ഇനി ഹജ്ജിനു പോകുന്നവര്‍ക്കു ജിദ്ദയില്‍ നിന്നും മക്കയിലേക്ക് യാത്ര അതിവേഗ ട്രെയിനില്‍
Mail This Article
പവിത്രമായ ഹജ്ജ് തീർത്ഥാടനത്തിന് പോകുന്ന ഇന്ത്യൻ യാത്രക്കാര്‍ക്ക് ഇനി മുതല്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്നും മക്കയിലേക്ക് എത്താന്‍ അതിവേഗ ട്രെയിനില്‍ യാത്ര ചെയ്യാം. ഇത് യാത്രാ സമയം പകുതിയായി കുറയ്ക്കും.
മുൻപ്, ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു മക്കയിലെത്താൻ സൗദി അറേബ്യൻ അധികൃതർ നൽകുന്ന ബസ് സർവീസുകളെയാണ് ഇന്ത്യൻ തീർഥാടകർ ആശ്രയിച്ചിരുന്നത് . ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെയും സൗദി അധികൃതരുടെയും സഹകരണത്തോടെ, ഹറമൈൻ അതിവേഗ റെയിൽവേ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കു ട്രെയിന്‍ യാത്ര സാധ്യമാക്കി.
ഈ അവസരം അടയാളപ്പെടുത്തിക്കൊണ്ട്, ഇന്ത്യൻ അംബാസഡർ ഡോ. സുഹെൽ അജാസ് ഖാനും കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമും മേയ് 26 ന് ജിദ്ദയിൽ നിന്നു മക്കയിലേക്കുള്ള ഉദ്ഘാടന യാത്രയിൽ ഇന്ത്യൻ തീർത്ഥാടകരുടെ ആദ്യ സംഘത്തെ അനുഗമിച്ചു.
450 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽ പാതയിലൂടെ, മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിലാണ് ഈ ട്രെയിന്‍ സഞ്ചരിക്കുന്നത്. 32,000 ലധികം ഇന്ത്യൻ ഹജ്ജ് തീർഥാടകർ ജിദ്ദയിൽ നിന്ന് മക്കയിലേക്കുള്ള ഹർമൈൻ ട്രെയിനില്‍ യാത്ര ചെയ്തു. 2024 ൽ 1,75,000 ഇന്ത്യൻ തീർത്ഥാടകർ ഹജ്ജ് നിർവഹിക്കുമെന്നാണ് കണക്ക്. ഇതില്‍ 140,000 പേർ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ വഴിയും ബാക്കിയുള്ളവർ സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ മുഖേനയുമാണ് യാത്ര ചെയ്യുന്നത്.
2018 ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഹറമൈൻ അതിവേഗ ട്രെയിൻ സൗദി അറേബ്യയിലെ വിശുദ്ധ നഗരങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്നു. മദീനയിലെ കിങ് അബ്ദുൽ അസീസ് സ്ട്രീറ്റ് ഈസ്റ്റ് സ്റ്റേഷൻ, റാബിഗിലെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി സ്റ്റേഷൻ, ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര എയർപോർട്ട് സ്റ്റേഷൻ, ജിദ്ദ അൽ-സുലൈമാനിയ സ്റ്റേഷൻ, മക്ക സ്റ്റേഷൻ എന്നിങ്ങനെ അഞ്ച് സ്റ്റേഷനുകളാണ് ഈ റെയിൽവേ റൂട്ടിലുള്ളത്.