സന്തോഷകരമായ യാത്രകൾക്ക് സോഷ്യൽ മീഡിയ ഉപേക്ഷിക്കണോ?
Mail This Article
ഇത് ഡിജിറ്റൽ യുഗമാണ്. സോഷ്യൽ മീഡിയയെ ഒരു തരത്തിലും അവഗണിക്കാൻ നമുക്ക് കഴിയില്ല. ഇഷ്ടമുള്ള ഭക്ഷണം, പാട്ട്, സിനിമ, എന്തിന് എവിടെ യാത്ര പോകണം എന്നു പോലും സോഷ്യൽ മീഡിയ നമ്മളെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കൂട്ടുകാരുമൊത്തു കൊടൈക്കനാലിലേക്ക് ഒരു യാത്ര ആലോചിക്കുകയാണെന്നു കരുതുക. പിന്നെ, നമ്മുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം കൊടൈക്കനാലിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും അവിടെ നിന്നുള്ള റീലുകളും യൂട്യൂബ് വിഡിയോകളും ഒക്കെ ആയിരിക്കും.
അലസമായി ഇരിക്കുന്ന ഒരു ദിവസം സോഷ്യൽ മീഡിയ തോണ്ടികൊണ്ടിരിക്കുമ്പോൾ മുമ്പിൽ എത്തിപ്പെടുന്ന ഏതെങ്കിലും ഒരു സ്ഥലത്തേക്ക് ബൈക്ക് എടുത്ത് പായുന്നവരും കുറവല്ല എന്നാൽ അതിമനോഹരമായ സ്ഥലമാണെന്ന് കരുതി ചെന്നപ്പോഴാണ് അറിയുന്നത് റീലുകളിൽ കണ്ട മനോഹാരിതയൊന്നും ഈ സ്ഥലങ്ങൾക്കില്ല എന്ന സത്യം. അവിടെയാണ് 'സോഷ്യൽ മീഡിയ ട്രാപ്' എന്ന വാക്ക് ശ്രദ്ധേയമാകുന്നത്. ഈ ട്രാപ്പിൽ വീഴാതിരിക്കുക എന്നതാണ് പ്രധാനം .അതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
∙ ‘ദ സോഷ്യൽ മീഡിയ’ കെണി
ചില മനുഷ്യരുണ്ട് നമ്മുടെയൊക്കെ ചില കൂട്ടുകാരും. എങ്ങോട്ട് പോയാലും എന്ത് കഴിച്ചാലും ഏത് സിനിമ കണ്ടാലും അതെല്ലാം കൃത്യമായി സോഷ്യൽ മീഡിയയിൽ അപ്ഡേറ്റ് ചെയ്യും. ഫോട്ടോകളും വിഡിയോകളും ഒക്കെ നിറഞ്ഞ ഒരു സോഷ്യൽ പ്രൂഫ് ഉണ്ടാക്കുകയാണ് ഇവർ. എപ്പോഴും വ്യത്യസ്തമായ റീലുകളും സ്റ്റോറികളും വിഡിയോകളും ചെയ്യുന്നതിൽ ആയിരിക്കും ഇവരുടെ ശ്രദ്ധ. പ്രാദേശികമായ സംസ്കാരത്തെ കൂടുതൽ അറിയാൻ ശ്രമിക്കുന്നതിനു പകരം ഏറ്റവും മികച്ച ഫോട്ടോ സ്പോട്ടുകൾ കണ്ടെത്താനായിരിക്കും ഇവർ ശ്രമിക്കുക.
ഒരുകാലത്ത് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയ ഒരു ഡയലോഗ് ആയിരുന്നു 'മസിനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര, അതൊരു വല്ലാത്ത ഫീൽ ആണ്' - എന്നത്. കണ്ണൂർ സ്വദേശിയായ അസ്ലമിന്റേതായിരുന്നു ആ വൈറൽ വാക്കുകൾ. ഇതു കേട്ടതും യുവത്വം കാറെടുത്തും ബൈക്കെടുത്തും മസിനഗുഡി വഴി ഊട്ടിക്കൊരു പോക്കു പോയി.
എന്നാൽ, ട്രാഫിക് ബ്ലോക്കിൽപ്പെട്ടത് കാരണം ഒന്ന് മുന്നോട്ട് നീങ്ങാൻ പോലും പല വണ്ടികൾക്കും കഴിഞ്ഞില്ല. യാത്ര പോകാൻ കഴിയാതിരുന്നവർ എഡിറ്റ് ചെയ്ത് വിഡിയോകൾ പങ്കുവച്ചു, ട്രോളുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞു. ഏതായാലും അസ്ലം പറഞ്ഞത് വൈറലായെങ്കിലും അസ്ലം പോയപ്പോൾ അനുഭവിച്ച ഫീൽ അല്ലായിരുന്നു വോയിസ് ഓവർ കേട്ട് ചാടി പുറപ്പെട്ടവർക്ക് ലഭിച്ചത്. അതുപോലെതന്നെ സമാനമായ അനുഭവമായിരുന്നു മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ റിലീസ് ആയതിനുശേഷം കൊടൈക്കനാലിലേക്ക് ആളുകൾ ഇരച്ചെത്തിയതും. സിനിമ സൂപ്പർ ഹിറ്റായതോടെ കൊടൈക്കനാലിലെ ഗുണ കേവ് പരിസരം സഞ്ചാരികളെ കൊണ്ട് നിറഞ്ഞു. ഒരു തരത്തിൽ പറഞ്ഞാൽ 'അമിത ടൂറിസം' കൊണ്ട് ആ നാട് കഷ്ടപ്പെട്ടു.
ഇത്തരത്തിൽ ട്രെൻഡിങ് ഡെസ്റ്റിനേഷനുകളും ഹാഷ് ടാഗുകളും പിന്തുടരുമ്പോൾ നമുക്ക് നഷ്ടമാകുന്നത് വളരെ മനോഹരമായതും ആരും എത്തിച്ചേരാത്തതുമായ അനവധി വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. മഞ്ഞുമ്മൽ ബോയ്സ് സിനിമ സൂപ്പർ ഹിറ്റ് ആയതിനുശേഷം കൊടൈക്കനാലിൽ ഉണ്ടായ തിരക്കും 'മസിനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര' എന്ന വാചകം വൈറൽ ആയതിനു ശേഷം ആ വഴിയിൽ ഉണ്ടായ തിരക്കും ഇതിനു തെളിവാണ്. ഇത് നമ്മുടെ യാത്രാനുഭവത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയ ട്രെൻഡിങ്ങിനെ ആശ്രയിച്ചുള്ള യാത്രകളെ പിന്തുടരാതെ കൃത്യമായ പ്ലാനോടുകൂടി യാത്രകൾ ആസൂത്രണം ചെയ്യുന്നതായിരിക്കും സമാധാനപരവും സന്തോഷകരവുമായ യാത്രകൾക്ക് ഉപകാരപ്പെടുക.
സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും മറ്റുമായി വിഡിയോകളും റീലുകളും പകർത്താനായി ഒരു സ്ഥലത്ത് ഒരു കൂട്ടം ആളുകൾ ചുറ്റിക്കറങ്ങുമ്പോൾ അവിടുത്തെ പ്രദേശവാസികൾക്ക് അതൊരു ബുദ്ധിമുട്ട് തന്നെയാണ്. അടുത്ത കാലത്ത് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും കണ്ട മനോഹരമായ ഒരു രീതിയുണ്ട്. ആരും എത്തിച്ചേരാത്ത മലനിരകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും യാത്ര പോകുക. അതിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുക. പക്ഷേ ആ പ്രദേശത്തെ ആളുകളുടെ സമാധാനപരമായി ജീവിതം ആഗ്രഹിക്കുന്നത് കൊണ്ടുതന്നെ ഏതാണ് ലൊക്കേഷൻ ഏതെന്ന് അവർ വെളിപ്പെടുത്തുന്നില്ല. ആളുകൾക്ക് പൊതുവിൽ മാതൃകയാക്കാവുന്ന ഒരു കാര്യമാണിത്.
∙ മനോഹരമായ യാത്രയ്ക്കായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
സോഷ്യൽ മീഡിയയുടെ ഉപയോഗം പരിമിതപ്പെടുത്തുക എന്നുള്ളതാണ് ഇക്കാര്യത്തിൽ ആദ്യം ചെയ്യാൻ കഴിയുന്ന ഒരു കാര്യം. ഇനി സോഷ്യൽ മീഡിയ ഇല്ലാതെ പറ്റില്ല എന്നുള്ളവർ ആണെങ്കിൽ അതിനു വേണ്ടി കൃത്യമായ സമയം മാറ്റിവയ്ക്കുക. ഇത് ചുറ്റുമുള്ളവരെയും ചുറ്റുപാടിനെയും അറിഞ്ഞ് ജീവിക്കാനും പെരുമാറാനും നമ്മളെ സഹായിക്കും.
ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. ആ ചിന്തയാണ് യാത്രകളെ മുന്നോട്ടു നയിക്കേണ്ടത്. സോഷ്യൽ മീഡിയയിൽ നാലാളെ കാണിക്കാൻ വേണ്ടി ആകരുത് നമ്മുടെ യാത്ര. മറിച്ച്, പുതിയ അറിവുകളും അനുഭവങ്ങളും നേടിയെടുക്കാൻ സാധിക്കുന്ന വിധത്തിൽ ആയിരിക്കണം ഓരോ യാത്രകളും. മനോഹരമായ ഓർമകൾ സമ്പാദിക്കാൻ ഓരോ യാത്രകൾ കഴിയുമ്പോഴും നമുക്ക് സാധിക്കണം. പ്രദേശവാസികളുമായി ഇടപഴകുന്നതിലൂടെ ആ നാടിനെക്കുറിച്ചും നാടിന്റെ സംസ്കാരത്തെക്കുറിച്ചും രുചി വൈവിധ്യങ്ങളെക്കുറിച്ചും അറിയാൻ നമുക്കു സാധിക്കും. ആ നാടിന്റെ സാംസ്കാരികമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യാം. ഇത്തരത്തിലുള്ള അനുഭവങ്ങൾ ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന മനോഹരമായ ഒരു പിടി ഓർമകൾ നമുക്കു സമ്മാനിക്കും. ഏതെങ്കിലും ഒരു സ്ഥലത്തു നിന്ന് ഒരു ഫോട്ടോ എടുത്തു പോരുന്നതിനേക്കാൾ നമ്മുടെ മുന്നോട്ടുള്ള യാത്രക്ക് ഊർജ്ജവും ശക്തിയും നൽകാൻ മനോഹരമായ ഓർമകൾക്കു കഴിയും.
ഒരു സ്ഥലത്തേക്കു യാത്ര പോകുമ്പോൾ ആ നാടിന്റെ സംസ്കാരത്തെയും ആചാരങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. അങ്ങനെ ചെയ്യുന്നത് ആ നാട്ടിലുള്ളവർക്ക് സഞ്ചാരികളായി എത്തുന്നവരോട് ഉള്ള മതിപ്പ് വർദ്ധിപ്പിക്കാൻ കാരണമാകും. നിങ്ങളുടെ നാട്ടിലോ രാജ്യത്തോ സ്വീകാര്യമായതും നാട്ടുനടപ്പായതുമായ ചില കാര്യങ്ങൾ മറ്റു രാജ്യങ്ങളിൽ അസ്വീകാര്യമോ അനാദരവോ ആയിരിക്കാം. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ വിഡിയോ എടുക്കുമ്പോഴും റീലുകൾ എടുക്കുമ്പോഴും അത് ഒരിക്കലും മറ്റുള്ളവരുടെ സ്വകാര്യതയെയോ അവരുടെ സംസ്കാരത്തെയോ അവഹേളിക്കുന്ന വിധത്തിലോ അപമാനിക്കുന്ന വിധത്തിലോ ആയിരിക്കരുത്. ഏതു നാട്ടിലാണോ നമ്മൾ എത്തിച്ചേരുന്നത് ആ നാടിനും അവിടുത്തെ നാട്ടുകാർക്കും പൂർണ്ണ ബഹുമാനവും ആദരവും നൽകി വേണം ഇത്തരം വീഡിയോകൾ തയ്യാറാക്കാൻ. പ്രദേശവാസികൾ ആരേയെങ്കിലും വിഡിയോയിൽ ഉൾപ്പെടുന്നുണ്ടെങ്കിൽ അതിനുമുൻപായി അവരുടെ അനുമതി പ്രത്യേകമായി വാങ്ങിക്കാം.
നിങ്ങൾ ഒരു യാത്ര തീരുമാനിക്കുന്നതിനു മുൻപ് അല്ലെങ്കിൽ യാത്ര ആരംഭിക്കുന്നതിനു മുൻപ് എന്താണ് യാത്രാലക്ഷ്യം എന്നു തീരുമാനിക്കുക. ചിലർ നീണ്ട അവധി എല്ലാം എടുത്തു യാത്ര പോകുന്നത് കുടുംബാംഗങ്ങൾക്ക് ഒപ്പം ഉല്ലസിക്കാനും ഒഴിവുസമയം അടിപൊളിയാക്കാനും ആയിരിക്കും. എന്നാൽ, മറ്റു ചിലർ സ്വസ്ഥമായി ഇരിക്കാനും മറ്റു ബഹളങ്ങളിൽ നിന്നും മാറിയിരിക്കാനും ആയിരിക്കും താൽപര്യപ്പെടുക. എന്നാൽ വേറെ ചിലർ ഒരു ട്രെക്കിങ് അല്ലെങ്കിൽ സാഹസികമായ എന്തെങ്കിലും ചെയ്യാനോ ഒക്കെ ആലോചിക്കുന്നവർ ആയിരിക്കും. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള യാത്രയാണ് വേണ്ടത് എന്നു തീരുമാനിച്ചതിനു ശേഷം വേണം യാത്രാപദ്ധതി തയാറാക്കാൻ. അങ്ങനെ ചെയ്യുമ്പോൾ യാത്ര കൂടുതൽ സന്തോഷകരവും ആനന്ദകരവും ആയി തീരും.