ADVERTISEMENT

ഭൂമിക്കു മുകളിൽ നമ്മൾ ഇങ്ങനെ കാലുറപ്പിച്ച് നടക്കുന്നതു തന്നെ ഗുരുത്വാകർഷണത്തിന്റെ ശക്തിയാണ്. ശാസ്ത്രജ്ഞനായ ഐസക് ന്യൂട്ടൺ ആണ് ഈ ഗുരുത്വാകർഷണം കണ്ടുപിടിച്ചത്. അതിന് കാരണമായ ആപ്പിൾ കഥ കുട്ടിക്കാലം മുതലേ കേൾക്കുന്നതാണ്. എന്നാൽ, ഈ ഗുരുത്വാകർഷണം പ്രവർത്തിക്കാത്ത ചില സ്ഥലങ്ങളുമുണ്ട് ഭൂമിയിൽ. അവിശ്വസനീയമായി തോന്നാമെങ്കിലും ഇത് അവിശ്വസിക്കേണ്ട കാര്യമല്ല എന്നുള്ളതാണ് സത്യം. അങ്ങനെയാണെങ്കിൽ ഇതൊന്നു നേരിട്ട് കണ്ടുകളയാം എന്നു തോന്നുന്നുണ്ടോ? ഗുരുത്വാകർഷണ നിയമത്തെ കാറ്റിൽ പറത്തുന്ന അത്തരം ചില സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കുകയാണ് ഇവിടെ.

കലിഫോർണിയയിലെ സാന്താക്രൂസിലെ മിസ്റ്ററി സ്പോട്

കലിഫോർണിയയിലെ സാന്താക്രൂസിലെ വനത്തിലാണ് മിസ്റ്ററി സ്പോട് സ്ഥിതി ചെയ്യുന്നത്. 1939ലാണ് ഇത് കണ്ടെത്തിയത്. അന്നുമുതൽ സഞ്ചാരികളെ അമ്പരപ്പിച്ചു കൊണ്ട് ഇത് നിലകൊള്ളുകയാണ്. 1940ലാണ് ഇത് പൊതുജനത്തിനായി തുറന്നു കൊടുത്തത്. ഗുരുത്വാകർഷണ നിയമങ്ങൾ ഇവിടെയെത്തുമ്പോൾ ചിലപ്പോൾ തമാശയായി തോന്നും. ഘടനകളുടെ പ്രകടമായ ചെരിവ്, ഒറ്റപ്പെട്ട കോണുകളിൽ നടക്കുന്ന ആളുകൾ, ഗുരുത്വാകർഷണ നിയമങ്ങളെ വെല്ലുവിളിച്ച് മുകളിലേക്ക് ഉയരുന്ന വസ്തുക്കൾ എന്നിങ്ങനെയുള്ള അദ്ഭുതകരമായ പ്രതിഭാസങ്ങൾക്കു സന്ദർശകർ സാക്ഷ്യം വഹിക്കുന്നു.

Hoover Dam. Image Credit: Sean Pavone/istockphoto
Hoover Dam. Image Credit: Sean Pavone/istockphoto

യുഎസ്​എയിലെ നെവാഡയിലെ ഹൂവർ ഡാം

യുണൈറ്റഡ് സ്റ്റേറ്റ്സിലെ നെവാഡയിലെ ഹൂവർ ഡാം സന്ദർശിക്കുന്നത് വളരെ വ്യത്യസ്തമായ ഒരു അനുഭവമാണ് എല്ലാവർക്കും നൽകുക. അണക്കെട്ടിനു സമീപത്തായിട്ട് ഒരു സ്ഥലത്തു വെള്ളം ഒഴിക്കുന്നത് സകല പ്രതീക്ഷകളെയും തെറ്റിക്കും. കാരണം ഈ ഒരു പ്രത്യേക സ്ഥലത്ത് വെള്ളം ഒഴിക്കുമ്പോൾ വെള്ളം താഴോട്ടു പോകുന്നതിനു പകരം മുകളിലോട്ടാണ് പോകുന്നത്. ഗുരുത്വാകർഷണത്തിന് എതിരായി വെള്ളം കൊണ്ടുപോകുന്ന അണക്കെട്ടിന്റെ ഘടന സൃഷ്ടിക്കുന്ന ശക്തമായ അപ് ഡ്രാഫ്റ്റുകളാണ് ഈ പ്രതിഭാസത്തിന് കാരണം.

Magnetic Hill Leh ladakh. Image Credit: RNMitra/istockphoto
Magnetic Hill Leh ladakh. Image Credit: RNMitra/istockphoto

ഇന്ത്യയിലെ ലഡാക്കിലുള്ള മാഗ്നറ്റിക് ഹിൽ

ലേ - കാർഗിൽ - ബാൾട്ടിക് ദേശീയപാതയിലാണ് ലഡാക്കിലെ മാഗ്നറ്റിക് ഹിൽ സ്ഥിതി ചെയ്യുന്നത്. സവിശേഷമായ ഒരു നിഗൂഢതയാണ് ഇവിടെ എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്. വാഹനങ്ങളെ മുകളിലേക്കു വലിക്കാൻ കഴിയുന്ന കാന്തികശക്തിയുണ്ടെന്നു ചിലർ വിശ്വസിക്കുന്നു. വാഹനങ്ങൾ ന്യൂട്രലിൽ ആണെങ്കിലും സ്വയം സഞ്ചരിക്കുന്നതു സഞ്ചാരികൾക്ക് ഇവിടെ അനുഭവിക്കാൻ കഴിയുന്നു. ഇതിനെക്കുറിച്ചു പല സിദ്ധാന്തങ്ങൾ നിലവിൽ ഉണ്ടെങ്കിലും പ്രദേശത്തിന്റെ ലേ ഔട്ട് സൃഷ്ടിച്ച ഒപ്റ്റിക്കൽ ഇല്യൂഷനാണ് ഇതിന് കാരണമായി പലരും പറയുന്നത്.

Golden rock Burma. Image Credit: fototrav/istockphoto
Golden rock Burma. Image Credit: fototrav/istockphoto

മ്യാൻമറിലെ ദ ഗോൾഡൻ ബോൾഡർ

കഴിഞ്ഞ 2500 ലേറെ വർഷങ്ങളായി ഗുരുത്വാകർഷണത്തെ എതിർത്തു നിൽക്കുന്ന ഒന്നാണ് മ്യാൻമറിലെ ഗോൾഡൻ ബോൾഡർ. സ്വർണപാളിയാൽ ഈ പാറ അലങ്കരിച്ചിരിക്കുന്നു. ഈ പാറയുടെ മുകളിലായി 49 അടി ഉയരമുള്ള ഒരു പഗോഡയുണ്ട്. ബുദ്ധന്റെ തലമുടിയിൽ പിടിച്ചിരിക്കുന്നതിനാൽ പാറയ്ക്ക് സന്തുലിതമായി തുടരാൻ കഴിയുന്നതെന്നാണ് ഒരു ഐതിഹ്യം പറയുന്നത്. അതുപോലെ തന്നെ കൗതുകകരമായ മറ്റൊരു കാര്യം കൂടിയുണ്ട്. ഒരു സ്ത്രീക്കു മാത്രമേ പാറ ചലിപ്പിക്കാൻ കഴിയൂ എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ പാറയെ തൊടുന്നതിനും മറ്റും സ്ത്രീകൾക്ക് വിലക്കുണ്ട്.

ഫറോ ദ്വീപുകളിലെ റിവേഴ്സ് വെള്ളച്ചാട്ടം

നമ്മൾ സ്ഥിരം കണ്ടിരിക്കുന്ന് വെള്ളച്ചാട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഫറോ ദ്വീപുകളിലേക്ക് എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് വ്യത്യസ്തമായ ഒരു അനുഭവമാണ്. ശക്തമായ കാറ്റിനെ അഭിമുഖീകരിക്കുമ്പോൾ വെള്ളച്ചാട്ടം മുകളിലേക്ക് ഒഴുകുന്നു. ഗുരുത്വാകർഷണത്തെ കാറ്റിൽ പറത്തുന്ന ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ആണിത്.

Grab image from video shared on Twitter by Susanta Nanda
Grab image from video shared on Twitter by Susanta Nanda

ഇന്ത്യയിലെ നാനേഘട്ട് റിവേഴ്സ് വാട്ടർഫാൾ

ഇന്ത്യയിൽ മഹാരാഷ്ട്രയിൽ പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് നാനേഘട്ട് വെള്ളച്ചാട്ടം. മുകളിലേക്ക് ഒഴുകുന്നു എന്നതാണ് ഈ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. ഗുരുത്വാകർഷണത്തിന് എതിരായി ഒന്നുമില്ലെങ്കിലും ശക്തമായ കാറ്റാണ് ഈ പ്രതിഭാസത്തിന് കാരണം. അത് ജലത്തെ മുകളിലേക്ക് കൊണ്ടുപോകുന്നു. നിരവധി വിനോദ സഞ്ചാരികളാണ് ഈ വിസ്മയകരമായ കാഴ്ച കാണുന്നതിനായി ഇവിടേക്ക് എത്തുന്നത്.

English Summary:

Isaac Newton's Gravity Revisited: Mysteries Await You.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com