ഫ്രീയായി ശ്രീലങ്കൻ യാത്ര : ട്രിപ്പ് ടൂ 'പാരഡൈസി' ലൂടെ
Mail This Article
കേട്ട കഥകളെക്കാൾ കാണാക്കഥകൾ ഏറെയാണ് ലങ്കയ്ക്ക്. നിറഞ്ഞ വന്യസമ്പത്തിന്റെ പ്രകൃതിഭംഗിയും നിർമിതികളുടെ ചാരുതയും സ്മൃതിയടയാൻ ഒരുങ്ങാത്ത പുരാണകഥകളും അലയാകുന്ന ശ്രീലങ്ക യാത്രകളെ തേടുന്നവർക്ക് ഇണങ്ങുന്നൊരിടമാണ്. ന്യൂട്ടൺ സിനിമയുടെ നിർമ്മാണത്തിൽ പൂർണമായും ശ്രീലങ്കയിൽ ചിത്രീകരിച്ച, റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'പാരഡൈസ്' തിയേറ്ററുകളിൽ കാണുന്ന പ്രേക്ഷകർക്ക് ശ്രീലങ്കൻ യാത്ര ഒരുക്കി അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 'ട്രിപ്പ് ടൂ 'പാരഡൈസ്' എന്ന മത്സരത്തിൽ പങ്കെടുക്കുന്ന പ്രേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു ഭാഗ്യശാലികൾക്കാണ് പൂർണമായും സൗജന്യമായ ശ്രീലങ്കൻ യാത്രയ്ക്ക് അവസരമൊരുങ്ങുന്നത്.
ആപ് ടോർട്ടിൽ ലിങ്ക് മുഖേനെ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ഡിസ്കൗണ്ട് വൗച്ചർ ഉപയോഗിച്ച് ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിക്കുമ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യുക. ജൂൺ 30 ന് മുന്നേ 'പാരഡൈസ്' തിയേറ്ററിൽ കാണുക. ഇത്തരത്തിൽ പങ്കെടുക്കുന്നതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു ഭാഗ്യശാലികൾക്ക് കൊച്ചിയിൽ നിന്ന് കൊളംബോയിലേക്കും തിരികെയുമുള്ള വിമാനടിക്കറ്റുകൾ, ശ്രീലങ്കയിൽ നാല് ദിവസത്തെ താമസവും യാത്രാ സൗകര്യവുമുൾപ്പെടെയുള്ള സൗജന്യയാത്ര ലഭിക്കും.
റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവർക്കൊപ്പം ശ്രീലങ്കൻ സിനിമയിലെ മുൻനിര അഭിനേതാക്കളായ ശ്യാം ഫെർണാണ്ടോയും, മഹേന്ദ്ര പെരേരയും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി എത്തുന്നു. 2022ൽ ശ്രീലങ്ക നേരിട്ട സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ വിലകയറ്റവും, ഇന്ധനവും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യവസ്തുകളുടെ ദൗർലഭ്യവും ജനകീയ പ്രക്ഷോഭങ്ങളുമാണ് ചിത്രത്തിന് പശ്ചാത്തലമാകുന്നത്.
വിഖ്യാത ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്താനഗെയുടെ പത്താമത്തെ ചിത്രമാണ് 'പാരഡൈസ്'. രാജീവ് രവി ഛായഗ്രാഹണവും, എ. ശ്രീകർ പ്രസാദ് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് 'കെ'യാണ്. തപസ് നായക് ആണ് ശബ്ദസന്നിവേശം.
ബുസാൻ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് അവാർഡ്, 30 മത് വെസൂൽ രാജ്യാന്തര ചലച്ചിത്രമേളയിൽ 'പ്രീ ദു ജൂറി ലീസിയൻ' പുരസ്കാരം, 23മത് ലാസ് പൽമാസ് ദേ ഗ്രാൻ കനാറിയ രാജ്യാന്തര ചലച്ചിത്രമേളയിൽ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം എന്നിവ 'പാരഡൈസി'ന് ലഭിച്ചിട്ടുണ്ട്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. മണിരത്നവും മദ്രാസ് ടാക്കീസും ആദ്യമായി സഹകരിക്കുന്ന മലയാള ചിത്രം കൂടിയാണ് 'പാരഡൈസ്'. ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തതും മണിരത്നം ആയിരുന്നു. സെഞ്ചുറി ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. മാർക്കറ്റിങും കമ്മ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് സ്റ്റോറീസ് സോഷ്യൽ.