എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് സ്പെഷല്‍ ട്രെയിന്‍; മലയാളികൾക്ക് ഉപകാരപ്പെടുന്നില്ല
Mail This Article
ബെംഗളൂരുവിലേക്കുള്ള യാത്രാ ദുരിതത്തിന് ആശ്വാസമായി ബുധനാഴ്ച്ച മുതലാണ് എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. യാത്രികരുടെ ഏറെക്കാലത്തെ ആവശ്യത്തെ തുടര്‍ന്ന് ആരംഭിച്ച ഈ വന്ദേഭാരത് ട്രെയിന്‍ സ്ഥിരമാക്കണമെന്ന ആവശ്യവും ശക്തമാണ്. ഇപ്പോഴത്തെ എറണാകുളം-ബെംഗളൂരു(06002) വന്ദേഭാരത് ട്രെയിനിന്റെ സമയത്തിലും നിരവധി പരാതികള്‍ ഉയരുന്നുണ്ട്. പ്രത്യേകിച്ചും ബെംഗളൂരുവില്‍ നിന്നും എറണാകുളത്തേക്കുള്ള ട്രെയിന്‍ മലയാളികള്‍ക്ക് ഉപകാരപ്പെടില്ലെന്നാണ് പരാതി. ബെംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന സമയം നീട്ടണമെന്ന ആവശ്യം സോഷ്യല്‍മീഡിയയിലും നിരവധി പേര് ഉയര്‍ത്തുന്നുണ്ട്.
പുറപ്പെടുന്ന സമയവും സ്റ്റേഷനും മാറ്റണം
ബെംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്നും ബെംഗളൂരു- എറണാകുളം വന്ദേഭാരത് പുലര്‍ച്ചെ 05.30നാണ് പുറപ്പെടുന്നത്. ഏറ്റവും കുറഞ്ഞത് രാവിലെ ആറുമണിയായെങ്കിലും ഈ സമയം പുനക്രമീകരിക്കണമന്നാണ് ട്രെയിന്‍ യാത്രികരുടെ കൂട്ടായ്മയായ 'ഫ്രണ്ട്സ് ഓണ്‍ റെയില്‍സ്' അംഗമായ ലിയോണ്‍സ് ജെ പറയുന്നത്. 'തിരുവനന്തപുരത്തെ കൊച്ചുവേളി പോലുള്ള റെയില്‍വേ സ്റ്റേഷനാണ് ബിഎന്‍സി. മറ്റു റെയില്‍വേസ്റ്റേഷനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബിഎന്സിയിലേക്കുള്ള യാത്ര എളുപ്പമല്ല. പ്രത്യേകിച്ച് പുലര്‍ച്ചെ 05.30ന് ബിഎന്സിയിലേക്ക് എത്തിച്ചേരണമെന്നത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. മജെസ്റ്റിക്(എസ്ബിസി) റെയില്‍വേസ്റ്റേഷനില്‍ നിന്നും വന്ദേഭാരത് യാത്ര തുടങ്ങിയാല്‍ അത് നിരവധി യാത്രികര്‍ക്ക് അനുഗ്രഹമാവും' എന്നാണ് ലിയോണ്‍സ് പറയുന്നത്.
മെട്രോ കണക്ടിവിറ്റിയുടെ കുറവും പ്രശ്നമാണെന്ന് ഓള് കേരള റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് കെജെ പോള്‍ മണ്‍വെട്ടം പറയുന്നു. 'ബെംഗളുരു- എറണാകുളം വന്ദേഭാരതിനെ ഞങ്ങള്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യുന്നു. എങ്കിലും ബെംഗളുരുവില്‍ നിന്നും പുറപ്പെടുന്ന സ്റ്റേഷന് മാറ്റിയാല്‍ അത് കൂടുതല്‍ യാത്രികര്‍ക്ക് ഉപകാരപ്പെടും. മെട്രോയുമായി ബന്ധമുള്ള മജെസ്റ്റികില്‍ നിന്നും വന്ദേഭാരത് യാത്ര ആരംംഭിച്ചാല് ഏറെ ഗുണമായിരിക്കും. പ്രതിദിന സര്‍വീസായി വന്ദേഭാരത് ഓടുന്ന കാര്യവും പരിഗണിക്കണം' പോള്‍ മണ്‍വെട്ടം കൂട്ടിച്ചേര്‍ത്തു.
സാധാരണക്കാരേയും ഉള്‍ക്കൊള്ളിക്കണം
സാമ്പത്തികമായി മുന്നിലുള്ളവര്‍ക്കു മാത്രമുള്ള ട്രെയിനായി വന്ദേഭാരത് മാറ്റുന്നതിനെതിരെയും പരാതികളുണ്ട്. 'സാധാരണക്കാര്‍ക്കു വേണ്ടി രണ്ട് ജനറല്‍ കംപാര്ട്ട്മെന്റുകളെങ്കിലും റെയില്‍വേക്ക് വന്ദേഭാരതില്‍ ഉള്‍ക്കൊള്ളിച്ചു കൂടേ? ഇങ്ങനെയൊരു കാര്യം കൂടി വന്ദേഭാരതില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് നിരവധി പേര് ആഗ്രഹിക്കുന്നുണ്ട്. മുന്‍കൂട്ടി റിസര്‍വ് ചെയ്യുന്നവരല്ലാത്ത യാത്രികര്‍ക്കും അങ്ങനെ വന്നാല്‍ വന്ദേഭാരതിന്റെ സേവനം ഉപയോഗപ്പെടുത്താനാവും' ലിയോണ്‍സ് പറയുന്നു.
സ്പെഷല്‍ ട്രെയിന്‍
യാത്രികരുടെ വമ്പിച്ച ആവശ്യം കണക്കിലെടുത്ത് എറണാകുളം-ബെംഗളുരു വന്ദേഭാരത് സ്പെഷല്‍ ട്രെയിനായിട്ടാണ് ദക്ഷിണ റെയില്‍വേ ആരംഭിച്ചിരിക്കുന്നത്. നേരത്തെ രണ്ടു തവണ കേരളത്തിലെത്തിച്ച വന്ദേഭാരത് റാക് കര്‍ണാടകയിലേക്കു കൊണ്ടുപോയിരുന്നു. ഇപ്പോഴത്തെ വന്ദേഭാരത് ഭാവിയില്‍ സ്ഥിരം സര്‍വീസാക്കി മാറ്റുമെന്നാണ് റെയില്‍വേ അധികൃതര്‍ നല്കുന്ന സൂചന. അതേസമയം എപ്പോള്‍ മുതല്‍ സ്ഥിരം ട്രെയിനാക്കുമെന്ന കാര്യം റെയില്‍വേ വ്യക്തമാക്കിയിട്ടില്ല.
വന്ദേഭാരത് സമയം
06001 എറണാകുളം- ബെംഗളൂരു(ബുധന്‍, വെള്ളി, ശനി). എറണാകുളം (12.50 PM), തൃശൂര്‍(1.53 PM), പാലക്കാട്(3.15 PM), പോത്തന്നൂര്‍(4.13 PM), തിരുപ്പൂര്‍(4.58 PM), ഈറോഡ്(5.45 PM), സേലം(6.33 PM), ബെംഗളുരു കന്റോണ്‍മെന്റ്(10 PM).
06002 ബെംഗളുരു-എറണാകുളം (വ്യാഴം, ശനി, തിങ്കള്‍). ബെംഗളുരു കന്റോണ്‍മെന്റ്(05.30 AM), സേലം(8.58 AM), ഈറോഡ്(9.50 AM), തിരുപ്പൂര്‍(10.33 AM), പോത്തന്നൂര്‍(11.15 AM), പാലക്കാട്(12.08 PM), തൃശൂര്‍(1.18 PM), എറണാകുളം(2.20 PM).