കുറഞ്ഞ ചെലവില്‍ വിദേശ യാത്ര, ഇന്ത്യൻ രൂപയ്ക്ക് മൂല്യമുള്ള രാജ്യങ്ങൾ തിരഞ്ഞെടുക്കാം
Mail This Article
വിദേശ യാത്രക്കൊരുങ്ങുന്നവര്‍ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് സാമ്പത്തികം. യൂറോപ്പടക്കമുള്ള പല വികസിത രാജ്യങ്ങളിലേക്കും യാത്രക്കായി വലിയ തുക തന്നെ കയ്യില്‍ കരുതേണ്ടിവരും. എന്നാൽ ഏഷ്യൻ രാജ്യങ്ങൾ നമുക്ക് കുറച്ചു കൂടി ബജറ്റിൽ ഒതുങ്ങിയ യാത്ര ചെയ്യാൻ അവസരമൊരുക്കാറുണ്ട്. എങ്കിലും കയ്യിലെ കാശ് അധികം ചെലവാക്കാതെ എങ്ങനെ യാത്ര നടത്താം എന്നുതന്നെയായിരിക്കും നമ്മുടെയൊക്കെ ചിന്ത. അങ്ങനെ പോക്കറ്റിലൊതുങ്ങുന്ന ഒരു ട്രിപ്പ് പ്ലാൻ ചെയ്യാം ഇനി പറയുന്ന രാജ്യങ്ങളിലേയ്ക്ക്. കാരണം ഈ രാജ്യങ്ങളിലെല്ലാം നമ്മുടെ ഇന്ത്യൻ രൂപയ്ക്കാണ് മുല്യം കൂടുതൽ.
1 ഇന്ത്യൻ രൂപ = 193 ഇന്തൊനീഷ്യൻ റുപിയ
ഏഷ്യന്‍ ദ്വീപ് രാജ്യമായ ഇന്തോനേഷ്യ ഏറ്റവും അധികം പേർ സന്ദർശിക്കുന്ന ഒരു ബീച്ച് ഡെസ്റ്റിനേഷനാണ്. ഇന്ത്യൻ, പസഫിക് സമുദ്രങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന 17,000-ൽ അധികം ദ്വീപുകളുള്ള തെക്കുകിഴക്കൻ ഏഷ്യയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വിശാലമായ രാജ്യമാണ് ഇന്തൊനീഷ്യ . ബാലിയാണ് രാജ്യത്തെ പ്രധാന ടൂറിസ്റ്റ് സ്പോട്ട്. ഇവിടെയെത്തിയാൽ നമുക്ക് കയ്യിലെ പണം അധികം ചെലവാക്കാതെ ചുറ്റിയടിക്കാനാവും. കറന്‍സി വിനിമയ നിരക്കില്‍ 1 ഇന്ത്യന്‍ രൂപ 180 ഇന്തോനേഷ്യന്‍ രൂപയ്ക്ക് സമമാണ്.
1 ഇന്ത്യന്‍ രൂപ = 50 കംബോഡിയന്‍ റേൽ
അങ്കോര്‍ വാട്ട്, സ്‌റ്റോണ്‍ ടെംമ്പിള്‍ അടക്കമുള്ള ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും രാജ്യത്തെ പ്രധാനപ്പെട്ട മ്യൂസിയങ്ങളും കൊട്ടാരങ്ങളും കുറഞ്ഞ ചെലവില്‍ നിങ്ങള്‍ക്ക് സന്ദര്‍ശിക്കാം. ഇന്ത്യയിൽ നിന്നും യാത്ര ചെയ്യാൻ സാധിക്കുന്ന ബജറ്റ് ഫ്രണ്ട്ലി രാജ്യങ്ങളിലൊന്നാണ് കംബോഡിയ. കംബോഡിയൻ റേൽ ആണ് രാജ്യത്തെ കറൻസി. ഒരു ഇന്ത്യൻ രൂപ 50 കംബോഡിയൻ റേലിന് തുല്യമാണ്. കംബോഡിയയിലേക്കുള്ള യാത്രയുടെ പ്രധാന കാരണം തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും മഹത്തായ പുരാവസ്തു നിധിയായ അങ്കോർ വാട്ടാണ്. എന്നാൽ കംബോഡിയയിൽ അങ്കോർ വാട്ട് ക്ഷേത്രങ്ങളേക്കാൾ കൂടുതൽ കാണാനും അറിയാനുമുണ്ട്.
1 ഇന്ത്യൻ രൂപ = 302 വിയറ്റ്നാമീസ് ഡോങ്ങ്
ഒരു ഇന്ത്യന്‍ രൂപ കൊടുത്താല്‍ 285 വിയറ്റ്‌നാമീസ് ഡോങാണ് നിങ്ങള്‍ക്ക് ലഭിക്കുക. നമ്മുടെ രാജ്യത്തുനിന്നും ഏറ്റവും ചെലവ് കുറഞ്ഞ് യാത്ര ചെയ്യാൻ സാധിക്കുന്ന രാജ്യമാണ് വിയറ്റ്നാം. ഹണിമൂൺ ട്രിപ്പുകൾ, സുഹൃത്തുക്കൾ, ഫാമിലി... എങ്ങനെ വേണമെങ്കിലും വലിയൊരു ഗ്രൂപ്പായി തന്നെ നമുക്ക് ഇവിടേയ്ക്ക് യാത്ര പ്ലാൻ ചെയ്യാം. നൈറ്റ് ടൂറിസത്തിനും പൗരാണിക സംസ്‌കാരത്തിനും വൈവിദ്യമായ ഭക്ഷണങ്ങള്‍ക്കും പേരുകേട്ട നാടാണിവിടം എന്നതിനാൽ ഷോപ്പിങ്ങിനും മികച്ച അവസരം ലഭിക്കും. നമ്മുടെ രൂപയ്ക്ക് നല്ല മൂല്യം ഉള്ളതിനാൽ പോക്കറ്റ് ചോരാതെ കണ്ടുമടങ്ങാം.
1 ഇന്ത്യൻ രൂപ = 3.62 ശ്രീലങ്കൻ റുപ്പി
ഇന്ത്യയുമായി സാംസ്‌കാരികമായി വലിയ ബന്ധമുള്ള ഇവിടം ഏഷ്യയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ കൂടിയാണ്. 1 ഇന്ത്യന്‍ രൂപ 3.75 ശ്രീലങ്കന്‍ റുപ്പിക്ക് തുല്യമാണ്. അതുകൊണ്ടു തന്നെ ബജറ്റിനകത്ത് ലങ്കയിലെ ചരിത്ര സ്മാരകങ്ങളും ബീച്ചുകളും ട്രെക്കിങ് സ്‌പോട്ടുകളും സന്ദര്‍ശിക്കാനുള്ള അവസരമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്. ഇന്ത്യയില്‍ നിന്ന് കുറഞ്ഞ ചെലവില്‍ വിമാന സര്‍വ്വീസുകളും ലഭ്യമാണ്.
1 ഇന്ത്യൻ രൂപ= 1.8 ജാപ്പനീസ് യെൻ
അത്ര വലിയ മാറ്റമൊന്നും ഇന്ത്യൻ രൂപയും ജാപ്പനീസ് യെനും തമ്മിൽ ഇല്ലെങ്കിലും ബജറ്റ് യാത്രയുടെ കാര്യം വരുമ്പോൾ നമുക്ക് തിരഞ്ഞെടുക്കാവുന്ന ഒരു രാജ്യമാണ് ജപ്പാൻ. ടെക്‌നോളജിയുടെയും സമ്പന്നമായ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഒരു ഒത്തുകൂടലാണ് ജപ്പാൻ എന്ന മനോഹരമായ രാജ്യം. ഷോപ്പിങ്ങ് പ്രേമികളുടെ പറുദീസ എന്നുകൂടി വിളിക്കപ്പെടുന്ന ജപ്പാനിൽ ഇലക്ട്രോണിക് ഐറ്റംസ് ഒക്കെ വളരെ വിലക്കുറവിൽ വാങ്ങാൻ സാധിക്കും.
1 ഇന്ത്യന്‍ രൂപ= 4.29 ഹങ്കേറിയന്‍ ഫോറിന്റ്
ഹംഗറിയിലെയും അതിന്റെ മഹത്തായ നഗരങ്ങളിലെയും കാഴ്ചകൾ യൂറോപ്പിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നായ ബുഡാപെസ്റ്റ് മുതൽ ഇക്കോ ടൂറിസ്റ്റുകൾക്കും പക്ഷിപ്രേമികൾക്കും മികച്ച ദേശീയ പാർക്കുകളിലൂടെ പ്രശസ്തമായ ഹംഗേറിയൻ തെർമൽ ബത്ത്, സ്പാകൾ വരെ നീണ്ടുകിടക്കുന്നു. സമീപ കാലത്തായി ഹംഗറി ഇന്ത്യൻ യാത്രികരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി മാറിയിട്ടുണ്ട്. വർഷത്തിൽ ലക്ഷകണക്കിനു പേരാണ് ബുഡാപെസ്റ്റ് സന്ദർശിക്കുന്നത്. ഒരു ഇന്ത്യൻ രൂപ 4.1 ഹംഗറിയൻ ഫോറിന്റിന് തുല്യമാണ്.
1 ഇന്ത്യന്‍ രൂപ = 6.26 കോസ്‌റ്റോറിക്കന്‍ കോലന്‍
6.5 കോസ്റ്റാറിക്കൻ കോലൻ ആണ് ഒരു ഇന്ത്യൻ രൂപ എന്നതാണ് രാജ്യാന്തര മാര്‍ക്കറ്റിലെ വിനിമയ നിരക്ക്. കോസ്റ്റാറിക്ക സമൃദ്ധമായ നാടാണ്. രാജ്യത്തിന്റെ പേരുപോലെ തന്നെ സമ്പന്നമായ തീരങ്ങൾ നിറഞ്ഞ ബീച്ച് ഡെസ്റ്റിനേഷനാണ് കോസ്റ്റാറിക്ക. ക്രിസ്റ്റഫർ കൊളംബസ് 1502-ൽ ഇത് കണ്ടെത്തിയ ഒരു പ്രകൃതി വിസ്മയമാണ് ഇവിടം. ഈ സമാധാനപരമായ മധ്യ അമേരിക്കൻ രാജ്യത്തിന് കരീബിയൻ, പസഫിക് എന്നിവയ്‌ക്കൊപ്പം വിപുലമായ തീരപ്രദേശങ്ങളുണ്ട്. ലോകോത്തര ബീച്ചുകൾക്ക് പുറമേ, കോസ്റ്റാറിക്കയിൽ ഭൂമിയിലെ ഏറ്റവും ജൈവ വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളുണ്ട്.
1 ഇന്ത്യൻ രൂപ= 42 മംഗോളിയൻ തുഗ്രിക്ക്
ചെങ്കിസ്ഖാന്റെ സാമ്രാജ്യമായ മംഗോളിയയും ഇന്ത്യയിൽ നിന്നും ബജറ്റ് ഫ്രണ്ട്ലിയായി യാത്ര ചെയ്യാൻ സാധിക്കുന്ന രാജ്യമാണ്. വിശാലമായ സമതല പ്രദേശങ്ങള്‍ക്കും പുല്‍മേടുകള്‍ക്കും പേരുകേട്ട രാജ്യമായ ഇവിടം രാജ്യാന്തര ടൂറിസ്റ്റ് സാധ്യതകള്‍ തുറന്നിടുന്നുണ്ട്. 1 ഇന്ത്യന്‍ രൂപ നല്‍കിയാല്‍ 42 മംഗോളിയന്‍ തുഗ്രിക്ക് ലഭിക്കും. അതുകൊണ്ടു തന്നെ കുറഞ്ഞ ചെലവില്‍ രാജ്യം ചുറ്റിക്കാണാന്‍ നല്ലൊരു അവസരമാണ് മംഗോളിയ വാഗ്ദാനം ചെയ്യുന്നത്.