സോഷ്യല്‍ മീഡിയയിലെ വൈറല്‍ തടാകത്തില്‍ വിഷജലം; സഞ്ചാരികളേ ശ്രദ്ധിക്കൂ
Mail This Article
ഈയിടെ ഇന്‍റര്‍നെറ്റിലെങ്ങും വൈറലായ ഒരു തടാകത്തിന്‍റെ ചിത്രമുണ്ടായിരുന്നു. റഷ്യൻ നഗരമായ നോവോസിബിർസ്കിലെ ഒരു തടാകം എന്ന പേരിലാണ് ഇതിന്‍റെ ചിത്രങ്ങള്‍ പ്രചരിച്ചത്. സോഷ്യല്‍ മീഡിയയിലെങ്ങും ഈ മനോഹരമായ നീലത്തടാകത്തിന്‍റെ കാഴ്ചകള്‍ കാണാം. ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ശാസ്ത്രജ്ഞര്‍. നീലയും പച്ചയും കലർന്ന നിറമുള്ള ഈ തടാകം, യഥാര്‍ത്ഥത്തില്‍ വിഷലിപ്തമായ ഒരു ജലസംഭരണിയാണെന്നു റിപ്പോർട്ട് പറയുന്നു. അടുത്തുള്ള ഒരു പവര്‍ പ്ലാന്‍റില്‍ നിന്നും ഒഴുകിവരുന്ന രാസ അവശിഷ്ടങ്ങൾ കാരണം ഈ വെള്ളം വിഷലിപ്തമാകുന്നു. ഇത് വിനോദസഞ്ചാരികൾക്ക് അപകടകരമാകുന്നു.
പ്ലാന്‍റില്‍ നിന്നും ഒഴുകിവരുന്ന അഴുക്കുവെള്ളത്തിലെ കാൽസ്യം ലവണങ്ങളും ലോഹ ഓക്സൈഡുകളും തമ്മിലുള്ള രാസപ്രവർത്തനം മൂലമാണ് തടാകത്തിന്റെ മനോഹരമായ നിറം ഉണ്ടാകുന്നത് എന്നു ശാസ്ത്രജ്ഞർ കണ്ടെത്തി. ഇത് ജനങ്ങളുടെ ജീവനു ഭീഷണി ഉയർത്തുന്നു എന്നും അവര്‍ പറയുന്നു.
ഈ തടാകപരിസരത്തേക്ക് ഒട്ടേറെ ആളുകളാണ് ഒഴുകിയെത്തുന്നത്. റഷ്യക്കാര്‍ തടാകത്തിന് 'സൈബീരിയൻ മാലദ്വീപ്' എന്നുവരെ ഓമനപ്പേരിട്ടു. ഫാഷന്‍ ഫൊട്ടോഗ്രാഫിയും വിവാഹഷൂട്ടുകളുമെല്ലാം ഇവിടെ സജീവമാണ്.
റിപ്പോര്‍ട്ട് വൈറലായതോടെ പവർ പ്ലാന്റുമായി ബന്ധപ്പെട്ട കമ്പനി ഇതിലേക്കു വിഷമാലിന്യങ്ങള്‍ ഒഴുക്കിവിടുന്നുണ്ടെന്ന വാദം നിഷേധിച്ചു. തടാകത്തിലെ വെള്ളത്തിനു പൊതുവേ ക്ഷാരഗുണം കൂടുതല്‍ ഉള്ളതിനാല്‍ ഇതിലേക്ക് ഇറങ്ങരുതെന്ന് അവര്‍ പറഞ്ഞു. മാത്രമല്ല, തടാകം 3 മുതൽ 6 അടി വരെ ആഴമുള്ളതും അടിയിൽ ധാരാളം ചെളി നിറഞ്ഞതാണെന്നും അവര്‍ പറഞ്ഞു. ചെളിയുള്ളതുകൊണ്ടു തന്നെ ആരെങ്കിലും വീണാല്‍ അവരെ വെള്ളത്തില്‍ നിന്നും പൊക്കിയെടുക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും എന്നും അവര്‍ ചൂണ്ടിക്കാട്ടി.
നിരവധി മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും, വിനോദസഞ്ചാരികൾ തടാകം സന്ദർശിക്കുന്നതു തുടരുകയാണ്. ചിലര്‍ ഈ വെള്ളത്തില്‍ ഇറങ്ങി നീന്തുന്നതും കാണാം. ഡിറ്റർജൻസിനു സമാനമായ ഒരു മണം വെള്ളത്തിന് ഉണ്ടെന്ന് പലരും പറയുന്നു. ചിലര്‍ക്ക് ചര്‍മ്മപ്രശ്നങ്ങളും മറ്റു ചിലര്‍ക്ക് മൂക്കിലും തൊണ്ടയിലും വരൾച്ച പോലുള്ള പ്രശ്നങ്ങളും അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഈ തടാകം പ്രകൃതിദത്തമല്ല. നോവോസിബിർസ്കിന്‍റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാനായി നിര്‍മ്മിച്ച ഒരു താപവൈദ്യുതനിലയത്തിലെ കെമിക്കൽ ചാരം നീക്കം ചെയ്യാൻ കൃത്രിമമായി സൃഷ്ടിച്ചതാണ് ഇത്. 1970-കളിൽ സ്ഥാപിതമായ ഈ പവർ പ്ലാന്റ് സൈബീരിയയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ നിലയമാണ്.