കാടിന്റെ വന്യത ആസ്വദിച്ചുള്ള യാത്ര; ചിത്രങ്ങളുമായി അന്ന രാജൻ
Mail This Article
അങ്കമാലി ഡയറീസിലെ ലിച്ചിയെന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് അന്ന രേഷ്മ രാജൻ. സിനിമയ്ക്കപ്പുറം യാത്രകളും ഏറെ ഇഷ്ടപ്പെടുന്ന താരമിപ്പോൾ ശ്രീലങ്കയുടെ മനോഹാരിതയും കാടിന്റെ വന്യതയും വൈവിധ്യമാർന്ന ജന്തുജാലങ്ങളുടെ കാഴ്ചകളുമെല്ലാം ആസ്വദിക്കുന്ന തിരക്കിലാണ്. ശ്രീലങ്കയിൽ നിന്നുമുള്ള യാത്രാചിത്രങ്ങൾ അന്ന രാജൻ സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ആരാധകരുമായി പങ്കുവച്ചു.
ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക, കുറഞ്ഞ ചെലവിൽ സന്ദർശിക്കാൻ കഴിയുന്ന ഒരു രാജ്യമാണ്. ആൾത്തിരക്ക് അധികം അനുഭവപ്പെടാത്ത ബീച്ചുകളും പച്ചയുടെ സൗന്ദര്യത്താൽ മനം മയക്കുന്ന തേയില തോട്ടങ്ങളും ആനകളും പുലികളും സിംഹങ്ങളുമൊക്കെയുള്ള വനങ്ങളും നിറഞ്ഞ സൗഹൃദത്തോടെ പെരുമാറുന്ന നാട്ടുകാരും രുചി നിറഞ്ഞ വിഭവങ്ങളും എന്നുവേണ്ട ആകർഷകമായ നിരവധി കാഴ്ചകൾ കൊണ്ടാണ് ശ്രീലങ്ക സന്ദർശകരെ സ്വീകരിക്കുന്നത്.
പഞ്ചാര മണലും വൃത്തിയുള്ള കടൽത്തീരങ്ങളുമാണ് ശ്രീലങ്കൻ ബീച്ചുകളുടെ മുഖമുദ്ര. നാലുപുറവും സമുദ്രത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതു കൊണ്ടുതന്നെ കടലിന്റെ നീലിമ കൺനിറച്ചു കാണുവാൻ കഴിയും. ഉയരമേറിയ മലകളും ഹിൽ സ്റ്റേഷനുകളുമൊക്കെ ആ നാടിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്ന കാഴ്ചകളാണ്. കോളനി വാഴ്ചയുടെ സ്മാരകങ്ങൾ എന്നോണം തലയുയർത്തി നിൽക്കുന്ന വലിയ കെട്ടിടങ്ങളും യുനെസ്കോയുടെ പട്ടികയിൽ സ്ഥാനമുള്ള കോട്ടയുമൊക്കെയാണ് ശ്രീലങ്കയിലെ പ്രശസ്തമായ ഗല്ലെ നഗരത്തിലെ പ്രധാന കാഴ്ച.
ശ്രീലങ്കയിലെ അതിപ്രശസ്‌തമായതും ധാരാളം സഞ്ചാരികൾ എത്തുന്നതുമായ ബീച്ചുകളാണ് മിറിസ, ടാൻഗല്ലെ, നെഗോമ്പോ തുടങ്ങിയവ. ഇതിൽ മിറിസ ഒരു തീരദേശ പട്ടണമാണ്. ധാരാളം ഭക്ഷണശാലകളും ബീച്ചിന്റെ സൗന്ദര്യവുമൊക്കെ ഇവിടെയെത്തിയാൽ ആസ്വദിക്കാവുന്നതാണ്. ഏതു നാട്ടിൽ ചെന്നാലും ചോറ് ഉണ്ണണം എന്നാഗ്രഹിക്കുന്നവർക്കു മിറിസ മികച്ച ഒരിടമായിരിക്കും. ചോറും വിവിധ തരത്തിലുള്ള മൽസ്യ വിഭവങ്ങളും ലഭിക്കുന്ന നിരവധി റസ്റ്ററന്റുകളും ഇവിടെയുണ്ട്. കുറഞ്ഞ ചെലവിൽ താമസിക്കാൻ കഴിയുന്ന ഹോട്ടലുകളും ഇവിടെ അനേകമുണ്ട്. അധികം ആൾത്തിരക്ക് അനുഭവപ്പെടാത്തതും എന്നാൽ അതിമനോഹരമെന്നു വിശേഷിപ്പിക്കാൻ കഴിയുന്നതുമായ ബീച്ചാണ് ടാൻഗല്ലെ. ശാന്തമായി അല്പസമയം ചെലവിടണമെന്നുള്ളവർക്കു ഈ ബീച്ചിലെ കാറ്റേറ്റു തിരകളെണ്ണി സമയം ചെലവഴിക്കാം. ധാരാളം സന്ദർശകരെത്തുന്ന, മറ്റു ബീച്ചുകളെ അപേക്ഷിച്ചു തിരക്ക് അനുഭവപ്പെടുന്ന നെഗോമ്പോ, വിനോദസഞ്ചാരികളുടെ പ്രിയയിടമാണ്.
ബീച്ചുകൾ ധാരാളമുണ്ടെങ്കിലും ശ്രീലങ്കയുടെ യഥാർത്ഥ സൗന്ദര്യം ഒളിഞ്ഞിരിക്കുന്നതു മലനിരകളിലും നിബിഡ വനങ്ങളിലും മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന താഴ്വരകളിലും പച്ചയുടെ മേലങ്കിയണിഞ്ഞ തേയില തോട്ടങ്ങളിലുമാണ്. അത്തരം കാഴ്ചകളുമായി സന്ദർശകരെ ആകർഷിക്കുന്ന നഗരമാണ് എല്ലേ. ഇവിടുത്തെ പ്രധാന കാഴ്ചകളിലൊന്നാണ് ലിറ്റിൽ ആദംസ് കൊടുമുടി. ഹൈക്കിങ് പ്രിയർക്ക് ഇവിടമേറെ ഇഷ്ടപ്പെടും. മുകളിലെത്തുമ്പോൾ ക്ഷീണം തീർക്കാനായി ഒരു ചെറുവെള്ളച്ചാട്ടവും ഇവിടെയുണ്ട്.
ശ്രീലങ്കയുടെ സാംസ്‌കാരിക തലസ്ഥാനമായ ക്യാൻഡി രാജ്യത്തെ മറ്റു നഗരങ്ങളെ അപേക്ഷിച്ചു തിരക്കു കൂടുതലുള്ളയിടമാണ്. ക്യാൻഡിയിലെ പ്രധാന ആകർഷണം ഇവിടുത്തെ സസ്യോദ്യാനമാണ്. വൈവിധ്യമാർന്ന ധാരാളം മരങ്ങളും ചെറു സസ്യങ്ങളും കൂടെ മരച്ചില്ലകളിൽ കളിക്കുന്ന കുരങ്ങന്മാരുമൊക്കെ ഇവിടെയെത്തുന്ന സഞ്ചാരികൾക്കു കൗതുക കാഴ്ചയൊരുക്കും. ശ്രീലങ്കയിലെ മറ്റുസ്ഥലങ്ങളെ അപേക്ഷിച്ചു ഇവിടെ ഭക്ഷണത്തിനും താമസത്തിനുമൊക്കെ അല്പം ചെലവു കൂടുതലാണ്.
ശ്രീലങ്കയിലെ പ്രധാന കോട്ടകളിൽ ഒന്ന് സ്ഥിതി ചെയ്യുന്നത് സിഗിരിയ എന്ന സ്ഥലത്താണ്. അതിരാവിലെ ഇവിടം സന്ദർശിക്കുന്നതാണ് ഉത്തമം. പ്രകൃതിയുടെ സൗന്ദര്യവും മറ്റു കാഴ്ചകളുമൊക്കെ നന്നായി ആസ്വദിക്കാൻ കഴിയുക ഈ സമയത്താണ്. കോട്ടയ്ക്കു മുകളിലേക്കുള്ള യാത്രയിൽ ധാരാളം കുരങ്ങന്മാരെ കാണുവാൻ കഴിയും. ഭാഗ്യമുണ്ടെങ്കിൽ ആനകളെയും കാണാം.
ദാംബുല്ലയിലെത്തിയാൽ ഗുഹാക്ഷേത്രവും സ്വർണനിറത്തിലുള്ള ബുദ്ധനും കാണേണ്ട കാഴ്ചയാണ്. നിരവധി ഭക്തർ ക്ഷേത്ര ദർശനത്തിനു എത്തുന്നതുകൊണ്ടുതന്നെ ഇവിടെ എപ്പോഴും നല്ല തിരക്കനുഭവപ്പെടാറുണ്ട്. ഒരു നിശ്ചിത തുക നൽകിയാൽ മാത്രമേ ഇവിടേക്കു പ്രവേശനം ലഭിക്കുകയുള്ളു. കവാടത്തിൽ നിന്നും പതിനഞ്ചു മിനിറ്റോളം നടന്നാൽ ഗുഹാക്ഷേത്രത്തിലെ കാഴ്ചകൾ കാണാം. അകത്തുള്ള ബുദ്ധന്റെ സുവർണരൂപവും അകവശത്തെ കാഴ്ചകളും ആരെയും ആകര്‍ഷിക്കത്തക്കതാണ്.