നിങ്ങൾ ഒരു വിമാനയാത്രയ്ക്ക് ഒരുങ്ങുകയാണോ? ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം
Mail This Article
ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. അടുത്ത യാത്രയിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് കഴിഞ്ഞുപോയ യാത്രകളിൽ നിന്നാണ് നമ്മൾ പഠിക്കാറുള്ളത്. എന്നാൽ, വിമാനയാത്രയിൽ ഇത് കഴിയില്ല. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചു തന്നെ പോകണം അമ്പാനേ. ഇല്ലെങ്കിൽ ചില മന്ത്രിമാർ പൊളിറ്റിക്കൽ ക്ലിയറൻസ് കിട്ടാതെ വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയതു പോലെ നമ്മളും മടങ്ങേണ്ടി വരും. യാത്രയിൽ എപ്പോഴും ഏറ്റവും സമയലാഭവും ലക്ഷ്യസ്ഥാനത്ത് ഏറ്റവും വേഗത്തിൽ എത്തിച്ചേരാനും നല്ലത് വിമാനയാത്രയാണ്. എന്നാൽ, വെറുതെ ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനത്താവളത്തിലേക്ക് അങ്ങ പോയാൽ മതിയോ. ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം.
വിമാനത്തിന്റെ സമയവും കാലതാമസവും
യാത്ര തീരുമാനിക്കുകയും ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ വിമാനത്തിന് എന്തെങ്കിലും സമയമാറ്റമോ അല്ലെങ്കിൽ വൈകുകയോ ചെയ്യുന്നുണ്ടോയെന്ന് നിരന്തരം പരിശോധിച്ച് ഉറപ്പു വരുത്തുക. ഇക്കാര്യങ്ങളിൽ അപ്ഡേറ്റ് ആയിരിക്കാൻ എയർലൈൻ ആപ്പുകൾ ഉപയോഗിക്കുകയും അറിയിപ്പുകൾ, ഫ്ലൈറ്റ് ട്രാക്കിങ് സർവീസ് എന്നിവ ഉപയോഗിക്കുകയും ചെയ്യുക. നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ആഭ്യന്തരവിമാനയാത്രയ്ക്ക് ആണെങ്കിൽ രണ്ട് മണിക്കൂർ നേരത്തെയും രാജ്യാന്തര വിമാനയാത്ര ആണെങ്കിൽ മൂന്ന് മണിക്കൂർ നേരത്തെയും വിമാനത്താവളത്തിൽ എത്തണം. ഇത്തരത്തിൽ നേരത്തെ വിമാനത്താവളത്തിൽ എത്തുന്നത് ചെക്ക് - ഇൻ, സെക്യൂരിറ്റി സ്ക്രീനിങ് എന്നിവയെല്ലാം സുഗമമായി ചെയ്യാൻ സമയം നൽകുന്നു.
ലഗേജ് നിയന്ത്രണങ്ങൾ പാലിക്കുക
നിങ്ങളുടെ യാത്രയിൽ എത്ര ലഗേജ് അനുവദിക്കപ്പെട്ടിട്ടുണ്ട് എന്നു നേരത്തെ മനസ്സിലാക്കുക. അതനുസരിച്ച് മാത്രം ലഗേജ് പാക്ക് ചെയ്യുക. എത്രത്തോളം ഭാരം കൊണ്ടുപോകാം എന്ന് കൃത്യമായി മനസ്സിലാക്കി അത്രയും ഭാരം മാത്രം ബാഗിൽ നിറയ്ക്കുക. നിർദ്ദേശിക്കപ്പെട്ടതിൽ കൂടുതൽ ഭാരമുള്ളതോ വലുപ്പമുള്ളതോ ആയ ലഗേജുകൾക്ക് പിഴ ചുമത്താൻ സാധ്യതയുണ്ട്. ചില വസ്തുക്കൾ ലഗേജിൽ കൊണ്ടു പോകുന്നതിന് അനുവാദമില്ല. അത് എന്തൊക്കെയാണെന്ന് പരിശോധിച്ച് അത്തരത്തിലുള്ള വസ്തുക്കളൊന്നും ലഗേജിൽ ഇല്ല എന്ന് ഉറപ്പു വരുത്തുക.
സുരക്ഷ നടപടിക്രമങ്ങൾ
സുരക്ഷാ പരിശോധന സമയത്ത് കൈവശമുള്ള ഇലക്ട്രോണിക് സാധനങ്ങളായ മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടാബ് ലെറ്റ് എന്നിവയും വാച്ച്, ബെൽറ്റ് മുതലായവയും ഒരു പ്രത്യേക ബിന്നിൽ നിക്ഷേപിച്ച് പരിശോധനയ്ക്കായി നൽകണം. എളുപ്പത്തിൽ നീക്കം ചെയ്യാൻ കഴിയുന്ന ഷൂസ് ധരിക്കാൻ ശ്രദ്ധിക്കുക. അമിതമായ ആഭരണങ്ങൾ ധരിക്കുന്നതും ഒഴിവാക്കുക. സുരക്ഷ നടപടി ക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ ഇതെല്ലാം ശ്രദ്ധിക്കുക.
ആരോഗ്യവും സുരക്ഷയും
വിമാനത്തിനുള്ളിലെ കാബിനുള്ളിൽ ഈർപ്പം കുറവായിരിക്കും. അതുകൊണ്ടു തന്നെ ചിലപ്പോൾ നിർജ്ജലീകരണത്തിന് സാധ്യതയുണ്ട്. വിമാനയാത്രയ്ക്ക് മുമ്പും യാത്രയ്ക്കിടയിലും ആവശ്യത്തിനു വെള്ളം കുടിക്കുക. ദീർഘദൂര വിമാനയാത്ര ആണെങ്കിൽ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും മറ്റുമായി ഇടയ്ക്ക് കാബിനിലൂടെ നടക്കാവുന്നതാണ്. ഇരിപ്പിടത്തിൽ ഇരുന്നു കൊണ്ടു തന്നെ കാല് കൊണ്ട് ചെയ്യാൻ കഴിയുന്ന ലളിതമായ വ്യായാമങ്ങൾ ചെയ്യാവുന്നതാണ്.
യാത്രാ രേഖകൾ കരുതുക
പാസ്പോർട്ട്, വീസ, ബോർഡിങ് പാസ് എന്നിവ കൈവശം സൂക്ഷിക്കുക. എളുപ്പത്തിൽ എടുക്കാൻ കഴിയുന്ന വിധത്തിൽ യാത്രാരേഖകളെല്ലാം ഒരു ചെറിയ വാലറ്റിലാക്കി സൂക്ഷിക്കാവുന്നതാണ്. പ്രധാനപ്പെട്ട രേഖകളുടെ ഫോട്ടോകോപ്പികളോ, ഡിജിറ്റൽ സ്കാനുകളോ പ്രത്യേകമായി സൂക്ഷിക്കുക. മോഷണം നടക്കുകയോ അല്ലെങ്കിൽ രേഖകൾ നഷ്ടപ്പെടുകയോ ചെയ്താൽ ഇത് സഹായകമാകും.
അവശ്യവസ്തുക്കൾ ഒപ്പം കരുതുക
എന്തെങ്കിലും മരുന്നു കഴിക്കുന്ന വ്യക്തിയാണെങ്കിൽ കൃത്യമായ രേഖകളോടെ മരുന്നുകൾ ഒപ്പം കരുതുക. പ്രധാനപ്പെട്ട രേഖകൾ, ചാർജറുകൾ, വിലപിടിപ്പുള്ള സാധനങ്ങൾ, ഇലക്ട്രോണിക്സ് വസ്തുക്കൾ എന്നിവ നിങ്ങളുടെ കൈയിൽ തന്നെ കരുതുക. അത്യാവശ്യം പെട്ടെന്ന് മാറാൻ കഴിയുന്ന ഒരു ജോഡി വസ്ത്രവും ടോയിലെറ്ററീസും ഒപ്പം കരുതുക. ലഗേജ് കൈവശം എത്താൻ താമസം നേരിട്ടാൽ ഇത് ഉപകാരപ്പെടും. യാത്ര കൂടുതൽ സുഗമമാക്കാൻ നെക് പില്ലോ, ഐ മാസ്ക്, ഇയർ പ്ലഗ്സ്, ട്രാവൽ ബ്ലാങ്കറ്റ് എന്നിവ കരുതാവുന്നതാണ്.
കണക്ടിങ് ഫ്ലൈറ്റ്സ്
കണക്ടിങ് ഫ്ലൈറ്റ് ഉപയോഗിച്ചാണ് യാത്ര മുന്നോട്ട് പോകുന്നതെങ്കിൽ കണക്ട് ചെയ്യുന്ന ഫ്ലൈറ്റുകൾക്കിടയിൽ ആവശ്യത്തിന് സമയം ഉണ്ടെന്നു ഉറപ്പു വരുത്തുക. ആഭ്യന്തരയാത്ര ആണെങ്കിൽ കണക്ടിംഗ് വിമാനങ്ങൾക്കിടയിൽ കുറഞ്ഞത് ഒരു മണിക്കൂറും രാജ്യാന്തര യാത്ര ആണെങ്കിൽ രണ്ടു മണിക്കൂറും സമയം ഉണ്ടെന്ന് ഉറപ്പു വരുത്തുക. ഏത് വിമാനത്താവളത്തിൽ നിന്നാണ് കണക്ടിംഗ് ഫ്ലൈറ്റ് എന്ന് ആദ്യമേ മനസിലാക്കുക. ആ വിമാനത്താവളത്തെക്കുറിച്ച് ചെറുതായി ഒന്ന് മനസിലാക്കിയതിനു ശേഷം യാത്ര ആരംഭിക്കുന്നത് നല്ലതായിരിക്കും.