ഫിലഡൽഫിയായിലെത്തിയാൽ ഈ കാഴ്ചകൾ കാണാൻ മറക്കരുത്
Mail This Article
കുടുംബത്തോടൊപ്പം യാത്ര പോകുമ്പോള്‍ ഒരുപാടു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ ഏറ്റവും പ്രധാനം യാത്ര പോവുന്നവര്‍ക്കെല്ലാം ഒരു പോലെ യാത്ര ആസ്വദിക്കാനാവുന്ന സ്ഥലത്തേക്കാവണം പോകേണ്ടത് എന്നതാണ്. ഏതു പ്രായക്കാര്‍ക്കും ഏതു അഭിരുചിക്കാര്‍ക്കും ആസ്വദിക്കാനാവുന്ന നിരവധി അമൂല്യ അനുഭവങ്ങള്‍ ഒളിപ്പിച്ചു വച്ചിട്ടുള്ള നാടാണ് അമേരിക്കയിലെ ഫിലഡല്‍ഫിയ. മൂന്നു ദിവസത്തെ ഫാമിലി ട്രിപ്പിനായി ഫിലഡല്ഫിയയിലെത്തിയാല് എന്തൊക്കെ ആസ്വദിക്കാനാവുമെന്നു വിശദമായി നോക്കാം.
ഒന്നാം ദിനം
കുടുംബയാത്രകളില്‍ പ്രധാന വെല്ലുവിളികളിലൊന്നു കുട്ടികള്‍ക്കു കൂടി ആസ്വദിക്കാനാവുന്ന സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുകയെന്നതാണ്. ഇതിന് അനുയോജ്യമായ സ്ഥലമാണ് പടിഞ്ഞാറന്‍ ഫിലഡല്‍ഫിയയിലെ പ്ലീസ് ടച്ച് മ്യൂസിയം. ഇത് കുട്ടികള്‍ക്കു വേണ്ടിയുള്ളതാണെങ്കിലും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാന്‍ ഏറെയുണ്ട്. അമേരിക്കയിലെ തന്നെ പഴക്കമേറിയ മൃഗശാലകളിലൊന്നായ ഫിലഡല്‍ഫിയ മൃഗശാലയും സഞ്ചാരികളെ ആകര്‍ഷിക്കും. തലയ്ക്കു മുകളിലൂടെ കടുവയും ഗൊറില്ലയുമൊക്കെ പോവുന്നതു കാണാന്‍ സാധിക്കുന്ന സൂ360 അനുഭവം നല്കുന്ന മൃഗശാല കൂടിയാണിത്.
അമേരിക്കയിലെ തന്നെ മികച്ച ശാസ്ത്ര മ്യൂസിയങ്ങളിലൊന്നു ഫിലഡല്ഫിയയിലാണ്. ബെഞ്ചമിന്‍ ഫ്രാങ്ക്ളിന് ദേശീയ സ്മാരകം കൂടിയായ ഈ മ്യൂസിയം നിരവധി ശാസ്ത്ര ആശയങ്ങള്‍ വിശദീകരിച്ചു തരും. പ്ലാനെറ്റേറിയം, ഹൃദയത്തിനുള്ളിലൂടെ നടക്കാനുള്ള അവസരം, മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്ന ഭാഗങ്ങള്‍ എന്നിങ്ങനെ പലതും ഇവിടെയുണ്ട്. അമേരിക്കയിലെ ആദ്യ നാച്ചുറല്‍ സയന്‍സ് മ്യൂസിയമാണ് ഡ്രെക്സല്‍ സര്‍വകലാശാലയിലെ അക്കാദമി ഓഫ് സയന്‍സസ്. നാണയ നിര്‍മാണ ശാല സന്ദര്‍ശിക്കുകയും അപൂര്‍വ നാണയങ്ങള്‍ സ്വന്തമാക്കുകയും ചെയ്യാം. ചിത്രകല ഇഷ്ടപ്പെടുന്നവര്‍ക്കു മ്യൂറല്‍ ആര്‍ട്സ് ഫിലഡല്ഫിയയില് ചേരാം.
രണ്ടാം ദിനം
ആദ്യം തന്നെ അമേരിക്കയുടെ സമ്പന്നമായ സമുദ്രസംബന്ധമായ ചരിത്രം വിശദീകരിക്കുന്ന ഇന്‍ഡിപെന്‍ഡന്‍സ് സീപോര്‍ട്ട് മ്യൂസിയം കാണാന്‍ പോവാം. കൂട്ടത്തില്‍ തീരത്തു തന്നെ നങ്കൂരമിട്ട കപ്പല്‍ സന്ദര്‍ശിക്കാം. വേനല്‍ കാലത്താണെങ്കില്‍ പെഡല്‍ ബോട്ടിങിനോ ചെറു ബോട്ട് യാത്രയ്ക്കോ പോകാം. ഡെലാവേര്‍ നദി കടന്ന് അഡ്വെഞ്ചര്‍ അക്വേറിയത്തിലെത്തിയാല് 8,000ത്തിലേറെ സമുദ്ര ജീവികളെ കാണാനാവും. ഭക്ഷണം കഴിക്കാനായി സൊസൈറ്റി ഹില്ലില്‍ റസ്റ്ററന്റുകളും കഫേകളും ഐസ്ക്രീം പാര്‍ലറുകളും ധാരാളമുണ്ട്. ഓള്‍ഡ് സിറ്റിയിലേക്കുള്ള കാല്‍നടയാത്രയ്ക്കൊടുവില്‍ ബെസ്റ്റി റോസ് ഹൗസ് സന്ദര്‍ശിക്കാം. അമേരിക്കയിലെ ജൂതരുടെ ചരിത്രം അറിയാന്‍ വെയ്സ്മാന്‍ നാഷണല്‍ മ്യൂസിയം ഓഫ് അമേരിക്കന്‍ ജ്യൂവിഷ് ഹിസ്റ്ററിയിലേക്കു പോയാല്‍ മതി.
മൂന്നാം ദിനം
92 ഏക്കറില്‍ പരന്നു കിടക്കുന്ന പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ മോറിസ് അര്ബേറിയത്തില് കുട്ടികളെ ആകര്‍ഷിക്കുന്ന ആക്ടിവിറ്റികളും നിരവധിയുണ്ട്. നഗരമധ്യത്തില്‍ നിന്നും കാറിലോ ട്രെയിനിലോ എളുപ്പത്തിലെത്താനുമാവും. ഐറി മലയിലേയും ചെസ്റ്റ്നട്ട് മലയിലേയും ഇലപൊഴിഞ്ഞു കിടക്കുന്ന പാതകളിലൂയെടുള്ള യാത്രകള്‍ മറക്കാനാവില്ല. നിരവധി റസ്റ്ററന്റുകളും കഫേകളും ഇവിടെയുണ്ട്.
ഫിലഡല്‍ഫിയയിലെ ആഫ്രിക്കന്‍ അമേരിക്കന്‍ മ്യൂസിയം ഇത്തരത്തിലുള്ള അമേരിക്കയിലെ ആദ്യ മ്യൂസിയമാണ്. ഫ്രാങ്ക്ളിന് സ്ക്വയറിനോടു ചേര്‍ന്നുള്ള ഈ മ്യൂസിയത്തിനടുത്തു നിരവധി കളിസ്ഥലങ്ങളുമുണ്ട്. ലൈറ്റ് ഷോ നടത്തുന്ന രണ്ടു നൂറ്റാണ്ടു പഴക്കമുള്ള ജലധാരയും ഇവിടെ തന്നെ. സൗത്ത് ഫിലഡല്ഫിയയാണ് കായിക പരിപാടികള്‍ക്കു പേരുകേട്ടത്. ഇവിടെ ഫില്ലീസ്, ഫ്ളയേഴ്സ്, സിക്സേഴ്സ്, ഈഗിള്‍സ് എന്നിങ്ങനെ ഫിലഡല്‍ഫിയയിലെ പ്രസിദ്ധമായ ഭാഗ്യ ചിഹ്നങ്ങളേയും കാണാനാവും. ഭക്ഷണം കഴിക്കാന്‍ ക്രാഫ്റ്റ് ഹാള്‍ തിരഞ്ഞെടുക്കാം. ആഡംബര ബാറും ബിബിക്യു വിഭവങ്ങള്‍ക്കു പേരുകേട്ട റസ്റ്ററന്റും ഇവിടെയുണ്ട്.