ADVERTISEMENT

ഈ വർഷത്തെ ലോക വിനോദസഞ്ചാര ദിനത്തോട് അനുബന്ധിച്ച് ട്രാവൽ ആപ്പും മിഡിൽ ഈസ്റ്റിലെയും നോർത്ത് ആഫ്രിക്കയിലെയും ഏറ്റവും വലിയ ഓൺലൈൻ ട്രാവൽ മാർക്കറ്റ് പ്ലേസുമായ വിഗോ ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക പുറത്തുവിട്ടു. സഞ്ചാരികൾക്ക് ഇന്ത്യയുടെ സൗന്ദര്യവും ചരിത്രവും ആസ്വദിക്കാൻ കഴിയുന്ന സ്ഥലങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്.

ആഗോളതലത്തിൽ തന്നെ യാത്രകൾ വലിയ രീതിയിൽ കുതിച്ചുയരുകയാണ്. അതിൽ ഇന്ത്യ ഒരു പ്രധാന ടൂറിസം ഡെസ്റ്റിനേഷൻ ആയി മാറിക്കൊണ്ടിരിക്കുകയാണ്. സമ്പന്നമായ സാംസ്കാരിക പൈതൃകവും മനോഹരമായ പ്രകൃതി ദൃശ്യങ്ങളും വൈവിധ്യമാർന്ന പ്രവർത്തനങ്ങളും ഇഷ്ടപ്പെടുന്നവർക്ക് അവരുടെ പട്ടികയിൽ ധൈര്യത്തോടെ ഉൾപ്പെടുത്താവുന്ന സ്ഥലമാണ് ഇന്ത്യ.

ശാന്തതയും പ്രകൃതിഭംഗിയും ആസ്വദിക്കാൻ കേരളം

ഇന്ത്യയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക വിഗോ പുറത്തുവിട്ടപ്പോൾ കേരളവും അതിൽ ഇടം പിടിച്ചിട്ടുണ്ട്. ശാന്തതയും പ്രകൃതിഭംഗിയും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ കേരളത്തിലേക്കു പോരേ എന്നാണ് വിഗോ പറയുന്നത്. 'ദൈവത്തിന്റെ സ്വന്തം നാട്' എന്നതാണ് കേരള വിനോദസഞ്ചാരത്തിന്റെ പരസ്യവാചകം തന്നെ. കായലുകളാലും മലകളാലും കടലിനാലും സമ്പന്നമായ കേരളം അക്കാരണങ്ങൾ കൊണ്ട് തന്നെ വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ്. മനോഹരമായ കായലുകളും തേയിലത്തോട്ടങ്ങളും ആയുർവേദ ചികിത്സാ കേന്ദ്രങ്ങളും കേരളത്തിന്റേതായ ഒരു ഇടം ടൂറിസം ഭൂപടത്തിൽ നൽകുന്നു. അതുകൊണ്ട് തന്നെ സമാധാനപരമായ ഒരു വിനോദയാത്ര ആഗ്രഹിക്കുന്നവർക്ക് കണ്ണും പൂട്ടി കേരളത്തിലേക്കു വരാം.

കടൽത്തീരത്ത് ശാന്തമായി വിശ്രമം ആഗ്രഹിക്കുന്നവർക്ക് ഗോവ

കടൽത്തീരത്ത് കാറ്റും കൊണ്ട് സ്വസ്ഥമായി കുറച്ചു നേരം വിശ്രമിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗോവയിലേക്ക് പോകാം. മനോഹരമായ കടൽത്തീരങ്ങൾ കൊണ്ട് ഇക്കാര്യത്തിൽ ഗോവ തന്നെയാണ് ഏറ്റവും മുമ്പിൽ. ശാന്തമായ അന്തരീക്ഷവും  ഊർജ്ജസ്വലമായ രാത്രിജീവിതവും കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ഗോവ 'വിഗോ'യുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. പോർച്ചുഗീസ് സ്വാധീനവും ഇന്ത്യൻ സ്വാധീനവും ഒരുപോലെ ദൃശ്യമാകുന്ന ഇന്ത്യയിലെ ഒരിടം കൂടിയാണ് ഗോവ. മനോഹരമായ ബീച്ചുകൾ കൊണ്ട് രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും നിരവധി സഞ്ചാരികളെയാണ് ഗോവ ആകർഷിക്കുന്നത്.

രാജകീയ പാരമ്പര്യമുള്ള രാജസ്ഥാൻ

രാജകീയ പാരമ്പര്യത്തിന് പേരു കേട്ട സംസ്ഥാനമാണ് രാജസ്ഥാൻ. ഇന്ത്യയുടെ രാജകീയ ചരിത്രത്തിലൂടെ സഞ്ചാരികൾക്ക് യാത്ര വാഗ്ദാനം ചെയ്യുന്ന രാജസ്ഥാൻ മനോഹരമായ കോട്ടകളാലും കൊട്ടാരങ്ങളാലും സമ്പന്നമാണ്. രാജസ്ഥാനിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളാണ് ജയ്പുർ, ഉദയ് പുർ, ജോധ്പുർ എന്നീ നഗരങ്ങൾ. ഇന്ത്യയുടെ ഭൂതകാലത്തെക്ക് ആഴ്ന്നിറങ്ങുന്ന അനുഭവമാണ് രാജസ്ഥാൻ ഓരോ സന്ദർശകനും നൽകുന്നത്.

സാഹസികത ആഗ്രഹിക്കുന്നവർക്ക് ലേ - ലഡാക്ക്

സാഹസികത ഇഷ്ടപ്പെടുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലമാണ് ലേ - ലഡാക്ക്. ഹിമാലയത്തിന്റെ ഉയരങ്ങളിൽ സ്ഥിതി ചെയ്യുന്ന ഉയർന്ന പർവ്വതങ്ങളും സ്ഥടികം പോലെ തെളിഞ്ഞ തടാകങ്ങളും പുരാതന ആശ്രമങ്ങളും ട്രെക്കിങ് ആഗ്രഹിക്കുന്നവർക്ക് ഒരു സ്വർഗഭൂമികയാണ്. ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെ ബൈക്ക് യാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്കും ലേ - ലഡാക്ക് വഴി തിരഞ്ഞെടുക്കാവുന്നതാണ്.

തിരക്കേറിയ നഗരജീവിതം ആസ്വദിക്കാൻ മുംബൈ

മഹാനഗരത്തിന്റെ തിരക്കും സ്പന്ദനങ്ങളും അറിയാൻ ആഗ്രഹിക്കുന്നവർക്ക് മുംബൈ തിരഞ്ഞെടുക്കാവുന്നതാണ്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമെന്നാണ് മുംബൈ അറിയപ്പെടുന്നത്. ആധുനിക കാലത്തിന്റെ അംബരചുംബികളായ കെട്ടിടങ്ങളും ചരിത്രപ്രധാനമായ സ്ഥലങ്ങളും ഒരുപോലെ സഞ്ചാരികളെ ആകർഷിക്കുന്നു എന്നതാണ് മുംബൈ നഗരത്തിന്റെ പ്രത്യേകത. സമ്പന്നമായ ചലച്ചിത്ര വ്യവസായത്തിന്റെയും വൈവിധ്യമാർന്ന പാചകരീതികളുടെയും സാംസ്കാരിക സ്വാധീനങ്ങളുടെയും മിശ്രിതകേന്ദ്രം കൂടിയാണ് മുംബൈ.

രാജ്യത്തെ പ്രശസ്തമായ ഈ വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടാതെ ആഭ്യന്തര സഞ്ചാരികളുടെ നിരവധി ഇഷ്ടകേന്ദ്രങ്ങളുണ്ട്. വാരണാസി, ഋഷികേശ്, അമൃത്സർ തുടങ്ങിയ പുണ്യസ്ഥലങ്ങൾ അതിനുദാഹരണമാണ്. കൂടാതെ നിരവധി ഹിൽസ്റ്റേഷനുകളും മനോഹരമായ പ്രകൃതിദൃശ്യങ്ങളും സഞ്ചാരികളെ ഇന്ത്യയിൽ കാത്തിരിക്കുന്നു.

English Summary:

Wego Reveals India's Top Travel Hotspots for 2024.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com