുക്കുക. ഇതിന്റെ കണ്‍ഫര്‍മേഷന്‍ ഇമെയില്‍ വഴിയാണ് ലഭിക്കുക. അപ്പോയിന്‍മെന്റിന്റെ സമയവും മറ്റു വിശദാംശങ്ങളും ഈ സന്ദേശത്തിലുണ്ടാവും. 

4. വീസ അപ്ലിക്കേഷന്‍ സെന്റര്‍ വഴി നല്‍കിയ അപേക്ഷയുടെ മറുപടി ഇമെയില്‍ വഴിയാണ് ലഭിക്കുക. ഇ-വീസ അനുവദിച്ചവര്‍ക്ക് അതു സംബന്ധിച്ച സന്ദേശങ്ങള്‍ മൊബൈല്‍ സന്ദേശം വഴിയും ലഭിക്കും. 

5. ഇലക്ട്രോണിക് വീസ അനുവദിച്ച സന്ദേശം വിമാനത്താവളത്തിലെ ചെക്ക് ഇന്‍ പോയിന്റിലാണ് കാണിക്കേണ്ടത്. ബാര്‍കോഡ് സ്‌കാന്‍ ചെയ്ത ശേഷം ആവശ്യമായ വിവരങ്ങള്‍ നല്‍കണം. 

ചില ഇ-വീസ അപേക്ഷകളില്‍ അപേക്ഷകര്‍ നേരിട്ട് ഹാജരാവേണ്ടി വന്നേക്കാം. അത്തരം സാഹചര്യങ്ങളില്‍ അക്കാര്യം അറിയിപ്പായി ലഭിക്കും. അധികൃതര്‍ നിര്‍ദേശിക്കുന്ന കേന്ദ്രങ്ങളിലെത്തി ഇ-വീസയ്ക്ക് അപേക്ഷിച്ചവര്‍ അഭിമുഖത്തിന് ഹാജരാവേണ്ടി വരും. ഇന്ത്യക്കാര്‍ അടക്കമുള്ള സഞ്ചാരികളുടെ ഉദയസൂര്യന്റെ നാട്ടിലേക്കുള്ള സഞ്ചാരം കൂടുതല്‍ എളുപ്പത്തിലാവാന്‍ ഇ-വീസയുടെ വരവ് സഹായിക്കും. 

English Summary:

Indian tourists can apply for an e-Visa to Japan for a hassle-free trip.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com