ടൂറിസ്റ്റുകളുടെ അമിത പ്രവാഹം; വലഞ്ഞ് മോണ്ടിനെഗ്രോയിലെ യുനെസ്കോ പൈതൃക നഗരം
Mail This Article
അമിതടൂറിസത്തിന്‍റെ പ്രശ്നങ്ങള്‍ കൊണ്ട് വലയുകയാണ് യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ മോണ്ടിനെഗ്രോയിലെ കോട്ടോർ നഗരം. മനോഹരമായ അഡ്രിയാറ്റിക് ഉൾക്കടലിന്റെ അരികിൽ സ്ഥിതി ചെയ്യുന്ന ഈ നഗരത്തില്‍, ടൂറിസത്തിന്‍റെ കുതിപ്പ്, ഇവിടുത്തെ ഇടുങ്ങിയ തെരുവുകളില്‍ ഗതാഗതപ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും പാരിസ്ഥിതിക ആശങ്കകൾ ഉയർത്തുകയും ചെയ്യുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
കോട്ടോർ തുറമുഖത്ത് ദിനംപ്രതി ഡോക്ക് ചെയ്യുന്ന നൂറുകണക്കിന് ബോട്ടുകളിലും നൗകകളിലും ക്രൂയിസ് കപ്പലുകളിലുമായി, ദിനംപ്രതി ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് കോട്ടോറിൽ എത്തുന്നത്. ഇതുമൂലമുണ്ടാകുന്ന ആഘാതങ്ങള്‍ കണക്കിലെടുത്ത്, ക്രൂയിസ് കപ്പലുകളിൽ നിന്നുള്ള സന്ദർശകരിൽ നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് ഈടാക്കുന്ന 1 യൂറോ ഫീസ് വർധിപ്പിക്കാൻ ഒട്ടേറെപ്പേര്‍ ആവശ്യപ്പെടുന്നുണ്ട്.
ഈ ദശകത്തില്‍, ഓരോ വര്‍ഷവും നഗരത്തില്‍ എത്തുന്ന ക്രൂയിസ് കപ്പലുകളുടെ വരവ് ക്രമാനുഗതമായി വര്‍ദ്ധിച്ചതായി കണക്കുകള്‍ പറയുന്നു. ഈ വര്‍ഷം മാത്രം ഇത്തരത്തിലുള്ള അഞ്ഞൂറ് കപ്പലുകള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഓഗസ്റ്റ് ആദ്യവാരത്തിലെ ബുധനാഴ്ച മാത്രം, നാലു ക്രൂയിസ് കപ്പലുകളിലായി അയ്യായിരം സഞ്ചാരികളാണ് കോട്ടോറില്‍ എത്തിയത്.
മോണ്ടിനെഗ്രോയുടെ മൊത്തം വാര്‍ഷിക വരുമാനത്തിന്‍റെ നാലിലൊന്നു ടൂറിസം വഴിയാണ് ലഭിക്കുന്നത്. പക്ഷേ ഇതുമൂലം കോട്ടോറിലെ 23,000 ത്തോളം വരുന്ന ആളുകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെ വലുതാണ്. ട്രാഫിക് ജാമാണ് പ്രധാന വില്ലന്‍.
ഇറ്റലിയിലെ വെനീസ്, സ്‌പെയിനിലെ ബാഴ്‌സലോണ, ഗ്രീസിലെ സാന്റോറിനി എന്നിവയുൾപ്പെടെയുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം തന്നെ ഇതേപോലെ വലിയ രീതിയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇതിനെതിരെ തിരക്കേറിയ ദിവസങ്ങളിൽ എത്തുന്ന പകൽ യാത്രക്കാർക്ക് വെനീസ് ഈ ഏപ്രിലിൽ 5 യൂറോ ചാർജ് ഏർപ്പെടുത്തിയിരുന്നു.
ചരിത്രപരമായി 'കാറ്റാരോ' എന്നറിയപ്പെടുന്ന കോട്ടോർ, പഴയ മെഡിറ്ററേനിയൻ തുറമുഖമായിരുന്നു. ഇത്, വെനീഷ്യൻ കാലഘട്ടത്തിൽ നിർമ്മിച്ച കോട്ടകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. കോട്ടോർ ഉൾക്കടലിന്റെയും പുരാതന നഗരമായ കോട്ടോറിന്റെയും പ്രകൃതിഭംഗിയും ചരിത്രസ്മാരകങ്ങളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടേറെ സന്ദർശകരെ ആകർഷിക്കുന്നു.
അഡ്രിയാറ്റിക്കിലെ ഏറ്റവും മികച്ച സംരക്ഷിത മധ്യകാല പഴയ പട്ടണങ്ങളിലൊന്നാണ് കോട്ടോര്‍. യുനെസ്കോയുടെ ഇരട്ട ലോക പൈതൃക സൈറ്റാണ് ഇവിടം. പഴയ പട്ടണത്തിലെ സെൻ്റ് ട്രിഫോണിന്റെ കത്തീഡ്രൽ, നഗരത്തിനു മുകളിൽ 4.5 കിലോമീറ്റർ നീളുന്ന പുരാതന മതിലുകൾ എന്നിങ്ങനെ നിരവധി കാഴ്ചകൾ ഇവിടെയുണ്ട്.
നഗരത്തിലെ മറ്റൊരു പ്രധാന പ്രത്യേകത, ഇവിടെ പൂച്ചകള്‍ക്ക് ലഭിക്കുന്ന പ്രാധാന്യമാണ്. പൂച്ചകള്‍ നഗരത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. ഇവിടെ നിരവധി പൂച്ച സ്റ്റോറുകളും ഒരു പൂച്ച മ്യൂസിയവും എന്തിന് പൂച്ചകളുടെ ഒരു സ്ക്വയർ പോലുമുണ്ട്. പൂച്ചകൾക്കു നൽകാനായി നഗരത്തിലുടനീളം വെള്ളവും ഭക്ഷണവും അവിടവിടെയായി വെച്ചത് കാണാം. കൂടാതെ പൂച്ചകൾക്ക് ഉറങ്ങാനായി കാർഡ്ബോർഡ് പെട്ടികൾ വെച്ചതും കാണാം.
2006 ല്‍ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രമായ "കാസിനോ റോയലി"ൽ പ്രത്യക്ഷപ്പെട്ടതോടെ കോട്ടോറിന്‍റെ ജനപ്രീതി വാനോളം ഉയര്‍ന്നിരുന്നു. ഇതും വിനോദസഞ്ചാരികളുടെ വരവ് ഗണ്യമായി ഉയരാന്‍ കാരണമായി.