ആഡംബരവും പൈതൃകവും; നവീകരിച്ച താജ് മലബാർ റിസോർട്ട് സഞ്ചാരികൾക്കായി തുറക്കുന്നു
Mail This Article
കൊച്ചി ∙ നവീകരിച്ച താജ് മലബാർ റിസോർട്ട് ആൻഡ് സ്പാ തുറക്കുന്നു. ഒരു വർഷം നീണ്ട നവീകരണത്തിനും പുനർരൂപകൽപനയ്ക്കും ശേഷമാണു താജ് മലബാർ പുതിയ മുഖത്തോടെ അതിഥികളെ വരവേൽക്കാൻ ഒരുങ്ങുന്നത്. 1935ൽ നിർമിതമായ ഹോട്ടൽ കൊച്ചിയുടെ സാംസ്കാരിക വൈവിധ്യത്തിനും സമുദ്ര ചരിത്രത്തിനും പ്രാധാന്യം നൽകി ആധുനിക രീതിയിലാണു പുനർരൂപകൽപന ചെയ്തത്.
ആഡംബരവും പൈതൃകവും ചേർന്നുള്ള മനോഹര അനുഭവം അതിഥികൾക്കു ലഭിക്കുമെന്ന് ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (ഐഎച്ച്സിഎൽ) ഓപ്പറേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് സരബ്ജിത് സിങ് പറഞ്ഞു. 93 മുറികളും സ്വീറ്റുകളുമായി വില്ലിങ്ഡൺ ഐലൻഡിൽ കൊച്ചി തുറമുഖത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന താജ് മലബാറിന്റെ നവീകരിച്ച ഇന്റീരിയർ കൊച്ചിയ പൈതൃകത്തെ സൂചിപ്പിക്കുന്നതാണ്.
ഓൾ ഡേ ഡൈനർ, നാടൻ ബോട്ടിൽ മത്സ്യ വിഭവങ്ങളോടെ ഒരുക്കിയ റൈസ് ബോട്ട്, ആഗോള പ്രാദേശിക വിഭവങ്ങൾ കോർത്തിണക്കിയ പെപ്പർ തുടങ്ങിയ റസ്റ്ററന്റുകൾ, മട്ടാഞ്ചേരി ബാർ, യോഗയും ആധുനിക സൗകര്യങ്ങളോടെയുള്ള ആയുർവേദ ചികിത്സകളും ഉൾപ്പെട്ട ജെ വെൽനെസ് സർക്കിൾ സ്പാ എന്നിവ ആകർഷണങ്ങളാണ്.
കായലിന് അഭിമുഖമായുള്ള ഇൻഫിനിറ്റി പൂൾ ഉല്ലാസത്തിനും വിശ്രമത്തിനും ഉപരിയായി ഒത്തുചേരലുകൾക്കും കൂട്ടായ്മകൾക്കും അനുയോജ്യമായ വേദിയാകുമെന്നു ജനറൽ മാനേജരും ഓപ്പറേഷൻസ് വിഭാഗം ഏരിയ ഡയറക്ടറുമായ ലളിത് വിശ്വകുമാർ പറഞ്ഞു. ബുക്കിങ് വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. താജ്, സിലക്ഷൻസ്, വിവാന്ത, ജിഞ്ചർ ബ്രാൻഡുകളിലായി നിർമാണത്തിലിരിക്കുന്ന 6 ഹോട്ടലുകൾ ഉൾപ്പെടെ 20 ഹോട്ടലുകളാണു കേരളത്തിൽ ഇന്ത്യൻ ഹോട്ടൽസ് കമ്പനിക്കുള്ളത്.