സാഹസിക സഞ്ചാരികളേ, ഇതാ ലോകം കണ്ട അതിമനോഹര കൃത്രിമ ബീച്ചുകൾ
Mail This Article
കുറച്ചു വർഷങ്ങളായി നമ്മൾ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് കാലാവസ്ഥാ വ്യതിയാനവും അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളും. ശുദ്ധജലത്തിന്റെ ലഭ്യത കുറവും പ്രകൃതിദത്തമായ തീരങ്ങൾ ഗണ്യമായി ഇല്ലാതാകുന്നതും സാരമായി ഭൂമിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്നുണ്ട്. സമീപ വർഷങ്ങളിൽ, മണൽ തീരങ്ങളുടെയും ശുദ്ധജലത്തിന്റെയും ആവശ്യം കൂടിവരുന്നതിനാൽ ഈ പ്രശ്നങ്ങൾക്ക് ബദൽ എന്ന രീതിയിൽ മനുഷ്യനിർമിത ബിച്ചുകളും ദ്വീപുകളും നിർമ്മിക്കാൻ നമ്മൾ നിർബന്ധിതരായിക്കൊണ്ടിരിക്കുകയാണ്. ഈ കൃത്രിമ ബീച്ചുകൾ പ്രകൃതിദത്ത തീരപ്രദേശങ്ങൾക്ക് ബദൽ വാഗ്ദാനം ചെയ്യുന്നു എന്നു മാത്രമല്ല, ഇന്ന് ഇതൊക്കെ ലോകമെമ്പാടുമുള്ള ജനപ്രിയ സ്ഥലങ്ങളായി മാറിയിരിക്കുകയാണ്, അതുല്യമായ ബീച്ച് അനുഭവം തേടുന്ന വിനോദസഞ്ചാരികൾക്കായി ലോകത്തിലെ ഏറ്റവും മനോഹരമായ ചില മനുഷ്യനിർമിത ബീച്ചുകൾ.
പാം ജുമൈറ, ദുബായ്
പാം ജുമൈറയെകുറിച്ച് നമ്മൾ എല്ലാവരും കേട്ടിട്ടുണ്ട്. ശരിക്കുമൊരു വാസ്തുവിദ്യാ വിസ്മയം എന്നതിനപ്പുറം മനുഷ്യനു സാധ്യമായ വലിയൊരു അദ്ഭുതമാണ്. ഈ കൃത്രിമ ദ്വീപ് ഈന്തപ്പനയുടെ ആകൃതിയിലാണ്, ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ ദ്വീപും ദുബായിലെ ഏറ്റവും തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രവുമാണിത്. ആഡംബര റിസോർട്ടുകളും സ്വകാര്യ വില്ലകളുമാണ് ഇവിടെ പ്രധാനമായുമുള്ളത്. ലോസ്റ്റ് ചേമ്പേഴ്സ് അക്വേറിയവും അറ്റ്ലാന്റിസ് അക്വാവെഞ്ചർ എന്ന മനോഹരമായ വാട്ടർ പാർക്കും ഇവിടെയുണ്ട്. ദുബായ് മോണോറെയിൽ ഉപയോഗിച്ച് ഇവിടെയെല്ലാം ചുറ്റിക്കറങ്ങി കാണാം.
സെന്റോസ ദ്വീപ്, സിംഗപ്പൂർ
1,235 ഏക്കർ വീസ്തൃതിയുള്ള സെന്റോസ ദ്വീപ് മനുഷ്യർ നിർമിച്ച ഒരു വലിയ റിസോർട്ട് ദ്വീപാണ്. അതിന്റെ തെക്കൻ തീരത്ത്, ഇന്തൊനീഷ്യയിൽ നിന്നും മലേഷ്യയിൽ നിന്നും ഇറക്കുമതി ചെയ്ത മണൽ ഉൾക്കൊള്ളുന്ന, ഒരു മൈലിലധികം വ്യാപിച്ചുകിടക്കുന്ന 3 ബീച്ചുകളുണ്ട്. കൂടാതെ, റിസോർട്ട്സ് വേൾഡ് സെന്റോസ, യൂണിവേഴ്സൽ സ്റ്റുഡിയോ സിംഗപ്പൂർ, മറ്റ് നിരവധി വിനോദ ഓപ്ഷനുകളും പ്രമുഖ ആകർഷണങ്ങളും സെന്റോസ ഐലൻഡിലുണ്ട്. സെന്റോസ എന്നറിയപ്പെടുന്നതിന് മുമ്പ്, സിംഗപ്പൂരിന്റെ തെക്കൻ തീരത്ത് ഈ ദ്വീപ് ഒരു ബ്രിട്ടീഷ് സൈനിക കോട്ടയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിലെ ജാപ്പനീസ് അധിനിവേശത്തിനുശേഷം, സിംഗപ്പൂർ ബ്രിട്ടീഷ് ഭരണത്തിലേക്കു മടങ്ങിയതിനു ശേഷം ഈ ദ്വീപിനെ മലായിൽ "സമാധാനം എന്നർത്ഥം വരുന്ന "സെന്റോസ" എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.
ലാർവോട്ടോ ബീച്ച്, മൊണാക്കോ
മൊണാക്കോയിലെ ഒരേയൊരു പൊതു കടൽത്തീരം എന്ന നിലയിലും മോണ്ടെ കാർലോയിൽ നിന്ന് അൽപ്പം ചുറ്റിക്കറങ്ങിയും സ്ഥിതി ചെയ്യുന്നതിനാൽ, ലാർവോട്ടോ ബീച്ച് നഗരത്തിന്റെ നിലവിലുള്ള കടൽത്തീരത്തെ മെച്ചപ്പെടുത്തുന്നതിനായി സൃഷ്ടിച്ചതാണ്. റസ്റ്ററന്റുകൾ, ഷോപ്പുകൾ, കഫേകൾ എന്നിവയാൽ അലങ്കരിച്ചിരിക്കുന്ന ബീച്ച് യഥാർത്ഥത്തിൽ കൃത്രിമ മണൽ കൊണ്ട് നിർമിച്ചതാണ് എന്നു വിശ്വസിക്കാൻ അൽപം പ്രയാസമായിരിക്കും. അത്ര കൃത്യതയോടെയും വീസ്മയാവഹമായാണ് ഈ ബീച്ചിന്റെ നിർമാണം.
സണ്ണി ബീച്ച്, ഷാങ്ഹായ്, ചൈന
ഷാങ്ഹായ നഗരമധ്യത്തിലെ ഒരേയൊരു കടൽതീരമാണിത്, അതും പ്രകൃതിദത്തമല്ല മനുഷ്യൻ നിർമിച്ചത്. ചൂടുള്ള മാസങ്ങളിൽ, ഷാങ്ഹായിലെ ഹുവാങ്‌പു നദിയുടെ സൗത്ത് ബണ്ട് വശത്തായി സ്ഥിതി ചെയ്യുന്ന ഈ നഗര ബീച്ച് പ്രദേശവാസികളുടെ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമാണ്. 180 – ലധികം റസ്റ്റോറന്റുകളും അത്യാഡംമ്പര റിസോർട്ടുകളും ഈ കൃത്രിമ ബീച്ചിലുണ്ട്.
ആർട്ടിഫിഷ്യൽ ബീച്ച്, മാലദ്വീപ്
മാലദ്വീപ് അതിന്റെ മനോഹരമായ ബീച്ചുകൾക്ക് പേരുകേട്ടതാണ്, അവിടെ തലസ്ഥാന നഗരമായ മാലെയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന കൃത്രിമ ബീച്ച് സ്പോർട്സ് ഇവന്റുകൾ, പരേഡുകൾ, കാർണിവലുകൾ, ലൈവ് മ്യൂസിക് ഷോകൾ എന്നിവ സംഘടിപ്പിക്കുന്നതിനുള്ള പ്രിയപ്പെട്ട വേദിയായി മാറിയിരിക്കുന്നു.ഭൂരിഭാഗം വിനോദസഞ്ചാരികളും ഈ കടൽത്തീരം സന്ദർശിക്കുന്നത് തിരക്കേറിയ നഗരമായ മാലെയിൽ നിന്ന് അൽപസമയം സമാധാനത്തോടെ ചെലവഴിക്കാനാണ്. മാലദ്വീപിലെ മറ്റെല്ലാ പ്രകൃതിദത്ത ബീച്ചുകളുമായും ഈ ബീച്ച് തുല്യമാണ്.