മഴക്കാല യാത്രകൾ; സാധാരണ യാത്രകളേക്കാൾ മുന്‍ കരുതലുകൾ വേണം
Mail This Article
കാലവര്‍ഷം ഇങ്ങെത്തിയതോടെ മഴ ആസ്വദിച്ചുകൊണ്ടുള്ള യാത്രകള്‍ക്കുള്ള അവസരം കൂടിയാണ് സഞ്ചാരികള്‍ക്കു മുന്നിലേക്കെത്തിയിരിക്കുന്നത്. എങ്കിലും പലതരത്തിലുള്ള അപകട സാധ്യതകളും മുന്നറിയിപ്പുകളും കൂടുതലുള്ള കാലം കൂടിയാണ് മണ്‍സൂണ്‍. സാധാരണ യാത്രകളേക്കാളും മുന്‍ കരുതലുകളും തയാറെടുപ്പുകളും ആവശ്യമാണ് മഴക്കാല യാത്രകള്‍ക്ക്. സവിശേഷ അനുഭവം സമ്മാനിക്കുന്ന മഴക്കാല യാത്രകള്‍ക്ക് എങ്ങനെ ഒരുങ്ങാമെന്നു നോക്കാം.
എവിടെ പോവും?
മഴക്കാലത്തു നിരവധി ഘടകങ്ങള്‍ കൂടി കണക്കിലെടുത്തുവേണം ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കാന്‍. പല പ്രിയപ്പെട്ട സ്ഥലങ്ങളും ഒഴിവാക്കേണ്ടി വരും. പല വിനോദ സഞ്ചാരകേന്ദ്രങ്ങളും മഴക്കാലമാവുന്നതോടെ അടച്ചിടും. ഇക്കാര്യം കൂടി മനസ്സില്‍ കണ്ടു വേണം യാത്രകള്‍ക്കായി തയാറെടുക്കാന്‍. ഹിമാലയത്തോടു ചേര്‍ന്നുള്ള പ്രദേശങ്ങളും പശ്ചിമഘട്ടം അടക്കമുള്ള മലകളും മഴക്കാലത്തു കൂടുതല്‍ അപകടസാധ്യതയുള്ള പ്രദേശങ്ങളാവും. അതുകൊണ്ട് ഇത്തരം ഹില്‍സ്റ്റേഷനുകളെ ഒഴിവാക്കുന്നതാണു നല്ലത്. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിങ്ങനെ നിരവധി പേരുടെ ബക്കറ്റ് ലിസ്റ്റിലുള്ള പ്രദേശങ്ങള്‍ മഴക്കാലത്തു സന്ദര്‍ശിക്കാന്‍ അനുയോജ്യമല്ല.
ചാര്‍ഥാം യാത്ര പോലുള്ളവ ചില സഞ്ചാരികള്‍ മണ്‍സൂണ്‍ കാലത്തും തുടരാറുണ്ട്. പക്ഷേ മഴക്കാലം യാത്രയ്ക്കായി തിരഞ്ഞെടുക്കുമ്പോള്‍ അതിന്റെ ഭാഗമായി വരുന്ന ബുദ്ധിമുട്ടുകള്‍ കൂടി അധികമായി അനുഭവിക്കേണ്ടി വരുമെന്നു മാത്രം. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളും വെള്ളച്ചാട്ടങ്ങളും കാട്ടിലെ ട്രെക്കിങ്ങുമെല്ലാം മഴക്കാലത്തു സുരക്ഷാ കാരണങ്ങളാല്‍ അടച്ചിടാറുണ്ട്. ഇത്തരം സ്ഥലങ്ങളിലേക്കാണു യാത്ര ചെയ്യാന്‍ ശ്രമിക്കുന്നതെങ്കില്‍ നേരത്തെ തന്നെ അവിടം സഞ്ചാരികള്‍ക്കായി തുറന്നിട്ടുണ്ടോ എന്നു പരിശോധിക്കണം.
കാലാവസ്ഥാ മുന്നറിയിപ്പ്
സാധാരണ ദിവസങ്ങളില്‍ അത്ര ശ്രദ്ധിക്കാത്ത വാര്‍ത്തകളായിരിക്കും കാലാവസ്ഥയുമായി ബന്ധപ്പെട്ടതെങ്കില്‍ മഴക്കാലത്തെ കാലാവസ്ഥാ മുന്നറിയിപ്പിനു വളരെയധികം പ്രാധാന്യമുണ്ട്. വലിയ അപകടങ്ങളില്‍ നിന്നും സുരക്ഷിതമായിരിക്കാന്‍ ഇത്തരം മുന്നറിയിപ്പുകള്‍ നമ്മളെ സഹായിക്കും. വിരല്‍തുമ്പില്‍ എല്ലാ വിവരങ്ങളും ലഭ്യമായ ഇന്റര്‍നെറ്റ് കാലത്തു നമുക്ക് ആവശ്യമായ വിവരങ്ങള്‍ ഒന്നോ രണ്ടോ സെര്‍ച്ചില്‍ തന്നെ മുന്നില്‍ തെളിയുകയും ചെയ്യും.
കാലാവസ്ഥാ അറിയിപ്പുകള്‍ക്കു പ്രാധാന്യമുള്ളപ്പോഴും ആര്‍ക്കും പൂര്‍ണമായും പ്രവചിക്കാനാവാത്തതാണ് കാലാവസ്ഥയെന്ന കാര്യവും മറക്കരുത്. പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ കാലാവസ്ഥയെക്കുറിച്ച് ഒരാഴ്ച മുൻപ് എങ്കിലും വിവരങ്ങള്‍ ശേഖരിക്കുന്നതു നല്ലതാണ്. ഏതു സമയത്താണു കൂടുതല്‍ മഴ ലഭിക്കുന്നത്? എപ്പോള്‍ യാത്ര ചെയ്യുന്നതാണ് സുരക്ഷിതം? എന്നിങ്ങനെയുള്ള പല ചോദ്യങ്ങള്‍ക്കും ഇത്തരം തിരച്ചിലുകള്‍ ഉത്തരം നല്‍കും. ഈ ഉത്തരങ്ങള്ക്കനുസരിച്ചു വേണം യാത്രകള്‍ തീരുമാനിക്കാന്‍.
ഭക്ഷണവും പാനീയങ്ങളും
ഏതു യാത്രയിലും വളരെ ശ്രദ്ധയോടെ വേണം ഭക്ഷണ പാനീയങ്ങള്‍ തിരഞ്ഞെടുക്കാന്‍. മഴക്കാല യാത്രകളില്‍ ഈ ശ്രദ്ധ കൂടുതല്‍ വേണമെന്നു മാത്രം. വെള്ളത്തിലൂടെ പകരുന്ന രോഗങ്ങള്‍ കൂടുതലാണെന്നതാണ് ഇതിനു പിന്നില്‍. ലഭ്യമാണെങ്കില്‍ കുടിക്കുന്ന വെള്ളത്തില്‍ ക്ലോറിന്‍ തുള്ളികളോ ടാബ്ലെറ്റുകളോ ഇടാവുന്നതാണ്. ഇത്തരം ശീലങ്ങള്‍ മഴക്കാലത്തു മാത്രമല്ല മറ്റു യാത്രാ സമയങ്ങളിലും പിന്തുടരാവുന്നതാണ്.
പുതിയ ഭക്ഷണ പരീക്ഷണങ്ങള്‍ക്കു ശ്രമിക്കാതിരിക്കുന്നതാണു നല്ലത്. പരിചിതമായ കൂടുതല്‍ ആള്‍തിരക്കുള്ള ഭക്ഷണ ശാലകള്‍ തിരഞ്ഞെടുക്കുക. കുടിവെള്ളത്തിനായി ഒരു കുപ്പി കൈവശം വയ്ക്കുന്നതും നല്ലതാണ്. നിങ്ങളുടെ പ്ലാസ്റ്റിക്ക് ഫൂട്ട്പ്രിന്റ് കുറയ്ക്കാനും ഇതുവഴി സാധിക്കും. ഡ്രൈഫ്രൂട്സ് വിശപ്പ് മാറ്റാനായി ഉപയോഗിക്കാം. വൃത്തിയുള്ള ഭക്ഷണശാലകളില്‍ നിന്നും ലഘുവായ രീതിയില്‍ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. കടല്‍ വിഭവങ്ങളും ബിരിയാണിയും കുഴിമന്തിയും പോലെയുള്ള ഹെവി വിഭവങ്ങളും ഒഴിവാക്കണം. പ്രത്യേകിച്ച് മയോണൈസ് പോലെ പെട്ടെന്ന് അണുബാധ വരാന്‍ സാധ്യതയുള്ള ഭക്ഷണ വിഭവങ്ങള്‍ ഒഴിവാക്കണം.
പാക്കിങ്
കാലാവസ്ഥാ മുന്നറിയിപ്പ് മനസ്സിലാക്കി വേണം ആവശ്യമുള്ള സാധനങ്ങള്‍ പായ്ക്കു ചെയ്യാന്‍. മഴക്കാലത്ത് മഴയ്ക്കു സാധ്യതയില്ലെന്നു കാലാവസ്ഥാ മുന്നറിയിപ്പുണ്ടെങ്കില്‍ പോലും കുടയും തൊപ്പിയും കോട്ടുമെല്ലാം കൈവശം വയ്ക്കണം. നല്ല ഗ്രിപ്പുള്ള ഷൂവോ ചെരിപ്പോ ധരിക്കണം. മഴയും നനവും വഴികള്‍ കൂടുതല്‍ വഴുക്കലുള്ളതാക്കി മാറ്റാം. പെട്ടെന്ന് ഉണങ്ങിക്കിട്ടുന്ന വസ്ത്രങ്ങള്‍ ധരിച്ചു വേണം പോകാന്‍. അഥവാ മഴ നനഞ്ഞാലും വേഗം ഉണക്കിയെടുക്കാന്‍ ഇത് സഹായിക്കും.