ആദ്യമായി വിമാനത്താവളത്തിലെത്തി കുഞ്ഞു ബുദ്ധസന്യാസിമാർ; ആഘോഷത്തിന് മാറ്റുകൂട്ടി ശ്രീലങ്കൻ എയർലൈൻസ്
Mail This Article
കുട്ടികളായ ബുദ്ധസന്യാസിമാർക്ക് വിമാനത്താവളം കാണാനും വിമാനത്താവളത്തിന്റെ പ്രവർത്തനം മനസ്സിലാക്കാനും അവസരം ഒരുക്കി ശ്രീലങ്കൻ എയർലൈൻസ്. സെപ്തംബർ ഒന്നിന് ശ്രീലങ്കൻ എയർലൈൻസ് അവരുടെ നാൽപത്തിയഞ്ചാം വാർഷികം ആഘോഷിക്കുകയാണ്. ഇതിന് മുന്നോടിയായാണ് കുട്ടി ബുദ്ധ സന്യാസിമാർക്ക് വിമാനത്താവള യാത്ര ഒരുക്കിയത്.
വിമാനത്താവളത്തിന്റെയും ശ്രീലങ്കൻ ഏവിയേഷൻ സർവീസസിന്റെയും പിന്തുണയോടു കൂടിയാണ് ശ്രീലങ്കൻ എയർലൈൻസ് പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ഒരു കൂട്ടം കുട്ടി ബുദ്ധ സന്യാസിമാർ ആണ് വിമാനത്താവളത്തിൽ എത്തിയത്. സമനേരസ് എന്നാണ് കുട്ടികളായ ബുദ്ധ സന്യാസിമാർ അറിയപ്പെടുന്നത്. വിമാനത്താവളത്തിൽ ടൂറിന് എത്തിയ കുട്ടി ബുദ്ധ സന്യാസിമാർക്കു കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ പ്രത്യേക ഗൈഡും ഉണ്ടായിരുന്നു. വിമാനത്തിൽ കയറാനുള്ള ആദ്യ അവസരവും ഇവർക്കായി ഒരുക്കിയിരുന്നു. സെപ്തംബർ ഒന്നിനാണ് ശ്രീലങ്കൻ എയർലൈൻസ് അവരുടെ നാൽപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്നത്. അതിന് മുന്നോടിയായിട്ട് ആയിരുന്നു ഇത്.
അഞ്ചു വയസിനു മുകളിലേക്കുള്ള കുട്ടികളായ ബുദ്ധ സന്യാസിമാർ ആയിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. കളുത്തറയിലെ ഡെൽഡൂവയിലെ വാസ്കഡുബെഡ്ഡയിലുള്ള ഗനേവട്ട പുരാണ രാജമഹ വിഹാരയയിൽ നിന്നുള്ള സന്യാസിമാർ ആയിരുന്നു എത്തിയത്. ശ്രീലങ്കൻ എയർലൈൻസിലെ സന്നദ്ധപ്രവർത്തകരും അഭിവന്ദ്യരായ മുതിർന്ന സന്യാസിമാരും (തേരോ) ഇവരെ അനുഗമിച്ചു.
ബണ്ഡാരനായകെ രാജ്യാന്തര വിമാനത്താവളം കുട്ടികളായ ബുദ്ധ സന്യാസിമാർ നടന്നു കണ്ടു. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഓപ്പറേഷനുകളെക്കുറിച്ച് ഉദ്യോഗസ്ഥർ ഇവർക്ക് വിശദീകരിച്ച് നൽകി. ടാർമാർകിൽ പാർക് ചെയ്ത ശ്രീലങ്കൻ എയർലൈൻസിന്റെ എയർബസ് എ320യിൽ കയറാനുള്ള അവസരവും അവർക്കായി ഒരുക്കി. അങ്ങനെ വിമാനത്തിൽ കയറുന്ന ആദ്യ അനുഭവവും കുട്ടികളായ സന്യാസിമാർക്കു ലഭിച്ചു.
മതപാരമ്പര്യങ്ങൾക്ക് അനുസൃതമായി വിമാനത്താവളത്തിലെ സിൽക്ക് റൂട്ട് അറൈവൽ ലോഞ്ചിൽ സാമനേരരുടെയും തേരോമാരുടെയും സംഘത്തിന് പ്രത്യേക അന്നദാനവും (Pirikara) ഒരുക്കിയിരുന്നു. ശ്രീലങ്കൻ എയർലൈൻസിന്റെ സ്റ്റാഫ് വോളണ്ടിയർമാരും എയർലൈനിന്റെ സീനിയർ മാനേജ്മെന്റ് ടീം അംഗങ്ങളും എയർപോർട്ട് ആൻഡ് ഏവിയേഷൻ സർവീസസിലെ (ശ്രീലങ്ക) സീനിയർ മാനേജർമാരും ചടങ്ങുകളിൽ പങ്കെടുത്തു.