‘നീലപ്പട്ടു’ടുത്ത് പരുന്തുംപാറ; ഇടുക്കി മലനിരകളിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം
Mail This Article
ഇടുക്കിയില്‍ വീണ്ടും നീലക്കുറിഞ്ഞി വസന്തം. പന്ത്രണ്ടു വര്‍ഷം കൂടുമ്പോള്‍ പൂക്കുന്ന സ്‌ട്രോബിലാന്തസ് കുന്തിയാന എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന നീലക്കുറിഞ്ഞി ഇടുക്കിയിലെ മലമടക്കുകളില്‍ വീണ്ടും പൂത്തു. സാധാരണ ഇരവികുളം ദേശീയ ഉദ്യാനം, പാമ്പാടും ചോല ദേശീയ ഉദ്യാനം, സൈലന്റ് വാലി ദേശീയ ഉദ്യാനം, സത്യമംഗലം മലകള്‍, കൊടൈക്കനാല്‍, മൂന്നാര്‍ എന്നിവിടങ്ങളിലെ ഉയരത്തിലും മഞ്ഞു മൂടിയതുമായ പ്രദേശങ്ങളിലാണ് നീലക്കുറിഞ്ഞികള്‍ പൂവിടുന്നത്.
ഇടുക്കി പീരുമേട്ടിലെ പരുന്തുംപാറയിലാണ് ഇപ്പോൾ നീലക്കുറിഞ്ഞികള്‍ പൂവിട്ടിരിക്കുന്നത്. വിശാലമായ പ്രദേശത്ത് പൂത്തിട്ടില്ലെങ്കില്‍ പോലും നീലക്കുറിഞ്ഞികളെ കാണാന്‍ ഇപ്പോള്‍ തന്നെ സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചിട്ടുണ്ട്. എവിടെ പോയാല്‍ നീലക്കുറിഞ്ഞികളെ കാണാനാവും? അവിടേക്ക് എങ്ങനെ എത്തിപ്പെടാം? ഏതു സമയമാണ് ഉചിതം? വിശദമായറിയാം.
മൗണ്ടന്‍ പൈറേറ്റ്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജിന്റെ ഉടമയും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ അഖില്‍ ഷാജി അടുത്തിടെ നീലക്കുറിഞ്ഞി പൂത്തതിന്റെ ഒരു വിഡിയോ പങ്കുവച്ചിരുന്നു. പരുന്തുംപാറയ്ക്കടുത്തുള്ള വണ്ടിയപ്പെരിയാര്‍ സ്വദേശിയാണ് അഖില്‍. ‘‘നീലക്കുറിഞ്ഞി പൂവിട്ടു തുടങ്ങിയിട്ട് രണ്ട് ആഴ്ചയേ ആയുള്ളൂ. സാധാരണ ഒന്നോ രണ്ടോ മാസം ഈ പൂക്കള്‍ വാടാതെ നില്‍ക്കും. മഴ തുടരുന്നതിനാല്‍ കൂടുതല്‍ കാലത്തേക്ക് പൂക്കള്‍ വാടാതെ നില്‍ക്കുമെന്നാണ് പ്രതീക്ഷ. വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രങ്ങളിലൊന്നാണ് പരുന്തുംപാറ. പരുന്തുംപാറയിലെ വ്യൂ പോയിന്റിന് നേരെ എതിര്‍ വശത്തായാണ് ഇത്തവണ നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്.’’ – അഖില്‍ പറയുന്നു.
∙ എങ്ങനെ എത്താം, ഏതു സമയം?
കോട്ടയം ഭാഗത്തു നിന്നും വരുന്ന സഞ്ചാരികള്‍ക്ക് കോട്ടയം – കുമളി റോഡ് വഴി പരുന്തുംപാറയിലേക്കെത്താനാവും. ഇവിടെ ജോസ് ഐലന്റ് റിസോര്‍ട്ടിന് (ഈഗിള്‍ റോക്ക് റിസോര്‍ട്ട്) കുറച്ചു മുൻപിലായാണ് സ്ഥലം. ശനി, ഞായര്‍ പോലുള്ള ഒഴിവു ദിവസങ്ങള്‍ പൊതുവേ തിരക്കേറിയതാവുമെന്നാണ് അഖില്‍ പറയുന്നത്.
എങ്കിലും മഴക്കാലമായതിനാല്‍ പകല്‍ ഏതു സമയത്തും ഇവിടേക്ക് എളുപ്പം എത്താനാവും. ‘‘ഉച്ചക്ക് ഒരുമണിയോടെയാണ് ഈ റീലില്‍ കാണുന്ന വിഡിയോ എടുത്തത്. ഉച്ചക്കു ശേഷം മൂന്നു മണിയോടെ ഈ പ്രദേശത്ത് കൂടുതല്‍ കോട മഞ്ഞ് കാണപ്പെടാറുണ്ട്’’ – അഖില്‍ ഓര്‍മിപ്പിക്കുന്നു. ഉച്ചക്കു മുമ്പു തന്നെ ഇവിടേക്ക് എത്തിച്ചേരുന്നവര്‍ക്കായിരിക്കും കൂടുതല്‍ നന്നായി നീലക്കുറിഞ്ഞി പൂക്കള്‍ ആസ്വദിക്കാനാവുക.
∙ നശിപ്പിച്ചാല്‍ ജയില്‍
കേരളത്തിലെ പശ്ചിമഘട്ടമേഖലയില്‍ കണ്ടു വരുന്ന തനതായ സസ്യമാണ് നീലക്കുറിഞ്ഞി. പ്രത്യേകിച്ചും നീലഗിരി മംഗളാദേവി മലകളില്‍. ഇവിടെ മാത്രമാണ് വിശാലമായ പ്രദേശങ്ങളില്‍ നീലക്കുറിഞ്ഞി പൂവിട്ട് കണ്ടു വരാറ്. ഈ അപൂര്‍വ സസ്യം പല തരത്തിലുള്ള ഭീഷണികളും നേരിടുന്നുവെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. അതുകൊണ്ടുതന്നെ നീലക്കുറിഞ്ഞിയുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ നടപടികളെടുത്തിട്ടുണ്ട്.
സംരക്ഷിത സസ്യങ്ങളുടെ പട്ടികയില്‍ കേന്ദ്ര സര്‍ക്കാര്‍ നീലക്കുറിഞ്ഞിയെ ഉള്‍പ്പെടുത്തിയത് കഴിഞ്ഞ വര്‍ഷമാണ്. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരമാണിത്. നീലക്കുറിഞ്ഞി ചെടി പറിച്ചെടുക്കുന്നത് 25,000 രൂപ പിഴയും മൂന്നു വര്‍ഷം തടവും വരെ ലഭിക്കാവുന്ന കുറ്റമാണ്. മറ്റേതെങ്കിലും സ്ഥലങ്ങളില്‍ നീലക്കുറിഞ്ഞി നട്ടുവളര്‍ത്താനും അനുവാദമില്ല. നീലക്കുറിഞ്ഞി കണ്ടതിന്റെ ആവേശത്തില്‍ ഒരു ചെടിയുമായി മലയിറങ്ങാന്‍ ശ്രമിച്ചാല്‍ ചിലപ്പോൾ ജയിലിലാവും ചെന്നെത്തുക.