ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്കൂബ ഡൈവർമാരിൽ ഒരാൾ മലയാളിയാണ്
Mail This Article
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മാസ്റ്റർ സ്കൂബ ഡൈവർമാരിൽ ഒരാൾ മലയാളിയാണ്, ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ജിതിൻ അരുൺ ആണ് ആ മിടുക്കൻ. 12 വയസുള്ള ജിതിൻ അരുൺ അറിയപ്പെടുന്ന പ്രായം കുറഞ്ഞ ഡ്രമ്മരിൽ ഒരാൾ കൂടിയാണ്. ലോകത്തിലെ തന്നെ 2 ശതമാനം ഡൈവേഴ്സ് മാത്രം കരസ്ഥമാക്കിയിട്ടുള്ള മാസ്റ്റർ സ്കൂബ ഡൈവർ കൂടിയാണ് ജിതിൻ .
ചെറുപ്പം മുതലേ 25 മീറ്റർ പൂളിൽ 50 ലാപ്പ് പൂർത്തിയാക്കിയ ജിതിൻ ജലത്തോട് അസാമാന്യമായ സ്നേഹം പ്രകടിപ്പിച്ചിരുന്നു. ഈ താൽപര്യമാണ് സ്കൂബാ ഡൈവിങ്ങിലേക്ക് വഴിയൊരുക്കിയത്.
ഓപ്പൺ വാട്ടർ ഡൈവർ, അഡ്വാൻസ്ഡ് ഓപ്പൺ വാട്ടർ ഡൈവർ, നൈട്രോക്സ് ഡൈവിങ്, പീക്ക് പെർഫോമൻസ് ബൂയൻസി, അണ്ടർ വാട്ടർ നാവിഗേഷൻ, സെർച്ച് ആൻഡ് റിക്കവറി, റെസ്ക്യു ഡൈവർ ട്രെയിനിങ് എമർജൻസി ഫസ്റ്റ് റെസ് പോണ്ടർ കോഴ്സുകൾ എന്നിവയിൽ 50 ൽ അധികം മെഡലുകൾക്ക് അർഹനായ ജിതിൻ 70 അടി വരെ മുങ്ങിയിട്ടുണ്ട്. ജിതിനെ സംബന്ധിച്ചിടത്തോളം ജലാന്തർ ഭാഗത്തെ ലോകം ശാന്തതയുടെയും സൗന്ദര്യത്തിന്റെയും ഇടമാണ്.
സമുദ്രജീവികളും തിരമാലകൾക്ക് താഴെയുള്ള ശാന്തമായ അന്തരീക്ഷവും ജിതിൻ ആസ്വദിക്കുന്നു. ഗുഹ ഡൈവിങ്, റെക്ക് ഡൈവിങ് തുടങ്ങിയ കൂടുതൽ നൂതനമായ ഡൈവിങ് വിഷയങ്ങൾ ചെയ്യാനുള്ള ഒരുക്കത്തിലാണ് ജിതിൻ. ഇത്തരം സമുദ്രാന്തർ യാത്രകൾ വ്യക്തിഗത നേട്ടങ്ങൾക്കു മാത്രമല്ല, സമുദ്ര സംരക്ഷണത്തിൽ ജിതിൻ എറെ ശ്രദ്ധപതിപ്പിക്കുന്നു.സമുദ്ര ജീവികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് ജലത്തിനുളളിലെ വൃത്തിയാക്കൽ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിട്ടുണ്ട്.