ADVERTISEMENT

നമുക്ക് ആവശ്യമുള്ളപ്പോഴെല്ലാം വഴി കണിച്ചുതരുന്ന ചങ്കാണ് ഗൂഗിൾ മാപ്പ്. എന്തെല്ലാം ആവശ്യങ്ങളാണ് ഗൂഗിൾ മാപ്പ് വഴി നടക്കുന്നത്. മഴയത്തോ വെയിലത്തോ എപ്പോൾ വണ്ടിയിൽ പോയാലും വണ്ടി നിർത്തുകയോ സ്ഥലമന്വേഷിക്കുകയോ ചെയ്യാതെ ലക്ഷ്യസ്ഥാനത്തെത്താം. അധികം വായിട്ടലച്ച് കൺഫ്യൂഷനാക്കാതെ വീട്ടിലേക്കു വരുന്നവർക്ക് കൃത്യമായി ലൊക്കേഷൻ ഷെയർ ചെയ്തു നൽകാം. പോകുന്ന വഴിക്കു സമീപം റെസ്റ്ററന്റുണ്ടോ പെട്രോൾ പമ്പുണ്ടോ ...തുടങ്ങിയ കാര്യങ്ങളെല്ലാം നൊടിയിടെ അറിയാം.

എന്നാൽ അടുത്തിടെയായി ‘മാപ്പ്’ അർഹിക്കാത്ത തെറ്റുകളാണ് ഗൂഗിൾ മാപ്പിന്റെ പേരിൽ സംഭവിക്കുന്നത്. ഇവയിൽ ചിലതൊക്കെ അൽപം ഗുരുതരമായിട്ടുമുണ്ട്. എങ്കിലും ലോകത്തിന്റെ പ്രിയപ്പെട്ട മാപ്പിങ് ആപ്ലിക്കേഷൻ ഗൂഗിളിന്റെ ഈ വിരുതൻ തന്നെ. ഗൂഗിൾ മാപ്പിനെക്കൂടാതെ മറ്റു മാപ്പിങ് സോഫ്‌റ്റ്‌വെയറുകളും ലഭ്യമാണ്.

ചില മാപ്പിങ് സോഫ്റ്റ്‌വെയറുകൾ പരിചയപ്പെട്ടാലോ?

∙ ജിപിഎസ് സംവിധാനമുപയോഗിക്കുന്ന മറ്റൊരു ആപ്ലിക്കേഷനാണ് വേസ് (Waze). ക്രൗഡ് സോഴ്‌സിങ്ങും മൊബൈൽ ഡേറ്റ വഴി ഡൗൺലോഡ് ചെയ്‌തെടുക്കുന്ന വിവരങ്ങളും ഉപയോഗിക്കുന്ന മാപ്പിങ് സംവിധാനമാണ് ഇത്. ഒരു ഇസ്രയേൽ കമ്പനി വികസിപ്പിച്ച വേസിനെ 2013ലാണ് ഗൂഗിൾ ഏറ്റെടുത്തത്. ട്രാഫിക് കുരുക്കുകൾ മുതൽ ആക്‌സിഡന്റുകൾ വരെ റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യം വേസിലുണ്ട്. വേസിൽ പല പ്രമുഖരുടെയും ശബ്ദത്തിൽ വഴി പറഞ്ഞുകിട്ടാൻ സൗകര്യമുണ്ട്.

∙ ആപ്പിൾ മാപ്‌സ് ആപ്പിൾ ഫോൺ ഉപയോക്താക്കൾക്ക് ലഭ്യമാണ്. ആപ്പിളിന്റെ എഐ ശബ്ദസംവിധാനമായ സിരി വഴിയും പറഞ്ഞുതരും. മികച്ച ഡിസൈനും യൂസർ ഇന്റർഫേസും ഈ മാപ്പിനുണ്ട്.

∙ ഗൂഗിൾ മാപ്പിനോളം പഴക്കമുള്ള മാപ്പിങ് സംവിധാനമാണ് മാപ് ക്വസ്റ്റ് (MapQuest). എന്നാൽ ഗൂഗിൾ മാപ്പിന്റെ അത്ര സുഗമമായ പ്രവർത്തനരീതി അവകാശപ്പെടാൻ ഇതിനായില്ല.

∙ ഒരുകാലത്ത് മൊബൈൽ ഫോൺ നിർമാണമേഖലയിലെ കുത്തക നാമമായിരുന്ന നോക്കിയ വികസിപ്പിച്ചെടുത്ത മാപ്പിങ് ആപ്ലിക്കേഷനാണ് നോക്കിയ മാപ്‌സ്. 2016ൽ ഇതിനെ ഹിയർ വി ഗോ എന്ന പേരിൽ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കായി ഇറക്കി. ഇന്ന് ലോകത്തെ പല മുൻനിര വാഹന കമ്പനികളും ഹിയർ വി ഗോ തങ്ങളുടെ വാഹനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഫ്‌ലൈൻ മാപ്പായും ഇതുപയോഗിക്കാം. ട്രാഫിക് അലർട്ടുകളും ഇതു തരും. എന്നാൽ ഗൂഗിൾ മാപ്പിന്റെ അത്ര അപ്റ്റുഡേറ്റ് അല്ല ഹിയർ വി ഗോയെന്ന് ചില ഉപയോക്താക്കൾ പറയുന്നു.

∙ ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന മറ്റൊരു മാപ്പിങ് ആപ്ലിക്കേഷനാണ് മാപ്‌സ് ഡോട് എംഇ(Maps.Me). ഓഫ്‌ലൈൻ മാപ്പായും ഉപയോഗിക്കാം.

∙ ഓപ്പൺസോഴ്‌സ് സ്ട്രീറ്റ് ഡേറ്റ ഉപയോഗിക്കുന്ന മറ്റൊരു ആപ്പാണ് ഒഎസ്എംആൻഡ് (OsmAnd). ഇതിന് ഫ്രീ വേർഷനും കൂടുതൽ സൗകര്യങ്ങളുള്ള പ്രീമിയം വേർഷനുമുണ്ട്.

ഗൂഗിൾ മാപ്പിനോട് നമുക്കുള്ള ബന്ധം അങ്ങനെയിങ്ങനെയൊന്നും പോകില്ല. പക്ഷേ, വിദൂരവും പരിചിതമല്ലാത്തതുമായ സ്ഥലങ്ങളിലേക്കൊക്കെ പോകുമ്പോൾ വേറൊരു മാപ്പ് ആപ്ലിക്കേഷൻ കൂടി റഫറൻസിനായി ഉപയോഗിക്കുന്നതിൽ തെറ്റില്ല.

English Summary:

Exploring Navigation Alternatives: Beyond Google Maps.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com