വൻ വിലക്കുറവിൽ ഷോപ്പിങ് നടത്തണോ? ഇന്ത്യയിലെ ഈ സ്ഥലങ്ങൾ സന്ദർശിക്കാം
Mail This Article
ഒരു പുതിയ നഗരത്തിലേക്ക് യാത്ര ചെയ്യുമ്പോൾ, അത് ജോലി സംബന്ധമായോ അല്ലെങ്കിൽ യാത്രയായോ ആകട്ടെ, ഷോപ്പിങ് എല്ലാവരുടെയും മനസ്സിലുള്ള ഒന്നാണ്. പോകുന്നയിടത്തിന്റെ ഓർമയ്ക്കായി ഒരു സുവനീർ സ്വന്തമാക്കാനോ അല്ലെങ്കിൽ നാട്ടിലെ പ്രിയപ്പെട്ടവർക്കു കുറച്ചു സമ്മാനങ്ങൾ വാങ്ങാനോ ആഗ്രഹിക്കാത്തവരായി ഉണ്ടാകില്ല. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയുടെ ഭൂപടത്തിൽ ഉയർന്നുവരുന്ന വിശാലമായ ഷോപ്പിങ് മാളുകൾ സത്യത്തിൽ ഷോപ്പിങ്ങിന്റെ രസം കൊല്ലികളാണ്. കാരണം യഥാർത്ഥ ഷോപ്പിങ് അനുഭവം സൂക്ഷിച്ചിരിക്കുന്നത് തിരക്കേറിയ തെരുവ് മാർക്കറ്റുകളിൽ തന്നെയാണ്. പുരാതന കാലം മുതൽ തുടർന്നുപോരുന്ന മാർക്കറ്റുകൾ മുതൽ എന്നും ഏവരുടേയും മനസ്സ് കീഴടക്കിയ പ്രശസ്തമായ മാർക്കറ്റുകൾ വരെയുണ്ട് നമ്മുടെ രാജ്യത്ത്. ഇതാ ഏറ്റവും പ്രശസ്തമായ ചില മാർക്കറ്റുകൾ.
സരോജിനി നഗർ ബസാർ, ഡൽഹി
ഡൽഹിക്കാർ 'എസ്എൻ' എന്ന് സ്‌നേഹപൂർവ്വം വിളിക്കുന്ന സരോജിനി നഗർ, ഡൽഹിയിലെ ഷോപ്പിങ്ങിനെക്കുറിച്ചു പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്ന പേരാണ്. ഏറ്റവും കുറഞ്ഞ വിലയിൽ നിങ്ങൾക്ക് ഏറ്റവും പുതിയ ട്രെൻഡുകൾ കണ്ടെത്താൻ കഴിയുന്ന മറ്റൊരിടം ഇന്ത്യയിൽ ഉണ്ടാകില്ല. ഷോപ്പിങ് മാളുകളും ബ്രാൻഡഡ് കമ്പനികൾ തങ്ങളുടെ ഷോപ്പുകൾ വഴിയോ എത്രയൊക്കെ ഡിസ്കൗണ്ടുകൾ നൽകാമെന്നു പ്രഖ്യാപിച്ചാലും അതൊന്നും സരോജിനി നഗറിന്റെ ഏഴയലത്ത് എത്തില്ല. കാരണം ഇവിടെ നിങ്ങൾക്ക് എന്തും രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ഷൂസ്, ബ്രേസ്ലെറ്റുകൾ, നെക്ക്പീസ്, പലതരം ആഭരണങ്ങൾ മുതൽ വിവിധ ബ്രാൻഡഡ് വസ്ത്രങ്ങൾ, ക്ലച്ചുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ വരെ നിങ്ങൾക്ക് ഇവിടെ ലഭിക്കും.
രസകരമായ വസ്തുത: സാറ & മാംഗോ പോലുള്ള രാജ്യാന്തര ബ്രാൻഡുകളുടെ ആദ്യ പകർപ്പുകൾ പോലും സരോജിനി നഗറിൽ കണ്ണഞ്ചിപ്പിക്കുന്ന വിലക്കുറവിൽ നിങ്ങൾക്കു ലഭിക്കും.
പ്രവർത്തന സമയം ∙ ചൊവ്വാഴ്ച മുതൽ ഞായർ വരെ രാവിലെ 10 മുതൽ രാത്രി 9 വരെ. തിങ്കളാഴ്ച അവധി.
ഏറ്റവും അടുത്തുള്ള ബസ് സ്റ്റോപ്പ്/മെട്രോ സ്റ്റേഷൻ: S. J. ഹോസ്പിറ്റൽ ബസ് സ്റ്റോപ്പ്, എയിംസ് മെട്രോ സ്റ്റേഷൻ.
ന്യൂ മാർക്കറ്റ് കൊൽക്കത്ത
കൊൽക്കത്തയിലെ ഈ ഷോപ്പ് സഞ്ചാരികളുടെ പ്രിയപ്പെട്ട ഹാംഗ്ഔട്ട് സ്ഥലമാണ്. അതുപോലെ കൊൽക്കത്ത സന്ദർശിക്കുന്ന ആരും ഒരു വട്ടമങ്കിലും മാർക്കറ്റിൽ പോകാതെ മടങ്ങില്ല. രണ്ടായിരത്തിൽ കുറയാത്ത കടകളും സ്റ്റാളുകളും ഇവിടെയുണ്ട്. കൊൽക്കത്തയിലേക്കുള്ള നിങ്ങളുടെ അടുത്ത യാത്രയിൽ പ്രശസ്ത ബംഗാളി സാരി വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ സന്ദർശിക്കേണ്ട ഒരേയൊരു സ്ഥലം ന്യൂ മാർക്കറ്റ് ആണ്.
∙ 1874-ൽ സ്ഥാപിതമായ ഇത് കൊൽക്കത്ത നഗരത്തിലെ ഏറ്റവും പഴക്കമുള്ള മാർക്കറ്റും ഇന്ത്യയിലെ ഏറ്റവും പഴയ മാർക്കറ്റുകളിൽ ഒന്നുമാണ്.
പ്രവർത്തന സമയം ∙ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ രാത്രി 8 വരെ, ശനിയാഴ്ച-ഉച്ചകഴിഞ്ഞ് 2:30 വരെ. ഞായറാഴ്ച അവധി. ഏറ്റവും അടുത്തുള്ള ബസ് സ്റ്റോപ്പ്/മെട്രോ സ്റ്റേഷൻ: എസ്പ്ലനേഡ് മെട്രോ സ്റ്റേഷൻ.
പൊലീസ് ബസാർ, ഷില്ലോങ്ങ്
ഷില്ലോങ്ങിലെ ഹിൽ സ്റ്റേഷനിൽ മാത്രമല്ല, മേഘാലയയിലെ തന്നെ ഏറ്റവും പ്രശസ്തമായ ഷോപ്പിങ് ഏരിയയാണ് പൊലീസ് ബസാർ. ഈ പ്രദേശത്തെ ഗോത്രവർഗ്ഗക്കാർ നിർമിച്ച മനോഹരമായ കരകൗശലവസ്തുക്കൾക്കായി നിങ്ങൾ തിരയുകയാണെങ്കിൽ, പൊലീസ് ബസാറാണ് നിങ്ങളുടെ ഏറ്റവും മികച്ച ചോയ്സ്. ഇവിടെ വിൽക്കുന്ന മിക്ക സാധനങ്ങളും ന്യായമായ വിലയിൽ ലഭിക്കും, പോക്കറ്റ് കാലിയാകാതെ അടിപൊളിയൊരു ഷോപ്പിങ് എക്സ്പീരിയൻസ് ഇവിടെ ആസ്വദിക്കാം. മാർക്കറ്റ് വളരെ വലുതും വിവിധ ഷോപ്പിങ് ആകർഷണങ്ങളാൽ നിറഞ്ഞതുമാണ്.
∙പ്രവർത്തന സമയം: രാവിലെ 8 മണി മുതൽ
ജൻപഥ് ഡൽഹി
ഷോപ്പിങ് സ്റ്റോറുകളുടെയും സ്ട്രീറ്റ് മാർക്കറ്റുകളുടെയും അമ്പരപ്പിക്കുന്ന എണ്ണം കാരണം, തലസ്ഥാന നഗരി ഇന്ത്യയിലെ ഏറ്റവും മികച്ച ഷോപ്പിങ് ഡെസ്റ്റിനേഷൻ എന്ന ഖ്യാതി നേടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി നഗരത്തിലെ വിലപേശലിന്റെ പര്യായമായി മാറിയ പേര് ജൻപഥ് എന്നാണ്. ജൻപഥ് മാർക്കറ്റ് ഫാഷൻ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുക മാത്രമല്ല, അവിടുത്തെ കടകളിലൂടെ ഇന്ത്യയുടെ സംസ്കാരം പകരുകയും ചെയ്യുന്നു. തലസ്ഥാന നഗരത്തിലെ ഈ ഗോഥിക് മാർക്കറ്റിന് രണ്ട് വ്യത്യസ്ത പാതകളുണ്ട്. ഒന്ന് ഇന്ത്യൻ കരകൗശലവസ്തുക്കൾ, കൈത്തറികൾ, ബാഗുകൾ, സുവനീറുകൾ എന്നിവ ലഭിക്കുന്ന ഷോപ്പുകൾ, മറ്റൊരു പാത നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിടർത്തുന്ന നിരക്കിൽ തെരുവ് ശൈലിയിലുള്ള വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും വിൽക്കുന്ന പ്രാദേശിക കച്ചവടക്കാരാൽ നിറഞ്ഞിരിക്കുന്നു. ഈ വിപണിയുടെ പിൻഭാഗത്ത് ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള മനോഹരമായ കരകൗശല വസ്തുക്കൾ വിൽക്കുന്ന കുറച്ച് സ്റ്റാളുകളുമുണ്ട്.
∙ ഇന്ത്യാ ഗേറ്റ്, ജന്തർ മന്തർ, മാഡം തുസാഡ്സ് തുടങ്ങിയ നഗരത്തിലെ നിരവധി പ്രശസ്തമായ സ്ഥലങ്ങളുടെ സമീപത്താണീ മാർക്കറ്റ് ഈ പറഞ്ഞ സ്ഥലങ്ങളെല്ലാം മാർക്കറ്റിൽ നിന്നും 2 കിലോമീറ്ററിനുള്ളിലാണ്.
∙പ്രവർത്തന സമയം: തിങ്കൾ-ശനി, രാവിലെ 10:30 മുതൽ രാത്രി 8:30 വരെ
ഏറ്റവും അടുത്തുള്ള ബസ് സ്റ്റോപ്പ്/മെട്രോ സ്റ്റേഷൻ: ജൻപഥ്, രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനുകൾ.
ജോഹരി ബസാർ, ജയ്പൂർ
ജോഹരി ബസാറിൽ നിങ്ങൾക്ക് എണ്ണമറ്റ സാധനങ്ങൾ കണ്ടെത്താൻ കഴിയും, എന്നാൽ മിക്ക ഷോപ്പർമാരെയും ഇവിടേക്ക് ആകർഷിക്കുന്നത് രാജസ്ഥാന്റെ തനത് ആഭരണങ്ങളാണ്. രത്നങ്ങൾ, വജ്രം, വിലപിടിപ്പുള്ള ലോഹങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന ജ്വല്ലറികളുടെ കേന്ദ്രം കൂടിയാണിവിടം. പരമ്പരാഗത രാജസ്ഥാനി ആഭരണങ്ങളും കരകൗശല വസ്തുക്കളുമെല്ലാം അങ്ങേയറ്റം വിലക്കുറവിൽ ഇവിടെ നിന്നും വാങ്ങാം.
∙ ജോഹരി ബസാറിലായിരിക്കുമ്പോൾ, പിങ്ക് സിറ്റിയിലെ ഏറ്റവും പഴക്കമേറിയതും ജനപ്രിയവുമായ മധുരപലഹാരക്കടകളിൽ ഒന്നായ ലക്ഷ്മി മിഷ്ഠൻ ഭണ്ഡാർ സന്ദർശിക്കാൻ മറക്കരുത്.
∙ പ്രവർത്തന സമയം : ആഴ്ചയിലെ എല്ലാ ദിവസവും; രാവിലെ 10 മുതൽ രാത്രി 11 വരെ
ഏറ്റവും അടുത്തുള്ള ബസ് സ്റ്റോപ്പ്/മെട്രോ സ്റ്റേഷൻ: ബാഡി ചോപ്പർ ബസ് സ്റ്റോപ്പ്.
ജ്യൂ സ്ട്രീറ്റ്, കൊച്ചി
കൊച്ചിയുടെ ജ്യൂ സ്ട്രീറ്റിനെക്കുറിച്ച് അധികം വിവരക്കേണ്ട ആവശ്യമില്ല. പൗരാണികവും ചരിത്രവുംഇഷ്ടപ്പെടുന്നവരുടെ പറുദീസയാണ് ജ്യൂ ടൗൺ സ്ട്രീറ്റ്. ശിൽപങ്ങളും പെയിന്റിംഗുകളും മറ്റും പോലെയുള്ള അപൂർവവും ആകർഷകവുമായ പുരാതന വസ്തുക്കൾ വിൽക്കുന്ന കടകളാൽ നിറഞ്ഞതാണ് ഈ സ്ട്രീറ്റ്. തെരുവിലേയ്ക്കു പ്രവേശിക്കുമ്പോൾ ഏലം, ഗ്രാമ്പൂ, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ സുഗന്ധം നിങ്ങളെ സ്വാഗതം ചെയ്യും. മാർക്കറ്റിൽ സുഗന്ധവ്യഞ്ജനങ്ങൾ വിൽക്കുന്ന നിരവധി കടകളുണ്ട്.
∙ 1524-ൽ യഹൂദന്മാർ ഇവിടെ അഭയം പ്രാപിക്കുകയും ജീവിതം ആരംഭിക്കുകയും ചെയ്തതോടെ, ഈ സ്ഥലം ജൂത നഗരം എന്നു നാമകരണം ചെയ്യപ്പെട്ടു.
∙പ്രവർത്തന സമയം : ആഴ്ചയിലെ എല്ലാ ദിവസവും രാവിലെ 5 മുതൽ രാത്രി 9 വരെ.
ബീഗം ബസാർ, ഹൈദരാബാദ്
ലോകപ്രശസ്തമായ ചാർമിനാറിൽനിന്ന് മുസി നദിക്ക് അക്കരെയാണ് ബീഗം ബസാർ. ഹൈദരാബാദിലെ ഏറ്റവും വലിയ മൊത്തവ്യാപാര വിപണി. നൂറ്റാണ്ടുകൾക്കു മുൻപ് കുത്തബ് ഷാഹി രാജവംശത്തിന്റെ കാലത്താണ് ഈ സ്ട്രീറ്റ് തുടങ്ങുന്നത്. സ്വർണം, വെള്ളി ആഭരണങ്ങൾ, വീട്ടുപകരണങ്ങൾ, ഡ്രൈ ഫ്രൂട്ട്‌സ്, പാത്രങ്ങൾ, മതപരമായ വസ്തുക്കൾ, മധുരപലഹാരങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ അങ്ങനെ എല്ലാം മൊത്തവിലയ്ക്ക് ഇവിടെ ലഭ്യമാണ്. പ്രശസ്തമായ ഹൈദരാബാദി ബിരിയാണി അടക്കം പലതരം വിഭവങ്ങൾ വിളമ്പുന്ന നിരവധി സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളും ഈ ബസാറിന്റെ പ്രത്യേകതയാണ്.
∙ ഇവിടെ കാറുകളോ ഓട്ടോറിക്ഷകളോ അനുവദനീയമല്ല, അതിനാൽ നിങ്ങൾക്കു താരതമ്യേന ശുദ്ധവായു ശ്വസിച്ചുകൊണ്ട് നടന്നു ഷോപ്പിങ് ആസ്വദിക്കാം.
∙പ്രവർത്തന സമയം: ആഴ്ചയിലെ എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 11 വരെ ബസാർ തുറന്നിരിക്കും. ഞായറാഴ്ചകളിൽ ചില കടകൾ അടഞ്ഞുകിടക്കും.