ഇന്ത്യൻ യാത്രികർ അറിഞ്ഞിരിക്കണം അടുത്തിടെ ഉണ്ടായിരിക്കുന്ന വീസാ മാറ്റങ്ങൾ
Mail This Article
വേനലവധിക്കാലം അവസാനിക്കാൻ ഇനി രണ്ടാഴ്ചകൾ മാത്രം. ചിലർ അവധിക്കാലത്ത് ആഘോഷമായി നിരവധി യാത്രകൾ നടത്തിക്കഴിഞ്ഞു. മറ്റു ചിലരാകട്ടെ അവധി തീരുന്നതിന് മുമ്പ് ബാക്കിവച്ച യാത്രകൾ തീർക്കാനുള്ള നെട്ടോട്ടത്തിലുമാണ്. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടു കഴിഞ്ഞാൽ തൊട്ടടുത്ത സംസ്ഥാനങ്ങളിലേക്കാണ് അടുത്ത അവധിക്കാല യാത്രകൾ. എന്നാൽ, വിദേശരാജ്യങ്ങളിൽ അവധിക്കാലം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരും ഉണ്ട്. അത്തരക്കാർക്ക് രാജ്യാന്തര യാത്രകൾ സുഗമമാക്കുന്ന നിരവധി കാര്യങ്ങളാണ് വീസനയത്തിൽ വന്നിട്ടുള്ളത്. ചില രാജ്യങ്ങളൊക്കെ ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് വീസ ഫ്രീ എൻട്രി പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രധാനപ്പെട്ട, ചില വീസ സംബന്ധമായ, ഏറ്റവും പുതിയ കാര്യങ്ങൾ പരിശോധിക്കാം.
ശ്രീലങ്കയിൽ വീസ ഇല്ലാതെ പ്രവേശിക്കാവുന്നതിന്റെ കാലാവധി നീട്ടി
ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്കുള്ള വീസ ഇളവുകൾ നീട്ടി ശ്രീലങ്ക. 2024 മേയ് 31 വരെ ശ്രീലങ്കയിലേക്ക് എത്തുന്ന ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് വീസ ഇല്ലാതെ തന്നെ പ്രവേശനം സാധ്യമാണ്. വീസ ഫീസിനെക്കുറിച്ച് ടെൻഷൻ അടിക്കാതെ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് ശ്രീലങ്കയുടെ സൗന്ദര്യം മുപ്പത് ദിവസത്തോളം ആസ്വദിക്കാവുന്നതാണ്. വീസ ആവശ്യമില്ലെങ്കിലും യാത്ര തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഇ-വീസയ്ക്ക് അപേക്ഷിക്കേണ്ടതാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആയിരുന്നു ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് വീസാരഹിത പ്രവേശനം ശ്രീലങ്ക അനുവദിച്ചു തുടങ്ങിയത്. ശ്രീലങ്കയുടെ വിനോദസഞ്ചാര മേഖല പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായിട്ട് ആയിരുന്നു ഇത്. അതേസമയം, സഞ്ചാരികൾ യാത്ര തുടങ്ങുന്നതിനു മുമ്പ് ഓൺലൈൻ ആയി ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തിരം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഈ വീസ ഉപയോഗിച്ച് 30 ദിവസം രാജ്യത്ത് തുടരാവുന്നതാണ്.
വീസ ഇല്ലാതെയുള്ള പ്രവേശനം നീട്ടി തായ്ലൻഡ്
ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് കൂടുതൽ ആവേശം നൽകുന്ന വാർത്തകളാണ് തായ്ലൻഡിൽ നിന്ന് എത്തുന്നത്. തായ്ലൻഡിലേക്ക് ഇന്ത്യൻ സഞ്ചാരികൾക്കുള്ള വീസാരഹിത പ്രവേശനം 2024 മേയ് 10 വരെയായിരുന്നു. എന്നാൽ, തായ്ലൻഡിലെ ടൂറിസം അതോറിറ്റി അത് കുറച്ചു നാളത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് 2024 നവംബർ 10 വരെ വീസ ഇല്ലാതെ തായ്ലൻഡ് സന്ദർശിക്കാം. ഈ കാലയളവിൽ തായ്ലൻഡിൽ എത്തുന്നവർക്ക് വീസ ഇല്ലാതെ 30 ദിവസം വരെ രാജ്യത്ത് ചുറ്റിക്കറങ്ങാവുന്നതാണ്.
ഒരുതവണയിൽ കൂടുതൽ പ്രവേശനം അനുവദിക്കുന്ന ഷെങ്കൻ വീസ
യൂറോപ്യൻ രാജ്യങ്ങൾ പതിവായി സന്ദർശിക്കുന്നവർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. പുതുതായി പ്രഖ്യാപിച്ച ഷെൻഗൻ വീസ മാനദണ്ഡങ്ങൾ അനുസരിച്ച് ഇത് ഉപയോഗിച്ച് ഒന്നിലേറെ തവണ യാത്ര ചെയ്യാൻ കഴിയും. കഴിഞ്ഞ മൂന്നു വർഷത്തിനിടെ രണ്ടു ഷെൻഗൻ വീസകൾ നേടുകയും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് രണ്ടു വർഷം ദൈർഘ്യമുള്ള മൾട്ടി എൻട്രി ഷെൻഗൻ വീസ നേടാം. പാസ്പോർട്ടിന് സാധുത ഉണ്ടെങ്കിൽ തുടർന്ന് അഞ്ചു വർഷം ദൈർഘ്യമുള്ള മൾട്ടി എൻട്രി വീസ നേടാനും അർഹതയുണ്ട്. ഈ വീസകളുടെ സാധുത ഉള്ളിടത്തോളം കാലം ഇന്ത്യയിൽ നിന്നുള്ള വ്യക്തികൾക്ക് അധിക വീസകൾ ആവശ്യമില്ലാതെ ഒന്നിലധികം തവണ ഷെൻഗൻ രാജ്യങ്ങളിൽ പ്രവേശിക്കാവുന്നതാണ്. ഇതുവരെ ഹ്രസ്വ കാലത്തേക്ക് മാത്രമായിരുന്നു ഷെൻഗൻ വീസ അനുവദിച്ചിരുന്നത്. നിലവിൽ ഷെൻഗൻ വീസ ഉപയോഗിച്ച് യൂറോപ്യൻ യൂണിയനിലെ 25 രാജ്യങ്ങൾ ഉൾപ്പെടെ 29 രാജ്യങ്ങളിലേക്കു യാത്ര ചെയ്യാൻ കഴിയും. ഈ വീസ കൈവശമുണ്ടെങ്കിൽ ഓരോ രാജ്യങ്ങൾക്കും പ്രത്യേകം വീസ ആവശ്യമില്ല. അതുകൊണ്ട് തന്നെ യൂറോപ്പ് കാണാൻ കൊതിക്കുന്നവർക്ക്, ഒരൊറ്റ വീസ ഉപയോഗിച്ച് എല്ലാ ഷെൻഗൻ ഏരിയ രാജ്യങ്ങളും സഞ്ചരിക്കാൻ കഴിയും.
ഇ-വീസയുമായി ജപ്പാൻ
രാജ്യം സന്ദർശിക്കാൻ എത്തുന്ന ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് ഇ–വീസ സംവിധാനം ഏർപ്പെടുത്തി ജപ്പാൻ. വിഎഫ് എസ് ഗ്ലോബൽ കൈകാര്യം ചെയ്യുന്ന ആപ്ലിക്കേഷൻ പ്ലാറ്റ്ഫോം വഴിയാണ് ഹ്രസ്വകാലത്തേക്കുള്ള ഇ-വീസയ്ക്ക് അപേക്ഷിക്കേണ്ടത്. യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഇന്ത്യൻ പൗരൻമാർക്കും ഇന്ത്യയിൽ താമസിക്കുന്ന വിദേശ പൗരൻമാർക്കും ഏപ്രിൽ മുതൽ ഇത്തരത്തിൽ ഇ-വീസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. പുതിയ അപ്ഡേറ്റ് വന്നതോടെ പാസ്പോർട്ടിൽ സ്റ്റിക്കറായി വീസ ഒട്ടിക്കില്ല. പകരം, അത് ഡിജിറ്റലായി തന്നെ ഇഷ്യൂ ചെയ്യുന്നതാണ്. ഇത് ഉപയോഗിച്ച് ഒരു തവണ മാത്രമാണ് പ്രവേശനം അനുവദിക്കുക. 90 ദിവസം വരെ രാജ്യത്ത് ചെലവഴിക്കാവുന്നതാണ്.
അഞ്ചു വർഷത്തേക്ക് ഒരു വീസയുമായി ദുബായ്
ഫെബ്രുവരിയിലാണ് ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്കായി പുതിയ വീസാ നയവുമായി ദുബായ് രംഗത്തെത്തിയത്. ഇത് അനുസരിച്ച് അഞ്ചു വർഷത്തേക്ക് നിരവധി തവണ ഈ വീസ ദുബായിലേക്ക് പ്രവേശനം അനുവദിക്കുന്നു. ഓരോ തവണ എത്തുമ്പോഴും 90 ദിവസം വരെ താമസിക്കാം. ഇത് സമാനമായ കാലയളവിലേക്ക് ഒരു തവണ നീട്ടാം. മൊത്തം താമസം ഒരു വർഷത്തിൽ 180 ദിവസത്തിൽ കൂടരുത്. വിനോദസഞ്ചാരത്തിനും വ്യവസായ ആവശ്യങ്ങൾക്കുമായി നിരന്തരം ദുബായി സന്ദർശിക്കേണ്ടി വരുന്നവർക്ക് ഇത് ഗുണകരമാകും.