ADVERTISEMENT

ലോകത്തിലെ ഏതു നഗരത്തിനും സവിശേഷതകളും സൗന്ദര്യവുമുണ്ട്. എങ്കിലും ചില നഗരങ്ങള്‍ എത്ര തവണ സന്ദര്‍ശിച്ചാലും മടുക്കാത്തവയാണ്. അവിടുത്തെ ചരിത്ര നിര്‍മിതികളോ പ്രകൃതി ഭംഗിയോ കാലാവസ്ഥയുടെ സവിശേഷതകളോ നാട്ടുകാരുടെ പെരുമാറ്റമോ ഒക്കെയാവാം കാരണങ്ങള്‍. യാത്രികര്‍ വീണ്ടും വീണ്ടും പോവാന്‍ ഇഷ്ടപ്പെടുന്ന നഗരം ഏതെന്ന് റെഡ്ഡിറ്റിലെ r/travel കമ്യൂണിറ്റിയില്‍ ഒരു ചോദ്യം ഉയര്‍ന്നു. അതിന് ആവേശത്തോടെ ലഭിച്ച മറുപടികളില്‍ നിന്നും യാത്രികരുടെ പ്രിയപ്പെട്ട നഗരങ്ങള്‍ തെളിയുകയും ചെയ്തു. ആദ്യ അഞ്ചു സ്ഥാനങ്ങളിലെത്തിയ നഗരങ്ങളെ പരിചയപ്പെടാം. 

florence

1. ഫ്‌ളോറന്‍സ്, ഇറ്റലി 

പ്രതീക്ഷിക്കാവുന്ന ഉത്തരമായ ഫ്‌ളോറന്‍സാണ് ആവര്‍ത്തിച്ചു സന്ദര്‍ശിച്ചാലും മടുക്കാത്ത നഗരങ്ങളുടെ പട്ടികയില്‍ മുന്നില്‍. റെഡ്ഡിറ്റ് ഉപയോക്താക്കള്‍ നല്‍കിയ അപ് വോട്ടുകളുടേയും ഡൗണ്‍ വോട്ടുകളുടേയും അടിസ്ഥാനത്തിലായിരുന്നു നഗരങ്ങളെ തിരഞ്ഞെടുത്തത്. കലയും സംസ്‌ക്കാരവും ചരിത്ര നിര്‍മിതികളും ആധുനികതയും കൈകോര്‍ത്തു കിടക്കുന്ന നഗരമാണ് ഫ്‌ളോറന്‍സ്. നവോത്ഥാനകാല നിര്‍മിതികള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടെ നിന്നുതന്നെ നിങ്ങള്‍ക്ക് ഇറ്റാലിയന്‍ പിത്​സയും മറ്റു ഭക്ഷണങ്ങളുമെല്ലാം ആസ്വദിക്കാനുമാവും. ഡ്യൂമോ പള്ളിയിലെ മൈക്കലാഞ്ചലോയുടെ വിഖ്യാതമായ ഡേവിഡിന്റെ പ്രതിമ അടക്കമുള്ള അത്യപൂര്‍വ കലാസൃഷ്ടികള്‍ ഫ്‌ളോറന്‍സിലുണ്ട്. 

prague-travel12
Prague

2. പ്രേഗ് ചെക്ക് റിപ്പബ്ലിക്ക്

ഫ്‌ളോറന്‍സ് പോലെ തന്നെ നിരവധി ആരാധകരുള്ള നഗരമാണ് പ്രേഗ്. വള്‍ട്ടാവ നദിയുടെ തീരത്തുള്ള നഗരമാണ് പ്രേഗ്. പഴമയും പാരമ്പര്യവുമുള്ള കെട്ടിടങ്ങളും ബറോക്ക് രീതിയില്‍ നിര്‍മിച്ച പല നിറങ്ങളിലുള്ള കെട്ടിടങ്ങളും ഇവിടെ ധാരാളം. ബറോക്ക് ശൈലിയിലുള്ള നിര്‍മിതികളില്‍ ഏറെ പ്രസിദ്ധമായ സെന്റ് നിക്കോളാസ് പള്ളിയും മധ്യകാലഘട്ടം മുതല്‍ നിലകൊള്ളുന്ന അസ്‌ട്രോണമിക്കല്‍ ക്ലോക്കും ജൂത കോളനിയും സിനഗോഗുകളും ചാള്‍സ് പാലവും പഴയ കോട്ടയുമെല്ലാം പ്രേഗിലെ ആകര്‍ഷണങ്ങളാണ്. 

The Forth Rail Bridge near Edinburgh in Scotland. Image Credit : MGTS/istockphoto
The Forth Rail Bridge near Edinburgh in Scotland. Image Credit : MGTS/istockphoto

3. എഡിന്‍ബറോ, സ്‌കോട്ട്‌ലാന്‍ഡ്

കുന്നിന്‍മുകളിലെ നഗരമായ എഡിന്‍ബറോക്ക് പ്രധാനമായും രണ്ടു ഭാഗങ്ങളുണ്ട്. എഡിന്‍ബറോ കോട്ട സ്ഥിതി ചെയ്യുന്ന പഴയ പട്ടണവും മനോഹര പൂന്തോട്ടങ്ങള്‍ നിറഞ്ഞ പുതിയ പട്ടണവും. ഈ രണ്ടു ഭാഗങ്ങളും യുനെസ്‌കോയുടെ പൈതൃക സംരക്ഷണ പട്ടികയിലുണ്ടെന്നത് ഇവയുടെ പ്രാധാന്യം വെളിവാക്കുന്നു. വര്‍ഷം തോറും എഡിന്‍ബര്‍ഗില്‍ നടക്കുന്ന എഡിന്‍ബര്‍ഗ് ഫെസ്റ്റിവലും ഇവിടേക്കു കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. എഡിന്‍ബര്‍ഗ് ഫ്രിഞ്ച്, ദ എഡിന്‍ബര്‍ഗ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍, ദ എഡിന്‍ബര്‍ഗ് മിലിറ്ററി ടാറ്റൂ, രാജ്യാന്തര ചലചിത്രമേള, രാജ്യാന്തര പുസ്തകമേള എന്നിവയെല്ലാം ചേര്‍ന്നതാണ് എഡിന്‍ബര്‍ഗ് ഫെസ്റ്റിവല്‍. 

Slovenia
Slovenia

4. ലൂബിയാന, സ്ലൊവേനിയ

മധ്യ യൂറോപ്യന്‍ രാജ്യമായ സ്ലൊവേനിയയുടെ തലസ്ഥാനമാണ് ലൂബിയാന. മലകൾ, സ്‌കി റിസോര്‍ട്ടുകൾ, തടാകങ്ങൾ, ചൂടു നീരുറവകളുമെല്ലാം ഇവിടെ സമൃദ്ധം. കാറോ പൊതു ഗതാഗത സംവിധാനങ്ങളോ ഇല്ലാതെ കാല്‍നടയായി തന്നെ ഈ നഗരത്തെ അറിയാനാവുമെന്നാണ് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് കുറിച്ചത്. 

pena-palace-sintra-portugal
Sintra Portugal

5. സിന്‍ട്ര, പോര്‍ച്ചുഗല്‍

ലിസ്ബണില്‍ നിന്നും 40 മിനിറ്റ് ഡ്രൈവ് ചെയ്താല്‍ സിന്‍ട്രയിലേക്കെത്താം. സിന്‍ട്ര മലനിരകള്‍ക്കു താഴെയായി കാടിനും പച്ചപ്പിനും നടുവിലായുള്ള ഈ പോര്‍ച്ചുഗീസ് പട്ടണത്തിലേക്കു യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ നിരവധി. സിന്‍ട്ര നാഷണല്‍ പാലസും പെന നാഷണല്‍ പാലസും അടക്കമുള്ള കൊട്ടാരങ്ങള്‍ ഇവിടെയുണ്ട്. മുത്തശ്ശിക്കഥകളില്‍ നിന്നും നേരെ ഭൂമിയിലേക്കിറങ്ങി വന്നതു പോലുള്ള കോട്ടകളും കൊട്ടാരങ്ങളുമാണ് സിന്‍ട്രയില്‍. മഞ്ഞും മഴയും നിറഞ്ഞ ഇവിടുത്തെ കാലാവസ്ഥയും ഈ കാല്‍പനികതയ്ക്ക് കാവലാവാറുണ്ട്.

English Summary:

Top 5 Must-Visit Cities for Travelers: Reddit Reveals All-Time Favorites.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com