ADVERTISEMENT

തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾ പൊതുവെ കേൾക്കുന്ന ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് ‘ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പേടിയില്ലേ. നിന്നെ സമ്മതിക്കണം, കൂടെയുള്ളവരെ മറന്ന് എങ്ങനെ ഇങ്ങനെ കറങ്ങിനടക്കാൻ സാധിക്കുന്നു...’ അങ്ങനെ പോകുന്നു ക്ലീഷേ ചോദ്യങ്ങൾ. ഒരു സ്ത്രീയെന്ന നിലയിൽ ഒറ്റയ്ക്കു സഞ്ചരിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്യേണ്ട ആവശ്യംപോലുമില്ല. കാരണം യാത്ര ഓരോ മനുഷ്യനും അവനവനിലേയ്ക്കുള്ള മടക്കമാണ്. അത് ആണോ പെണ്ണോ എന്നില്ലാതെ എല്ലാവരും തിരിച്ചറിയേണ്ട ഒന്നാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ലഭിക്കുന്നതു സ്വാതന്ത്ര്യവും വ്യക്തിഗത വളർച്ചയും സ്വത്വത്തിലേക്കുള്ള തിരിഞ്ഞുനോട്ടവും പുതിയ പരിസരങ്ങളെ പരിചയപ്പെടലുമെല്ലാമാണ്. എങ്കിലും പല സ്ത്രീകളും ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ പലപ്പോഴും ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും അപരിചിതരിൽ നിന്നുപോലും അഭിപ്രായങ്ങളും ചോദ്യങ്ങളും ആശങ്കകളും നേരിടേണ്ടിവരാറുണ്ട്. സ്ഥിരമായി കേൾക്കുന്ന അത്തരം ചില ചോദ്യങ്ങളും ഉപദേശങ്ങളും അതിനുള്ള പ്രതികരണവും ഇതാ. 

ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പേടിയില്ലേ? 

ഈ ചോദ്യം ഒരിക്കലെങ്കിലും കേൾക്കാത്ത ഒരു സോളോ യാത്രികപോലുമുണ്ടാകില്ല. ഒരുപക്ഷേ ഏറ്റവും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങൾപോലും പതിവായി ചോദിക്കുന്ന ഒന്നാണിത്. നിങ്ങളുടെ സുരക്ഷയെക്കുറിച്ച് പ്രിയപ്പെട്ടവർ വിഷമിക്കുന്നത് സ്വാഭാവികമാണെങ്കിലും നിങ്ങളുടെ യാത്രാ തിരഞ്ഞെടുപ്പുകളെ ഭയത്തിന്റെ പേരിൽ സംശയിക്കാൻ പാടില്ല എന്നത് ഓർത്തിരിക്കേണ്ടത് കാര്യമാണ്. യാത്രയുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് മറ്റ് ആളുകളെപ്പോലെതന്നെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കും നന്നായി അറിയാം. ലക്ഷ്യസ്ഥാനങ്ങളെ കുറിച്ച് ഗവേഷണം നടത്തുക, സാഹചര്യത്തെക്കുറിച്ചുള്ള അവബോധം പരിശീലിക്കുക എന്നിങ്ങനെയുള്ള തയ്യാറെടുപ്പുകളും ആസൂത്രണവും ഈ ആശങ്കകൾ പരിഹരിക്കാൻ സഹായിക്കും. 

ശ്രദ്ധിക്കണം, പ്രത്യേകിച്ച് രാത്രിയിൽ

അടുത്ത ഉപദേശം ഇങ്ങനെയാണ്. ഒരർത്ഥത്തിൽ ഈ സുരക്ഷാ ആശങ്കകൾ സാധുതയുള്ളതാണ്, എന്നാൽ ഇത് ഒറ്റയ്ക്ക് പോകുന്ന സ്ത്രീ യാത്രക്കാർക്കു മാത്രമുള്ളതല്ല. ഒറ്റയ്ക്കായാലും മറ്റുള്ളവരുടെ കൂടെയായാലും എല്ലാവരും ജാഗ്രത പാലിക്കണം. നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക എന്നതാണ് വേണ്ടത്. പിന്നെ നമ്മുടെ നാട്ടിലാണെങ്കിൽ ഒറ്റയ്ക്ക് രാത്രി യാത്ര ചെയ്യുന്നത് സ്ത്രീക്കും പുരുഷനുമെല്ലാം കുറച്ച് അപകടം നിറഞ്ഞതു തന്നെയാണ്. മാത്രമല്ല കാലങ്ങളായി നമ്മുടെ നാട്ടിലെ രാത്രികൾ ആണുങ്ങൾക്കു മാത്രമുള്ളതാണെന്ന ഒരു ധാരണയും നിലനിൽക്കുന്നുണ്ട്, അതുകൊണ്ടു കൂടിയാണ് ഒരു സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ഇത്തരം സാഹചര്യങ്ങൾ ഉടലെടുക്കുന്നത്. 

നീ വളരെ ധൈര്യശാലിയാണ്

ഒരു സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യാനെടുക്കുന്ന തീരുമാനം അക്ഷരാർത്ഥത്തിൽ ധീരമായ ഒന്നുതന്നെയാണ്. പക്ഷേ നിന്നെ സമ്മതിക്കണം എങ്ങനെ ഒറ്റയ്ക്ക് പോകാൻ ധൈര്യം വന്നു, നിന്റെ ധൈര്യം സമ്മതിക്കണം എന്നൊക്കെയുള്ള പ്രശംസാവാക്കുകൾ മറ്റൊരു തരത്തിൽ ഇരുതലമൂർച്ചയുള്ള വാളുപോലെയാണ്. ഒരു വശത്ത്, നിങ്ങളുടെ സ്വാതന്ത്ര്യത്തിനും സാഹസിക മനോഭാവത്തിനും അംഗീകാരം ലഭിക്കുന്നത് സന്തോഷകരമായൊരു സമീപനമാണെങ്കിൽ മറുവശത്ത് സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് എന്തോ  അസാധാരണമായ കാര്യമാണെന്ന ധ്വനി പ്രതിഫലിപ്പിക്കുന്നു.  

നിങ്ങൾക്ക് ഒരു ബാക്കപ്പ് പ്ലാൻ ഉണ്ടോ?

ഒരു ബാക്കപ്പ് പ്ലാൻ ഉണ്ടായിരിക്കുന്നത് നിസ്സംശയമായും ബുദ്ധിപരമായ ഒരു യാത്രാ തന്ത്രമാണ്, എന്നാൽ ഇത് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കു മാത്രമുള്ളതല്ല. സ്വതന്ത്രമായി യാത്ര ചെയ്യുക എന്നതിനർത്ഥം സമ്പന്നമായൊരു അനുഭവസമ്പത്ത് നേടിയെടുക്കുക എന്നതാണ്. പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടക്കുന്നില്ലെങ്കിൽ ഉത്തരവാദിത്വമുള്ളൊരു യാത്രിക എന്ന നിലയിൽ എപ്പോഴും ഒരു ബാക്കപ്പ് പ്ലാൻ ഉണ്ടായിരിക്കുന്നത് നല്ലതുതന്നെയാണ്. ഒരു സ്ത്രീയെന്ന നിലയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള നിങ്ങളുടെ തീരുമാനത്തെ അടുത്ത തവണ ആരെങ്കിലും ചോദ്യം ചെയ്യുമ്പോൾ, നിങ്ങളുടെ സ്വാതന്ത്ര്യത്തിലും സാഹസിക മനോഭാവത്തിലും ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും പ്രതികരിക്കുക. 

English Summary:

How to Respond to Common Remarks About Traveling Alone as a Woman.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com