വിനോദസഞ്ചാരികൾക്കു പ്രവേശമില്ലാത്ത ലോകത്തിലെ ഏറ്റവും നിഗൂഡ സ്ഥലങ്ങൾ...
Mail This Article
ചന്ദ്രനിലേക്കു വരെ മനുഷ്യൻ വിനോദസഞ്ചാരം ആരംഭിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ. ആഴക്കടലിൽ മുങ്ങിയ ടൈറ്റാനിക്ക് കാണാൻ ടിക്കറ്റ് വച്ച് ആളെ കൊണ്ടുപോകാൻ തുടങ്ങിയ ഈ കാലത്ത് ഭൂമിയിലെ ചില സ്ഥലങ്ങൾ സന്ദർശിക്കാൻ ഇപ്പോഴും നമുക്ക് അനുവാദമില്ലെന്നതാണ് വാസ്തവം. മനോഹരവും രസകരവുമായ ഈ സ്ഥലങ്ങളിലേക്കൊന്നും സഞ്ചാരികൾക്കു പ്രവേശിക്കാൻ അനുവാദമില്ല. ലോകമെമ്പാടുമുള്ള അത്തരം ചില സ്ഥലങ്ങളിതാ. എന്തുകൊണ്ടാണ് അവിടെയൊന്നും മനുഷ്യപ്രവേശനം അനുവദിക്കുന്നതെന്നും നോക്കാം.
∙സർട്ട്സി, ഐസ്ലാൻഡ്
ഈ സ്ഥലം നിലവിൽ വന്നിട്ട് അധികമായിട്ടില്ല. 1963 മുതൽ 1967 വരെ നീണ്ടുനിന്ന ഒരു അഗ്നിപർവ്വത സ്ഫോടനത്തിലൂടെയാണ് ഇത് ഉടലെടുത്തത്. ഈ സ്ഥലം പൊതുജനങ്ങൾക്കു പ്രവേശമില്ലാത്തയിടമാണ്. ചുരുക്കം ചില ശാസ്ത്രജ്ഞർക്കു മാത്രമേ അതിന്റെ സവിശേഷമായ ആവാസവ്യവസ്ഥയെക്കുറിച്ച് ഗവേഷണം നടത്താൻ അനുമതിയുള്ളൂ.
∙സ്നേക്ക് ഐലൻഡ്, ബ്രസീൽ
ബ്രസീലിലെ ഈ അപകടകരമായ ദ്വീപ് അതിന്റെ പേരുപോലെ തന്നെ, ഉഗ്രവിഷമുള്ള ആയിരക്കണക്കിനു പാമ്പുകളുടെ ആക്രമണം കാരണം വിനോദസഞ്ചാരത്തിന് നിരോധനമേർപ്പെടുത്തിയിരിക്കുന്ന സ്ഥലമാണ്. കാരണം ഈ ദ്വീപിൽ നിന്നു ജീവനോടെ തിരിച്ചുവരാനുള്ള സാധ്യത വളരെ കുറവാണ്. ബ്രസീലിയൻ സർക്കാർ പോലും ഈ ദ്വീപ് സന്ദർശിക്കുന്നതു വിലക്കിയിട്ടുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച്, ബ്രസീലിലെ സ്നേക്ക് ഐലൻഡ് ഏകദേശം 4000 എണ്ണത്തോളം വരുന്ന ഭൂമിയിലെ ഏറ്റവും മാരകമായ പാമ്പുകളുടെ അംഗീകരിക്കപ്പെട്ട ആവാസ കേന്ദ്രമാണ്.
∙ക്വിൻ ഷി ഹുവാങ്ങിന്റെ ശവകുടീരം, ചൈന
ചില സിനിമകളിലും ഡോക്യൂമെന്ററിയിലുമെല്ലാം ഈ ഗംഭീര സ്ഥലം നമ്മൾ കണ്ടിട്ടുണ്ടാകും. പക്ഷേ അവിടെ പോയി നേരിട്ടുകാണാനാകുമെന്നു കരുതരുത്. ക്വിൻ രാജവംശത്തിലെ ആദ്യത്തെ ചക്രവർത്തിയായ ക്വിൻ ഷി ഹുവാങ്ങിന്റെ ശവകുടീരമാണ് ഫസ്റ്റ് ക്വിൻ ചക്രവർത്തിയുടെ ശവകുടീരം എന്നറിയപ്പെടുന്ന മ്യൂസിയം. ചൈനയിലെ ഷാൻസി പ്രവിശ്യയിലെ സിയാൻ, ലിൻടോംഗ് ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചൈനയുടെ ആദ്യ ചക്രവർത്തിയായ ക്വിൻ ഷി ഹുവാങ്ങിന്റെ പുരാതന ശവകുടീരം, ഇന്നും തുറക്കാൻ ഗവേഷകർ മടിച്ചുനിൽക്കുന്നതിനാൽ, അത് നിഗൂഢതയിൽ തുടരുകയാണ്. കൂടുതൽ ഗവേഷണങ്ങളിലേയ്ക്ക് കടന്നാൽ ശവകൂടീരത്തിന് എന്തെങ്കിലും കേടുപാട് സംഭവിക്കുമോ എന്ന ഭയത്താൽ ഇന്നും അത് തുറന്നുനോക്കിയിട്ടില്ല.
∙നിഹാവു ദ്വീപ്, യുഎസ്എ
ഏകദേശം 160 നിവാസികൾ താമസിക്കുന്ന നിഹാവു ദ്വീപിലേക്കു ബാഹ്യ വ്യക്തികളുടെ പ്രവേശനം കർശനമായി നിരോധിച്ചിരിക്കുകയാണ്. ദ്വീപുമായി കുടുംബ ബന്ധമുള്ളവർക്കും യുഎസ് നേവിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളവർക്കും മാത്രമേ പ്രദേശത്തേക്കു സന്ദർശനം നടത്താനുള്ള അനുമതി നൽകൂ. ദ്വീപിന്റെ പരിസ്ഥിതിയെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനാണ് സർക്കാർ ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കിയതെന്നാണ് റിപ്പോർട്ട്. പുറത്തുനിന്നുള്ളവർക്ക് ഇന്നും അപ്രാപ്യമായി തുടരുകയാണ്.
∙ഡൂംസ്ഡേ വോൾട്ട്, നോർവേ
ഗ്ലോബൽ സീഡ് വോൾട്ട് എന്ന് പരക്കെ അറിയപ്പെടുന്ന ഈ സ്ഥലം മനുഷ്യരാശിക്ക് മൊത്തത്തിൽ വലിയ പ്രാധാന്യമുള്ളയിടമാണ്. ഭാവിയിൽ ഭൂമിയിലെ സസ്യങ്ങളെ ബാധിക്കുന്ന പ്രതികൂല സംഭവവികാസങ്ങൾ ഉണ്ടായാൽ ലോകത്തിലെ സസ്യജാലങ്ങളെ പുനരുജ്ജീവിപ്പിക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100 ദശലക്ഷം വിത്തുകളുടെ ഒരു ശേഖരം ഇവിടെ ഉണ്ടെന്നു പറയപ്പെടുന്നു. 2008-ൽ അനാച്ഛാദനം ചെയ്‌ത ഈ നിലവറ ഏകദേശം 200 വർഷത്തോളം നിലനിൽക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്, ഭൂകമ്പങ്ങളും സ്‌ഫോടനങ്ങളും വരെ ചെറുക്കാനുള്ള വിധത്തിലാണ് ഇതിന്റെ നിർമ്മാണം. ഗവേഷകർക്ക് അല്ലാതെ ഡൂംസ്ഡേ വോൾട്ടിലേക്കു മറ്റാർക്കും പ്രവേശനമില്ല.
∙ഫോർട്ട് നോക്സ്, യുഎസ്എ
യുഎസ് സർക്കാരിന്റെ ഭൂരിഭാഗം വരുന്ന സ്വർണ ശേഖരം ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ട്രഷറിയിലെ ഉദ്യോഗസ്ഥനായ യുണൈറ്റഡ് സ്റ്റേറ്റ്സ് മിന്റ് ഡയറക്ടറുടെ മേൽനോട്ടത്തിലുള്ള ആറ് സൗകര്യങ്ങളിൽ ഒന്നാണിത്. കെന്റക്കിയിലെ ലൂയിസ്‌വില്ലെയിൽ നിന്ന് 30 മൈൽ തെക്കുപടിഞ്ഞാറായി, ഫോർട്ട് നോക്സ് മിലിട്ടറി റിസർവേഷനോടു ചേർന്നു സ്ഥിതി ചെയ്യുന്ന ഡെപ്പോസിറ്ററി, യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ സ്വർണ്ണക്കട്ടിശേഖരത്തിന്റെ വലിയൊരു ഭാഗമാണ്. ഇന്ന്, ഈ സൗകര്യം അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ബുള്ളിയന്റെ സുരക്ഷ ഉറപ്പാക്കാൻ ഉത്തരവാദിത്തമുള്ള ഒരു ഉദ്യോഗസ്ഥനാണ് ഡിപ്പോസിറ്ററിയുടെ നേതൃത്വം. വാഷിങ്ടൺ, ഡിസിയിലെ യുഎസ് മിന്റ് ഹെഡ്ക്വാർട്ടേഴ്സ് തിരഞ്ഞെടുത്ത ഒരു കൂട്ടം ഫെഡറൽ പൊലീസ് ഓഫീസർമാരാണ് ഈ സൗകര്യം സംരക്ഷിക്കുന്നത്.
∙പ്രാവ്‌സിക്ക ബ്രാന, ചെക്ക് റിപ്പബ്ലിക്
ചെക്ക് റിപ്പബ്ലിക്കിന്റെ പ്രശസ്‌തമായ ഒരു ഹൈലൈറ്റ് മാത്രമല്ല പ്രവീസിക്ക ബ്രാന; യൂറോപ്പിലെ ഏറ്റവും വലിയ പ്രകൃതിദത്തമായ മണൽക്കല്ല് കമാനം കൂടിയാണിത്. 1982 വരെ ഇത് സന്ദർശകർക്കു പ്രവേശമുണ്ടായിരുന്നു. അതിനുശേഷം ഇത് പൊതുജനങ്ങൾക്കു പ്രവേശമില്ലാത്ത സ്ഥലമായി പ്രഖ്യാപിച്ചു. ഈ അതിമനോഹരമായ ലാൻഡ്‌മാർക്കിനെ ബാധിക്കുന്ന മണ്ണൊലിപ്പ് ലഘൂകരിക്കാനുള്ള ഒരു നടപടിയിൽ നിന്നാണ് ഇത് ഉടലെടുക്കുന്നത്.