നാഥുല പാസിലേക്കുള്ള ‘ടാക്‌സി കൊള്ള’ ഇനിയില്ല, ഇടപെട്ടു സിക്കിം സര്‍ക്കാര്‍
Mail This Article
സഞ്ചാരികള്‍ക്ക് ആശ്വാസം നൽകുന്ന ഇടപെടലുമായി സിക്കിം സർക്കാർ. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ് സിക്കിം. എന്നാല്‍ പ്രകൃതിഭംഗികൊണ്ടു മുന്നിലാണ് ഈ കുഞ്ഞന്‍ സംസ്ഥാനം. സവിശേഷമായ ഭൂപ്രകൃതിയാൽ സമ്പന്നമായ ഈ സംസ്ഥാനത്താണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ സ്ഥിതി ചെയ്യുന്നത്. നേപ്പാൾ, ഭൂട്ടാൻ, ചൈന അതിർത്തി പങ്കിടുന്ന ഈ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ നേപ്പാളിയാണ്. സിക്കിമിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് ഇന്ത്യ-ചൈന അതിര്‍ത്തിയായ നാഥുല പാസ്. തലസ്ഥാനമായ ഗാങ്‌ടോക്കില്‍ നിന്നു 53 കിലോമീറ്റര്‍ കിഴക്കാണ് നാഥുല പാസ് സ്ഥിതിചെയ്യുന്നത്. ഇപ്പോഴിതാ ഗാങ്‌ടോക്കില്‍ നിന്ന് നാഥുലയിലേക്ക് ടാക്‌സി നിരക്കുകള്‍ ഔദ്യേഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് സിക്കിം സര്‍ക്കാര്‍. ടാക്‌സി ജീവനക്കാര്‍ വിനോദസഞ്ചാരികളില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്നതായുള്ള പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ ഇടപെടല്‍.
പെര്‍മിറ്റുകളുടെ എണ്ണം 800
നാഥുലയില്‍ നിന്ന് ഗാങ്‌ടോക്കിലേക്കുള്ള റൗണ്ട് ട്രിപ്പുകള്‍ക്ക് പെര്‍മിറ്റ് ചാര്‍ജ് ഉള്‍പ്പെടെയുള്ള നിരക്കുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലക്ഷ്വറി ടാക്‌സികള്‍ക്ക് 7000 രൂപയും സാധാരണ ടാക്‌സികള്‍ക്ക് 6500 രൂപയുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരക്കുകള്‍. ഏതെങ്കിലും ടാക്‌സിക്കാര്‍ അമിത നിരക്ക് ഈടാക്കിയാല്‍ ടൂറിസം വകുപ്പിന്റെ ടോള്‍ഫ്രീ നമ്പറുകളിലോ പൊലീസ് എയ്ഡ് പോസ്റ്റുകളിലോ അറിയിക്കാനും നിര്‍ദേശമുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും ഈ റൂട്ടില്‍ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ജൂണ്‍ 30 മുതല്‍ നാഥുലയിലേക്ക് അനുവദിക്കുന്ന പെര്‍മിറ്റുകളുടെ എണ്ണം 800 ആയി പരിമിതപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. നാഥുല സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികളില്‍ നിന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അമിതമായ ടാക്‌സി നിരക്കും പെര്‍മിറ്റ് ഫീസും ഈടാക്കുന്നതായി വലിയ പരാതികള്‍ ഉയര്‍ന്നിരുന്നു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനമായത്. ഈ വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. സമുദ്രനിരപ്പില്‍നിന്ന് 4370 മീറ്റര്‍ ഉയരത്തിലാണ് നാഥുല പാസ് സ്ഥിതി ചെയ്യുന്നത്. ഹിമാലയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചുരങ്ങളിലൊന്നാണിത്. സില്‍ക്ക് റൂട്ട് എന്നറിയപ്പെടുന്ന ദീര്‍ഘസഞ്ചാര പാതയുടെ ഭാഗമായിരുന്നു ഈ ചുരം. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തെ തുടര്‍ന്നാണ് ഇതുവഴിയുള്ള സഞ്ചാരം നിലച്ചത്. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡുകളിലൊന്ന് കൂടിയാണിത്. മൈനസ് 25 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയെത്താറുള്ള ഇവിടേക്കുള്ള യാത്ര ബദ്ധിമുട്ടേറിയതാണ്. ടൂറിസം സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്ന പെര്‍മിറ്റ് ഉള്ളവരെ മാത്രമേ ഇവിടെ പ്രവേശിപ്പിക്കാറുള്ളൂ.