സഹസ്രലിംഗം, ഇന്ത്യയേയും കംബോഡിയയേയും ബന്ധിപ്പിക്കുന്ന 1000 ശിവലിംഗങ്ങൾ
Mail This Article
കർണാടകയിലെ സിർസി പട്ടണത്തിലെ പ്രശസ്തമായ സഹസ്രലിംഗ തീർഥാടന കേന്ദ്രം പലർക്കും പരിചിതമാണെങ്കിലും, കംബോഡിയയിലും ഇതിനോട് സമാനമായ ഒരു അദ്ഭുതം ഉണ്ടെന്ന് എത്ര പേർക്കറിയാം. സീം റീപ്പ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന, കംബോഡിയൻ സഹസ്രലിംഗം, അതായത് '1000 ശിവലിംഗങ്ങൾ', ശിവന് സമർപ്പിച്ചിരിക്കുന്ന സങ്കീർണ്ണമായ കലാവൈഭവത്തിന്റെ തെളിവായി നിലകൊള്ളുന്നു. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത കർണ്ണാടകയിലുള്ള അതേ ശിവലിംഗങ്ങൾ തന്നെയാണ് കംബോഡിയയിലും ഉള്ളത് എന്നതാണ്. രണ്ടും തമ്മിൽ ഇത്രയധികം സാമ്യത എങ്ങനെ വന്നു ?
കർണാടകയിലെ സിർസിയിലുള്ള സഹസ്രലിംഗം
ശൽമല നദിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സിർസി ഇന്ത്യയിലെ പ്രമുഖ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. ശൽമല നദീതീരത്തെ പാറകളിൽ കൊത്തിയെടുത്ത 1000 ശിവലിംഗങ്ങൾക്ക് ഈ സ്ഥലം പ്രശസ്തമാണ്. ചരിത്രപരമായി, ഈ ലിംഗങ്ങൾ 1678 നും 1718 നും ഇടയിൽ വിജയനഗര സാമ്രാജ്യ ഭരണാധികാരിയായ സദാശിവരയയാണ് നിർമ്മിച്ചത് എന്ന് പറയപ്പെടുന്നു. ഓരോ ലിംഗത്തിനും മുന്നിലായി സ്ഥിതി ചെയ്യുന്ന നന്ദിയുടെ കൊത്തുപണിയാണ് ഈ ലിംഗങ്ങളെ വ്യത്യസ്തമാക്കുന്നത്. എല്ലാ വർഷവും മഹാശിവരാത്രിയുടെ അവസരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ ശിവപൂജ നടത്തുന്നതിനായി ഇവിടെയെത്താറുണ്ട്. നദിയിലെ ജലനിരപ്പിനനുസരിച്ചാണ് ഈ ലിംഗങ്ങൾ തെളിയുന്നത്. ഉയർന്ന ജലനിരപ്പാണെങ്കിൽ പകുതിയിലധികം ശിവലിംഗങ്ങളും വെള്ളത്തിനടിയിലായിരിക്കും. ഈ ലിംഗങ്ങളൊന്നും ഒരേ ആകൃതിയിലോ വലിപ്പത്തിലോ ഉള്ളതല്ലെന്നതും ശ്രദ്ധേയമാണ്.
കംബോഡിയയിലെ സീം റീപ്പിലെ സഹസ്രലിംഗം
ഇനി കംബോഡിയയിലേക്കു ചെന്നാലോ… നമ്മൾ കർണാടകയിൽ കാണുന്ന അതേ കൊത്തുപണികളിൽ തീർത്ത ആയിരം ശിവലിംഗങ്ങൾ അവിടേയും കാണാനാകും. 1969-ൽ നരവംശശാസ്ത്രജ്ഞനായ ജീൻ ബോൾബെറ്റാണ് കെബാൽ സ്പീൻ അല്ലെങ്കിൽ 'ഹെഡ് ബ്രിജ്' എന്നറിയപ്പെടുന്ന കംബോഡിയൻ സഹസ്രലിംഗം കണ്ടെത്തിയത്. നിർഭാഗ്യവശാൽ, കംബോഡിയൻ ആഭ്യന്തരയുദ്ധം കാരണം, ഏകദേശം രണ്ട് പതിറ്റാണ്ടുകളായി ഈ പ്രദേശം അപ്രാപ്യമായി തുടർന്നു. ഇന്ന്, ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ അങ്കോർ വാട്ടിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇത് ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്. കംബോഡിയയിലും ഈ ശിവലിംഗങ്ങൾ ഒരു നദിയ്ക്കുള്ളിലായിട്ടാണ് കൊത്തിയെടുത്തിരിക്കുന്നത്.
എന്നാൽ സിർസിയിൽ നിന്നു വ്യത്യസ്തമായി, ഈ സ്ഥലം പവിത്രമായി കണക്കാക്കപ്പെടുന്നില്ല, ഇത് പ്രാഥമികമായി കംബോഡിയയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം മാത്രമാണ്. ദൂരക്കൂടുതൽ ഉള്ളതിനാൽ ഈ ലൊക്കേഷൻ ആക്സസ് ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞതാണ്. ചരിത്രപരമായി, ഈ ലിംഗങ്ങൾ എപ്പോഴാണ് കൊത്തിയെടുത്തതെന്നും അവയുടെ ഉദ്ദേശ്യത്തെക്കുറിച്ചും പരിമിതമായ വിവരങ്ങൾ മാത്രമേ ഉള്ളൂ. പ്രാദേശിക വിശ്വാസമനുസരിച്ച്, ലിംഗങ്ങൾ സൃഷ്ടിപരമായ ഊർജത്തെയാണ് പ്രതിഫലിപ്പിക്കുന്നത്, അവയ്ക്ക് മുകളിലൂടെ ഒഴുകുന്ന വെള്ളം അടുത്തുള്ള നെൽവയലുകളുടെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയിൽ നിന്നും കംബോഡിയൻ ശിവലിംഗങ്ങൾ വ്യത്യസ്തമാകുന്നത് ഈ കാരണങ്ങൾ കൊണ്ടാണ്.