'നീ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്ക് ഞാൻ ബാഗ് പാക്ക് ചെയ്ത് വരാം'; കോഴിക്കോട്ടേക്ക് ക്ഷണിച്ച് കളക്ടർ
Mail This Article
ലോക വിനോദസഞ്ചാര ദിനത്തിൽ കോഴിക്കോട് കറങ്ങാൻ സഞ്ചാരികളെ ക്ഷണിച്ച് ജില്ല കളക്ടർ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലാണ് മനോഹരമായ ഈ കുറിപ്പ്. മനോഹരമായ ഒരു പോസ്റ്റർ പങ്കുവച്ചാണ് കളക്ടർ കോഴിക്കോട് കറങ്ങാൻ സഞ്ചാരികളെ ക്ഷണിച്ചത്. 'വരൂ നമുക്ക് കോഴിക്കോട് കറങ്ങാം! വാട്സാപ്പ് ഗ്രൂപ്പുകളിലെ യാത്രകൾ ഇനി യാഥാർഥ്യമാക്കാം. #ചോയ്ച്ച്_ചോയ്ച്ച്_പോവാം....' എന്ന അടിക്കുറിപ്പോടെ പങ്കുവച്ച പോസ്റ്ററിൽ കാണാൻ കഴിയുന്നത് ഒരു വാട്സാപ്പ് ഗ്രൂപ്പ് ആണ്.
ടൂറിസം ആൻഡ് പീസ് എന്നു പേര് നൽകിയിരിക്കുന്ന വാട്സാപ്പ് ഗ്രൂപ്പിൽ മലയാളസിനിമയിലെ ഏറ്റവും വലിയ വൈബ് യാത്രക്കാരനായ ചാർലിയും കൺവിൻസിങ് സ്റ്റാർ ആയ സുരേഷേട്ടനും എല്ലാരുമുണ്ട്. എന്തിനധികം കാനഡയിൽ നിന്ന് കൺവിൻസ്ഡ് ആയി ജോയിമോനും എത്തിയിട്ടുണ്ട്. ലോക വിനോദസഞ്ചാര ദിനത്തോട് അനുബന്ധിച്ചാണ് മനോഹരമായ അതോടൊപ്പം തന്നെ രസകരവുമായ ഈ പോസ്റ്റർ തയാറാക്കിയിരിക്കുന്നത്.
എസ്എസ്എൽസിയുമായി നടക്കുന്ന ലാലുവാണ് 'അളിയാ, നാളെ ട്രിപ്പ് അല്ലേ' എന്ന് പറഞ്ഞ് ചർച്ച ആരംഭിക്കുന്നത്. എന്നാൽ, മമ്മി ഒറ്റയ്ക്ക് വിടില്ലെന്ന് പറഞ്ഞ ജൂഡ് കൺവിൻസിങ് സ്റ്റാർ സുരേഷേട്ടൻ ഉണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. ഉടനെ തന്നെ, സുരേഷേട്ടൻ 'നീ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്ക് ഞാൻ ബാഗ് പാക്ക് ചെയ്ത് വരാം' എന്ന് പറയുന്നുണ്ട്. ഏതായാലും കാനഡയിലുള്ള ജോയ്മോൻ യാത്രയുടെ കാര്യത്തിൽ കൺവിൻസ്ഡ് ആയിട്ടുണ്ട്. ചാർലി ടൈപ്പ് ചെയ്ത് കഴിയുന്നതിനു മുമ്പേ നമ്മുടെ അരുൺ നീലകണ്ഠൻ കോഴിക്കോട് എത്തുകയും ചെയ്തു.
ഏതായാലും വ്യത്യസ്തമായ ടൂറിസം ഡേ പോസ്റ്ററിന് വലിയ സ്വീകരണമാണ് ആരാധകർ നൽകിയത്. ആദ്യം കണ്ടപ്പോൾ ഏതോ ട്രോൾ പേജാണെന്നാണ് കരുതിയതെന്നും പിന്നെ നോക്കിയപ്പോഴാണ് കളക്ടറുടെ പേജാണെന്ന് മനസിലായതെന്നും ഒരാൾ കമന്റ് ചെയ്തു. കളക്ടറുടെ സോഷ്യൽ മീഡിയ ടീം സീൻ തന്നെ എന്നായിരുന്നു മറ്റൊരാളുടെ കണ്ടെത്തൽ. ഈ ട്രിപ്പ് അവസാനം ചാർലിയും അരുണും മാത്രമേ പോകൂ എന്നാണ് ഒരാളുടെ കണ്ടെത്തൽ.