ടൂറിസ്റ്റ് ബസുകൾക്ക് വെള്ളയടിച്ചത് എംവിഡി, വിമാനങ്ങൾക്ക് വെള്ളയടിച്ചത് ആര്?
Mail This Article
സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളില്‍ നടപ്പാക്കിയ കളര്‍ കോഡ് സംവിധാനത്തില്‍ ഇളവുവരുത്താനുള്ള നീക്കത്തിലാണ് കേരള ഗതാഗത വകുപ്പ്. വിമാനങ്ങളുടെ വെള്ളനിറത്തിനു പിന്നിൽ എന്തെങ്കിലുമുണ്ടോ?. ഒരുകാലത്ത് വിമാനങ്ങളില്‍ പലതും പെയിന്റു പോലും അടിച്ചിരുന്നില്ലെങ്കില്‍ ഇന്ന് ഭൂരിഭാഗത്തിനും വെള്ള നിറമാണ്. എന്തുകൊണ്ടാണ് ഭൂരിഭാഗം വിമാനങ്ങളിലും വെള്ള നിറത്തിലുള്ള പെയിന്റ് അടിക്കുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ? അതിനു പിന്നില്‍ വ്യക്തമായ കാരണമുണ്ട്.
വെളുപ്പ് നിറം വിമാനങ്ങള്‍ക്ക് നല്കുന്നതിനു പിന്നിലെ പ്രധാന കാരണം ഈ നിറം സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുമെന്നതാണ്. അക്കാരണത്താല്‍ വിമാനത്തിന്റെ ഉള്‍ഭാഗം കൂടുതല്‍ തണുപ്പേറിയതാവും. ചൂടു കൂടുന്നതു മൂലമുണ്ടാവുന്ന പ്രശ്നങ്ങള്‍ പരമാവധി കുറയ്ക്കുകയെന്നതാണ് വെള്ള നിറം കൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്നു മുന്‍ പൈലറ്റും ഇപ്പോള്‍ നെവാഡ സര്‍വകലാശാല പൈലറ്റുമായ ഡാന്‍ ബബ് പറയുന്നു.
നല്ല വെയിലത്ത് ഇട്ട കാറില്‍ ആദ്യം ഡോര്‍ തുറന്നു കയറുമ്പോഴത്തെ അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ. ഇതേ പ്രശ്നം വിമാനങ്ങളിലുമുണ്ട്. ചൂടു കാലാവസ്ഥയുള്ള പ്രദേശത്തുള്ളവര്‍ക്ക് ഇരുണ്ട നിറങ്ങളുള്ള കാറുകളുടെ ഉള്‍ഭാഗം വേഗത്തില്‍ ചൂടു പിടിക്കുന്നതിന്റെ അനുഭവമുണ്ടാവും. വെള്ള നിറത്തിലുള്ള കാറുകള്‍ പതിയെ മാത്രം ചൂടു പിടിക്കുന്നതു പോലെയാണ് വിമാനങ്ങളുടെ കാര്യവും.
വലിയ വിമാനങ്ങളാണെങ്കില്‍ ചൂടുപിടിച്ച ഉള്‍ഭാഗം തണുപ്പിക്കാന്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കേണ്ടി വരും. വെള്ള പെയിന്റ് അടിക്കുന്നതോടെ വിമാനങ്ങളുടെ ഇന്ധന ചെലവ് കുറയുകയാണ് ചെയ്യുന്നത്. ഭൂമിയിലെ ചൂട് മാത്രമല്ല ആകാശത്ത് ഉയര്‍ന്നു പറക്കുമ്പോള്‍ കൂടുതല്‍ ചൂടും ഹാനികരമായ റേഡിയേഷനുകളും വിമാനങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരും. വെളുപ്പ് പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം പ്രശ്നങ്ങളെ കൂടുതല്‍ കാര്യക്ഷമമായി നേരിടാന്‍ വെള്ള പെയിന്റടിച്ച വിമാനങ്ങള്‍ക്കു സാധിക്കും.
എല്ലാക്കാലത്തും വിമാനങ്ങളില്‍ വെള്ള നിറമായിരുന്നില്ല അടിച്ചിരുന്നത്. ആദ്യകാലത്ത് പല വിമാനങ്ങളിലും പെയിന്റു പോലും അടിച്ചിരുന്നില്ല. അലൂമിനിയം ബോഡി പോളിഷ് ചെയ്തായിരുന്നു അന്ന് ഉപയോഗിച്ചിരുന്നത്. 1970 കളിലാണ് മാറ്റങ്ങള്‍ വന്നു തുടങ്ങിയത്. അതിന് തുടക്കമിട്ടതാവട്ടെ എയര്‍ ഫ്രാന്‍സും.
എയര്‍ ഫ്രാന്‍സിന്റെ യൂറോ വൈറ്റ് വിമാനങ്ങള്‍ 1976 ല്‍ അവതരിപ്പിക്കപ്പെട്ടു. എയര്‍ലൈനുകള്‍ക്കിടയില്‍ തന്നെ ഈ വിമാനങ്ങള്‍ നിറത്തിന്റെ കാര്യത്തില്‍ അടിസ്ഥാന മോഡലായി മാറുകയും ചെയ്തു. 21–ാം നൂറ്റാണ്ടില്‍ ഈ പ്രവണത വര്‍ധിക്കുക മാത്രമാണ് ചെയ്തത്. 2013 വരെ അമേരിക്കന്‍ എയര്‍ലൈന്‍സ് അവരുടെ വിമാനങ്ങളെ പെയിന്റ് അടിക്കാതെ പോളിഷ് ചെയ്യുന്ന രീതി തുടര്‍ന്നു. എന്നാല്‍ അവരും ഇപ്പോള്‍ വെള്ള നിറമാണ് വിമാനങ്ങള്‍ക്ക് നല്‍കുന്നത്.
എല്ലാ വിമാനങ്ങളും വെള്ള നിറത്തിലല്ല പുറത്തിറങ്ങുന്നത്. മഞ്ഞ, ഇളം നീല നിറങ്ങളില്‍ മാത്രമല്ല എയര്‍ ന്യുസീലാന്റിന്റെ കറുപ്പ് നിറത്തിലുള്ള വിമാനങ്ങള്‍ വരെ ഇന്നുണ്ട്. വേഗതയുടെ കാര്യത്തില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ച യാത്രാ വിമാനമായ കോണ്‍കോര്‍ഡിലും വെള്ള നിറമാണ് അടിച്ചിരുന്നത്. ശബ്ദത്തിന്റെ രണ്ടിരട്ടി വേഗതയില്‍ സഞ്ചരിച്ചിരുന്ന ഒരു എയര്‍ ഫ്രാന്‍സ് കോണ്‍കോഡ് വിമാനം പിന്നീട് മാര്‍ക്കറ്റിങിന്റെ ഭാഗമായി പെപ്സിയുടെ നീല നിറത്തില്‍ 1996ല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ രണ്ട് ആഴ്ച മാത്രമാണ് കോണ്‍കോഡിന് നീല നിറം നല്‍കിയത്.