എത്യോപ്യയിലെ ആകാശ പള്ളി; ഇവിടെയത്താൻ നിങ്ങൾ പർവ്വതം കീഴടക്കണം
Mail This Article
ഒരു പള്ളി, വലിയൊരു മലയുടെ നടുക്കായി കൊത്തിയെടുത്തിരിക്കുന്നു. അതിലെത്താൻ, സന്ദർശകരും ആരാധകരും ഇരുവശത്തും ഏകദേശം 250 മീറ്റർ (820 അടി) താഴ്ചയോടുകൂടിയ പ്രകൃതിദത്ത കല്ല് പാലം കടക്കണം, അതിനുശേഷം ഒരു ഇടുങ്ങിയ മര നടപ്പാലം കടന്ന് 980 അടി ഉയരമുള്ള പാറക്കെട്ടിന് അഭിമുഖമായി 50 സെന്റീമീറ്റർ വീതിയുള്ള കുത്തനെയുള്ള പാറയിൽ കൊത്തിയെടുത്ത പടിക്കെട്ടുകളിലൂടെ അള്ളിപ്പിടിച്ച് കയറണം. ഈ ഭൂമിയിലെ ഏറ്റവും ഉയരത്തിലുള്ള ദേവാലയങ്ങളിൽ ഒന്നിലേക്കുള്ള യാത്രയാണ് ഈ വിവരിച്ചത്. അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ എത്യോപ്യയിലേക്കു ക്രിസ്തുമതം കൊണ്ടുവരുന്നതിനായി സിറിയ, കോൺസ്റ്റാന്റിനോപ്പിൾ അല്ലെങ്കിൽ റോം എന്നിവിടങ്ങളിൽ നിന്നു പുറപ്പെട്ട ഒമ്പത് വിശുദ്ധന്മാരിൽ ഒരാളായ സെന്റ് അബുന യെമാത്ത നിർമ്മിച്ച ആകാശപള്ളിയാണിത്.
എത്യോപ്യയിലെ ടിഗ്രേ റീജിയണിലെ ഹാവ്‌സെൻ വോറെഡയിൽ സ്ഥിതി ചെയ്യുന്ന ഒരു മോണോലിത്തിക്ക് പള്ളിയാണ് അബുന യെമാറ്റ ഗുഹ്. 2,580 മീറ്റർ അഥവാ 8,460 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആറാം നൂറ്റാണ്ടിലാണ് ഈ പള്ളി പണിതതെന്നാണ് സൂചന. പക്ഷേ അതിനെക്കുറിച്ച് അധികം അറിവൊന്നുമില്ല. അഞ്ചാം നൂറ്റാണ്ടിലെ താഴികക്കുടവും ചുവർ ചിത്രങ്ങളും അതിന്റെ വാസ്തുവിദ്യയും കൊണ്ട് ശ്രദ്ധേയമാണിവിടം. ഭൂമിയിലെ ഏറ്റവും അപ്രാപ്യമായ ആരാധനാലയമായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്.
മനുഷ്യന് അപ്രാപ്യമായ കാലത്തെ നിർമ്മിതി
ഇപ്പോൾ എത്യോപ്യയുടെ ഭാഗമായ ആക്സം എന്ന പുരാതന രാജ്യം ക്രിസ്തുമതം സ്വീകരിച്ച ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ്. അഞ്ചാം നൂറ്റാണ്ടോടെ, സിറിയയിൽ നിന്നും കോൺസ്റ്റാന്റിനോപ്പിളിൽ നിന്നും മറ്റിടങ്ങളിൽ നിന്നുമുള്ള ഒമ്പത് വിശുദ്ധന്മാർ കാരവൻ റൂട്ടുകൾക്കപ്പുറത്തേക്കും പർവതപ്രദേശങ്ങളിലേക്കും ആഴത്തിൽ വിശ്വാസം പ്രചരിപ്പിക്കാൻ തുടങ്ങി. എത്യോപ്യയിൽ ക്രിസ്തുമതത്തിന്റെ പ്രാരംഭ വളർച്ചയിൽ ഈ മിഷനറിമാർ ഒരു പ്രധാന പങ്ക് വഹിച്ചു. സന്യാസിമാർ ഗ്രീക്കിൽ നിന്ന് എത്യോപിക്കിലേക്ക് ബൈബിളും മറ്റ് മതഗ്രന്ഥങ്ങളും വിവർത്തനം ചെയ്തു, ഗ്രീക്ക് വായിക്കാൻ അറിയാത്ത പ്രദേശവാസികളെ ക്രിസ്തുമതത്തെക്കുറിച്ച് പഠിപ്പിക്കാൻ തുടങ്ങി. അങ്ങനെ എത്യോപ്യയിൽ ക്രിസ്തുമതം വളർന്നപ്പോൾ, മനോഹരമായ പള്ളികളും ആശ്രമങ്ങളും പർവതങ്ങൾക്ക് മുകളിൽ നിർമ്മിക്കപ്പെട്ടു,അവയിൽ പലതും ഇന്നും ഉപയോഗത്തിലുണ്ട്. അബുന യെമാറ്റ ഗുഹ് അതിലൊന്നാണ്.
ലംബമായ വലിയൊരു മലയുടെ ഒത്ത മുഖത്തായിട്ടാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. അങ്ങോട്ടേയ്ക്കെത്താൻ മറ്റു സംവിധാനങ്ങൾ ഇല്ല, ഇടുങ്ങിയ മലഞ്ചെരുവിലൂടെ വേണം അവിടേക്ക് എത്താൻ. യാത്രയുടെ അവസാന ഘട്ടത്തിൽ 19 അടി ഉയരമുള്ള പാറയുടെ ഒരു ഭിത്തി അള്ളിപ്പിടിച്ചു കയറേണ്ടതായും വരുന്നു. പള്ളിക്കുള്ളിൽ കണ്ടെത്തിയ പെയിന്റിംഗുകൾ 15-ആം നൂറ്റാണ്ടിലേതാണ്, കൂടാതെ സങ്കീർണ്ണമായ പാറ്റേണുകളും മതപരമായ പ്രതിരൂപങ്ങളും പന്ത്രണ്ട് അപ്പോസ്തലന്മാരിൽ ഒമ്പത് പേരുടെ ചിത്രീകരണങ്ങളും ഇവിടുത്തെ പള്ളിക്കുള്ളിൽ ഉൾക്കൊള്ളുന്നു. പ്രാദേശികമായി കാണപ്പെടുന്ന പൂക്കൾ, ധാതുക്കൾ, പഴങ്ങൾ എന്നിവയിൽ നിന്ന് ഉരുത്തിരിഞ്ഞ വസ്തുക്കൾ കൊണ്ടാണ് അവയൊക്കെയും വരച്ചിരിക്കുന്നത്.