ADVERTISEMENT

ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിനാശകരമായ യാത്ര ആയിരുന്നു ടൈറ്റാനിക് എന്ന ആഡംബര കപ്പലിന്റേത്. ഒരിക്കലും തകരില്ല എന്ന ആത്മവിശ്വാസത്തോടെ മുന്നോട്ടു നീങ്ങിയ ടൈറ്റാനിക് മഞ്ഞുമലയിൽ ഇടിച്ചു തകർന്നു തരിപ്പണമായി. 1912 ൽ 2200 ൽ അധികം ആളുകളുമായി യാത്ര തുടങ്ങിയ ടൈറ്റാനിക്. മഞ്ഞുമലയിൽ ഇടിച്ചു വലിയ അപകടം ഉണ്ടായപ്പോൾ അതിജീവിക്കാൻ കഴിഞ്ഞത് കപ്പലിലുണ്ടായിരുന്ന 700 പേർക്ക് മാത്രം. ടൈറ്റാനിക് എന്ന കപ്പൽ തകർന്ന് നൂറ്റാണ്ട് ഒന്ന് കഴിഞ്ഞെങ്കിലും അതിനെക്കുറിച്ചുള്ള കഥകൾക്ക് ഇന്നും ആരാധകർ ഏറെയുണ്ട്.

Image Credit : Blue Star Line
Image Credit : Blue Star Line

ഇതിനിടെ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ടൈറ്റാനിക് II ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങൾക്കു പിന്നാലെയാണ് ഒരു കോടീശ്വരൻ. ഓസ്ട്രേലിയൻ ശത കോടീശ്വരനായ ക്ലൈവ് പാമർ ആണ് വീണ്ടുമൊരു ടൈറ്റാനിക് നിർമിക്കാനുള്ള ശ്രമങ്ങളുമായി നടക്കുന്നത്. 1912ൽ അപകടം സംഭവിച്ച ടൈറ്റാനിക് കപ്പലിന്റെ അതേ പകർപ്പ് ആയിരിക്കും രണ്ടാം ടൈറ്റാനിക്കും. 

വെള്ളിത്തിരയിൽ ജെയിംസ് കാമറൂൺ വിസ്മയം

ലോകം നടുങ്ങിയ മഹാദുരന്തത്തെ ലോകം കണ്ട വിഖ്യാത സംവിധായകൻ ജെയിംസ് കാമറൂൺ വെള്ളിത്തിരയിലേക്ക് ആവാഹിച്ചപ്പോൾ പിറന്നത് ഒരു ഓസ്കർ ചിത്രം. 1997ൽ റിലീസ് ചെയ്ത 'ടൈറ്റാനിക്' എന്ന് പേരിട്ട ബ്ലോക്ബസ്റ്ററിൽ നായകരായി എത്തിയത് ലിയനാർഡോ ഡികാപ്രിയോയും കേറ്റ് വിൻസ് ലെറ്റും ആയിരുന്നു. നിരവധി ഓസ്കർ പുരസ്കാരങ്ങൾ ഈ ചിത്രം സ്വന്തമാക്കി. 

'ടൈറ്റാനിക്' വർഷങ്ങളായി നിരവധി പര്യവേക്ഷകരെയും ആകർഷിക്കുന്നു. അത്തരമൊരു പര്യവേക്ഷണ യാത്ര കഴിഞ്ഞ ജൂണിൽ ദുരന്തത്തിലാണ് അവസാനിച്ചത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ തേടിയുള്ള യാത്രയിൽ ടൈറ്റൻ അന്തർവാഹിനി പൊട്ടിത്തെറിച്ച് അതിലെ യാത്രക്കാരായ അഞ്ചുപേരും കൊല്ലപ്പെട്ടു.

കഴിഞ്ഞയിടെ സിഡ്നി ഒപേറ ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പാമർ തന്റെ പദ്ധതിയെക്കുറിച്ചു തുറന്നു പറഞ്ഞത്. എന്തുകൊണ്ട് ടൈറ്റാനിക് പോലെ വീണ്ടും ഒന്ന്  കൂടിയെന്ന ചോദ്യത്തിന് വീട്ടിലിരുന്ന് തന്റെ പണം എണ്ണുന്നതിനേക്കാൾ തനിക്ക് രസകരമായി തോന്നുന്നത് ടൈറ്റാനിക് ആണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഖനനത്തിലൂടെ സമ്പന്നനായി തീർന്ന വ്യക്തിയാണ് പാമർ. 2012ലാണ് അദ്ദേഹം ആദ്യമായി ടൈറ്റാനിക് II എന്ന പദ്ധതി പ്രഖ്യാപിച്ചത്. 2018ൽ വീണ്ടും പദ്ധതിയുമായി മുന്നോട്ട് പോയെങ്കിലും കോവിഡ് മഹാമാരിയെ തുടർന്ന് പദ്ധതികൾ മാറ്റിവയ്ക്കുകയായിരുന്നു.

ടൈറ്റാനിക് II എന്ന പാമറിന്റെ സ്വപ്നം

ഒരു ദശാബ്ദം മുമ്പായിരുന്നു ടൈറ്റാനിക് II എന്ന സ്വപ്നം പ്രഖ്യാപിച്ചു കൊണ്ട് പാമർ എത്തുന്നത്. ടൈറ്റാനിക്കിന്റെ കൂടുതൽ ഊർജ്ജസ്വലമായ ഒരു പതിപ്പ് നിർമിക്കുക എന്നതായിരുന്നു ലക്ഷ്യം. അത് ചെയ്യാൻ തക്കവിധം സമ്പന്നനും അസാധാരണ സ്വഭാവം ഉള്ളവനുമായിരുന്നു അദ്ദേഹം. എന്നാൽ മഹാമാരിയുടെ പിടിയിൽ ലോകം അമരുകയും തുറമുഖങ്ങൾ അടച്ചു പൂട്ടപ്പെടുകയും ചെയ്തപ്പോൾ കോടിക്കണക്കിനു ഡോളറിന്റെ പദ്ധതി തൽക്കാലത്തേക്കു നിർത്തിവയ്ക്കുകയായിരുന്നു. കോവിഡ് കാലം അവസാനിക്കുകയും ക്രൂയിസ് കപ്പലുകൾ സജീവമാകുകയും ചെയ്തതോടെ വീണ്ടും തന്റെ സ്വപ്നം സഫലമാക്കാനുള്ള തയ്യാറെടുപ്പുമായി എത്തിയിരിക്കുകയാണ് പാമർ ചെയർമാൻ ആയ ബ്ലൂ സ്റ്റാർ ലൈൻ കമ്പനി. അടുത്തിടെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഒരു ഇടവേളയ്ക്ക് ശേഷം ടൈറ്റാനിക് II എന്ന സ്വപ്നം സഫലമാക്കാനുള്ള യാത്ര ആരംഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.

പുതിയ ടൈറ്റാനിക് നിർമാണത്തിനായി ബ്ലൂ സ്റ്റാർ പ്രൊപ്പോസലുകൾ ക്ഷണിച്ചു തുടങ്ങിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ കപ്പൽ നിർമാതാവിനെ തീരുമാനിച്ചു 2025 ആദ്യ പകുതിയോടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനാണ് തീരുമാനം. യൂറോപ്പ് ആസ്ഥാനമായുള്ളവർ ലേലത്തിൽ വിജയിക്കുമെന്നാണ് പാമർ കരുതുന്നത്. റിലോഞ്ചിന്റെ സമയത്ത് എട്ടു മിനിറ്റുള്ള ഒരു വിഡിയോ അദ്ദേഹത്തിന്റെ ടീം പുറത്തുവിട്ടിരുന്നു. അതിൽ കപ്പലിന്റെ ലേ ഔട്ടും ഓരോ മുറിയും എങ്ങനെ കാണപ്പെടുന്നു എന്നും വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാർ 1900 ലെ വസ്ത്രങ്ങൾ ധരിച്ചെത്തുന്നതിനെയാണ് കമ്പനി പ്രോത്സാഹിപ്പിക്കുന്നത്. പക്ഷേ, ഇത് നിർബന്ധമല്ലെന്ന് കമ്പനിയുടെ വക്താവ് വ്യക്തമാക്കി.

കപ്പലിന് 269 മീറ്റർ നീളവും 32.2 മീറ്റർ വീതിയും ഉണ്ടായിരിക്കും. യഥാർത്ഥ കപ്പലിനേക്കാൾ അൽപം കൂടി വലുതായിരിക്കും. 2345 യാത്രക്കാരെ 835 കാബിനുകളുള്ള ഒമ്പത് ഡെക്കുകളിലായി ഉൾക്കൊള്ളും. ഇതിൽ പകുതിയോളം ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കായി നീക്കി വയ്ക്കും. തേർഡ് ക്ലാസ് യാത്രക്കാർക്കു യഥാർത്ഥ കപ്പലിൽ ഉണ്ടായിരുന്നതു പോലെ സ്റ്റൂവും മാഷും ആയിരിക്കും നൽകുക. മറ്റു ഭക്ഷണങ്ങളും ഇവർക്ക് ലഭ്യമായിരിക്കും.

ദുരന്തപര്യവസായിയായ അവസാനം മാറ്റി നിർത്തിയാൽ ടൈറ്റാനിക്കിനെ അതേപോലെ ആവർത്തിക്കാനാണ് പാമർ ആഗ്രഹിക്കുന്നത്. ഇത് ആളുകളെ കൂടുതൽ അടുപ്പിക്കുമെന്നും അദ്ദേഹം കരുതുന്നു. 'യുദ്ധം എങ്ങനെ ഉണ്ടാക്കണമെന്നു നമുക്കറിയാം. നമുക്ക് സേനകളുണ്ട്. യുദ്ധത്തിന് പണവും ലഭിക്കുന്നു. ആളുകൾക്ക് അതിനെക്കുറിച്ച് അറിയാം. പക്ഷേ, സമാധാനം ഉണ്ടാക്കുക എന്നു പറയുന്നതു കുറച്ച് ബുദ്ധിമുട്ടേറിയതാണ്. സമാധാനം സ്ഥാപിക്കാൻ നിങ്ങൾ എല്ലാ ദിവസവും അതിൽ ഉറച്ചു നിൽക്കണം.' വാർത്താസമ്മേളനത്തിൽ പാമർ പറഞ്ഞു. സമാധാനം കൊണ്ടുവരാൻ കഴിയുന്ന ഒന്നായിരിക്കും രണ്ടാം ടൈറ്റാനിക് എന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കുമിടയിലുള്ള സമാധാനത്തിന്റെ കപ്പലായിരിക്കും ടൈറ്റാനിക് II എന്നും അദ്ദേഹം വ്യക്തമാക്കി. ടൈറ്റാനിക്കിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ സ്വപ്നം സഫലമാക്കാനുള്ള കപ്പലായിരിക്കും അതെന്നും പാമർ പറഞ്ഞു.

English Summary:

A Voyage through Time: Clive Palmer's Titanic II Set to Embrace the Grandeur of the Original

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com