ADVERTISEMENT

സഞ്ചാരികൾക്ക് ഒരു സന്തോഷവാർത്ത.  ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെ  ഒന്നാം ടെർമിനൽ പ്രവർത്തനം പുനരാരംഭിക്കുന്നു.   17 മുതൽ ഒന്നാം ടെർമിനൽ യാത്രക്കാരെ സ്വാഗതം ചെയ്യും. മേൽക്കൂര തകർന്നു വീണതിനെ തുടർന്ന് അറ്റകുറ്റപ്പണികൾക്കായി ഒന്നാം ടെർമിനൽ അടച്ചിട്ടിരിക്കുകയായിരുന്നു. ജിഎംആർ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഡൽഹി രാജ്യാന്തര എയർപോർട്ട് ലിമിറ്റഡ് വാർത്താക്കുറിപ്പിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്. സ്പൈസ് ജെറ്റ് വിമാനങ്ങൾ ആയിരിക്കും ഒന്നാം ടെർമിനലിൽ നിന്ന് ആദ്യം പ്രവർത്തനം തുടങ്ങുക. മേൽക്കൂര തകർന്നതിനെ തുടർന്ന് ജൂൺ 28 നായിരുന്നു ടെർമിനൽ അടച്ചത്. ശക്തമായ മഴയെ തുടർന്നായിരുന്നു മേൽക്കൂര തകർന്നത്. മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

അപകടത്തെ തുടർന്ന് ഒന്നാം ടെർമിനൽ അടച്ച സമയത്ത് വിമാനങ്ങൾ രണ്ടാം ടെർമിനലിലേക്കും മൂന്നാം ടെർമിനലിലേക്കും പുനഃക്രമീകരണം ചെയ്തിരുന്നു.  ഒന്നാം ടെർമിനലിൽ 80 ശതമാനം ഇൻഡിഗോയും ബാക്കി സ്പൈസ് ജെറ്റുമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഫേസ് ത്രീ എ വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് ഓഗസ്റ്റ് 17ന് ഒന്നാം ടെർമിനലിന്റെ ഒരു ഭാഗം വീണ്ടും തുറക്കുന്നത്. ടെർമിനലിന്റെ വലതുവശത്തായി സ്ഥിതി ചെയ്യുന്ന ഈ ഭാഗം പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വർഷം മാർച്ച് 10നായിരുന്നു ഉദ്ഘാടനം ചെയ്തത്.  അതേസമയം അപകടത്തിൽ കാര്യമായി തകർന്ന ടെർമിനലിന്റെ ഇടതു, മധ്യഭാഗങ്ങൾ അൽപകാലത്തേക്ക് കൂടി അടച്ചിടും.

ടെർമിനൽ 2, ടെർമിനൽ 3 എന്നിവിടങ്ങളിൽ നിന്നു ടെർമിനൽ ഒന്നിലേക്ക് ഫ്ലൈറ്റുകൾ മാറ്റുന്നത് സുഗമമാക്കുന്നതിനു ഡൽഹി രാജ്യാന്തര എയർപോർട്ട് ലിമിറ്റഡ് ഫ്ലൈറ്റ് ഓപ്പറേറ്റർമാരുമായി ചേർന്ന പ്രവർത്തിക്കുകയാണ്. സ്പൈസ് ജെറ്റ് അതിൻറെ 13 വിമാനങ്ങൾ ഓഗസ്റ്റ് 17ന് മുമ്പായി ഒന്നാം ടെർമിനിലേക്ക് മാറ്റും. അതേസമയം ഇൻഡിഗോയുടെ 34 വിമാനങ്ങൾ സെപ്റ്റംബർ രണ്ടോടുകൂടിയായിരിക്കും ഒന്നാം ടെർമിനലിലേക്ക് മാറ്റുക.  ഈ ക്രമീകരണങ്ങൾ ഉണ്ടെങ്കിലും, മേൽക്കൂര തകരുന്നതിനു മുമ്പുള്ള ഒന്നാം ടെർമിനലിന്റെ 25% മാത്രമാണ് ഇപ്പോൾ പ്രവർത്തനക്ഷമമായിരിക്കുന്നത്.

ഒന്നാം ടെർമിനലിൽ സ്പൈസ് ജെറ്റിൽ യാത്ര ചെയ്യുന്ന യാത്രക്കാർ താഴത്തെ നിലയിലെ പ്രവേശന കവാടമായ ഗേറ്റ് എയിലൂടെ വേണം പ്രവേശിക്കാൻ.  ഇൻഡിഗോയിൽ യാത്ര ചെയ്യുന്നവർ രണ്ടാം നിലയിലെ 5, 6 ഗേറ്റുകളിൽ കൂടി ആയിരിക്കും പ്രവേശിക്കുക. ഒന്നാം ടെർമിനൽ വീണ്ടും തുറക്കുന്നതോടുകൂടി 2, 3 ടെർമിനലുകളിലെ തിരക്ക് കുറയും എന്ന് ഡൽഹി രാജ്യാന്തര വിമാനത്താവള ലിമിറ്റഡ് സി ഇ ഒ വിദേഹ് കുമാർ ജയ്പുരിയാർ അഭിപ്രായപ്പെട്ടു. ഡൽഹി വിമാനത്താവളം നിലവിൽ ഓരോ ദിവസവും ഏകദേശം 1,240 വിമാനങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

ഒന്നാം ടെർമിനലിലെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് മൂന്നുലക്ഷം രൂപ വീതവും നൽകുമെന്ന് വ്യോമയാന മന്ത്രി കിഞ്ചരാപ്പു രാംമോഹൻ നായിഡു പ്രഖ്യാപിച്ചിരുന്നു.  സമഗ്രമായ സുരക്ഷാ പരിശോധനയുടെ ആവശ്യകത വ്യക്തമാക്കിയ മന്ത്രി സംഭവം അവലോകനം ചെയ്യുന്നതിൽ DIAL ഉം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (DGCA) പങ്കാളികളാകുമെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു.

അതേസമയം, മേൽക്കൂര തകർന്നുണ്ടായ അപകടവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

English Summary:

Delhi Airport Terminal 1 Reopens: SpiceJet First to Resume Operations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com