ADVERTISEMENT

എന്തെങ്കിലും പറഞ്ഞുവരുമ്പോൾ പലരും പറഞ്ഞ് നമ്മൾ കേട്ടിട്ടില്ലേ ഓ ഇത് ലോകാവസാനമൊന്നുമല്ല എന്ന്. എന്നാൽ ഇനി പറയാൻ പോകുന്ന നാട്ടിൽ ചെന്ന് നിന്ന് ഇങ്ങനെ പറഞ്ഞാൽ അവർ പറയും, അല്ല ഇതാണ് ലോകമവസാനിക്കുന്നയിടം എന്ന്. അതേ ലോകത്തിന്റെ തെക്കേയറ്റത്തെ ഒരു നാടിനെക്കുറിച്ചാണ് നമ്മൾ ഇനി പറയാൻ പോകുന്നത്. സിനിമകളിലൂടെയും മറ്റുമൊക്കെ നമുക്കറിയാവുന്ന കുപ്രസിദ്ധമായൊരു തടവറയാണ് അർജന്റിനയിലെ അൽകട്രാസ് ഉഷുവായ ജയിൽ. ലോകത്തിലെ തന്നെ കൊടുകുറ്റവാളികളേയും രാഷ്ട്രീയ തടവുകാരേയും പാർപ്പിച്ചിരുന്ന ഈ ജയിൽ ശരിക്കും എവിടെയാണെന്നറിയോ, അർജന്റീനയിലെ ഉഷുവയ എന്ന നാട് ടിയറ ഡെൽ ഫ്യൂഗോ പ്രവിശ്യയുടെ തലസ്ഥാനവും ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നഗരവുമാണ്, അതിനാൽ "ലോകാവസാനം" എന്ന പ്രശസ്തമായ വിളിപ്പേര് ഈ നാടിന് ലഭിച്ചു. 

മിക്ക ആളുകൾക്കും, ടിയറ ഡെൽ ഫ്യൂഗോ നാഷണൽ പാർക്ക് പര്യവേക്ഷണം ചെയ്യുന്നതിനുള്ള കവാടവും കുപ്രസിദ്ധമായ "എൻഡ് ഓഫ് ദി വേൾഡ് ട്രെയിനിന്റെ അവസാന സ്റ്റോപ്പും ഉഷുവയയാണ്. തണുത്തുറഞ്ഞ ഭൂഖണ്ഡമായ അന്റാർട്ടിക്ക സന്ദർശിക്കാൻ സ്വപ്നം കാണുന്ന ചില സാഹസിക യാത്രക്കാർക്ക്, അങ്ങോട്ടേക്കു പ്രവേശിക്കുന്ന കപ്പലുകൾ പുറപ്പെടുന്ന പോയിന്റ് കൂടിയാണ് ലോകത്തിന്റെ തെക്കേയറ്റത്തുള്ള ഈ കൊച്ചുനഗരം. 

അൽകട്രാസിന്റെ പേരിൽ ലോകമറിയുന്ന ഉഷുവായ!

ഏറ്റവും അപകടകാരികളായ കുറ്റവാളികളെയും രാഷ്ട്രീയ തടവുകാരെയും തടവിലാക്കാൻ 1902-ൽ നിർമിച്ചതാണ് അർജന്റീനയിലെ അൽകാട്രാസ് ഉഷുവായ ജയിൽ. ഈ ജയിലിൽ രാജ്യമെമ്പാടുമുള്ള 600 കുറ്റവാളികളെ പാർപ്പിച്ചിരുന്നു, അവർ ശാരീരിക ജോലിക്കു നിർബന്ധിതരായി, അവരുടെ ജോലി നഗരത്തിന്റെ നിർമാണത്തിൽ അവിഭാജ്യമായിത്തീർന്നു. പ്രാദേശിക വീടുകൾ നിർമിക്കുകയും നഗരത്തിന് വിറക്, റൊട്ടി, വൈദ്യുതി എന്നിവ ഇവിടെ നിന്നും വിതരണം ചെയ്യുകയും ചെയ്തിരുന്നു. 1947-ൽ ജയിലിൽ അടച്ചതു മുതൽ പുനരുദ്ധാരണത്തിന് ശേഷം, കെട്ടിടം ഒരു മ്യൂസിയമായിട്ടാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. സന്ദർശകർക്ക് യഥാർത്ഥ സെല്ലുകൾ കാണാൻ കഴിയും, അവസാനത്തെ തടവുകാരിൽ നിന്ന് ഓർമകൾ അവശേഷിക്കുന്നത് പോലെ, വിശദമായ ഫൊട്ടോഗ്രാഫിക് എക്സിബിഷനിലൂടെ ആ ഭീകരതടവറ നേരിൽ കണ്ടറിയാം. ജയിൽ മതിലുകൾക്കപ്പുറം കഠിനമായ പാറ്റഗോണിയൻ മരുഭൂമിയാണ്. ജയിലിലെ നിരവി വർക്ക്‌ഷോപ്പുകളിൽ ഒരു ഷൂ റിപ്പയർ, തയ്യൽശാല, മരപ്പണിശാല, ബേക്കറി, ഫാർമസി എന്നിവ ഉൾപ്പെടുന്നു. ജയിൽ മ്യൂസിയത്തോടൊപ്പം, ഈ കെട്ടിടത്തിൽ മാരിടൈം മ്യൂസിയം, അന്റാർട്ടിക്ക് മ്യൂസിയം, മറൈൻ ആർട്ട് ഗാലറി എന്നിവയുമുണ്ട്. 

ലോകത്തിന്റെ  തെക്കേ അറ്റത്തിലേക്കുള്ള യാത്ര

ഒട്ടനവധി അദ്ഭുതങ്ങളുടെ സ്ഥലമാണ് ഉഷുവയ. അർജന്റീനയിലെ ടിയറ ഡെൽ ഫ്യൂഗോ  പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇത് മഞ്ഞുമൂടിയ പർവതങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. പ്രശസ്തമായ ബീഗിൾ ചാനലും പാറ്റഗണിയൻ മരുഭൂമിയും അതിർത്തി തീർക്കുന്നു. എന്നാൽ എല്ലാ വർഷവും നിരവധി സന്ദർശകരെ ആകർഷിക്കുന്ന എന്ത് പ്രത്യേകതയാണ് ഈ നഗരത്തിനുള്ളത്. അതാണ് "ലോകത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള നഗരം" അല്ലെങ്കിൽ "ലോകാവസാനം" എന്നൊക്കെയുള്ള സവിശേഷ പ്രത്യേകതകളാണ് ഈ നാടിനെ വേറിട്ടതാക്കുന്നത്. ബ്യൂണസ് അയേഴ്സിൽ നിന്ന് ഏകദേശം 3,068 കിലോമീറ്റർ അകലെയാണീ അതിശയിപ്പിക്കുന്ന സൗന്ദര്യമുള്ള നാട്. 

കുത്തനെയുള്ള കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ  പട്ടണത്തിൽ നിന്നും  പെൻഗ്വിൻ കോളനികൾ എന്ന "പെൻഗ്വിൻ ദ്വീപിലേക്കും  അന്റാർട്ടിക്കയിലേയ്ക്കുള്ള നേരിട്ടുള്ള പ്രവേശനവും സാധ്യമാണ്. ഭൂമിയിലെ തണുത്തുറഞ്ഞ ഭൂഖണ്ഡത്തിലേക്കു പോകുന്ന ക്രൂയിസുകളെല്ലാം പുറപ്പെടുന്നത് ഉഷുവായയിൽ നിന്നുമാണ്. ഇവിടെ ചരിത്രം സംസ്കാരവുമായി ഇടകലർന്നിരിക്കുന്നതായി നമുക്കു കാണാം. തണുപ്പ്, പലപ്പോഴും മഴയുള്ള കാലാവസ്ഥകൾക്കിടയിലും എപ്പോഴും അനുഭവിക്കാവുന്ന തണുപ്പാണിവിടെ. 

ഔട്ട്ഡോർ പ്രവർത്തനങ്ങൾ

ലോകമെമ്പാടുമുള്ള പ്രശസ്തി നേടിയ നിരവധി ഔട്ട്ഡോർ പ്രവർത്തനങ്ങൾ ഉഷുവായയിലും നടത്താം. ഇവിടെ നിന്ന് അന്റാർട്ടിക്കയിലേക്ക് പോകുന്ന ഒരു കപ്പലിൽ കയറാം. അല്ലെങ്കിൽ പട്ടണത്തിൽ നിന്ന് അഞ്ച് മൈൽ വടക്ക്, മാറി മാർഷ്യൽ ഗ്ലേസിയർ ഉൾക്കടലിലേക്കു ബോട്ട് സഫാരി നടത്താം. അതുപോലെ തണുപ്പുകൂടിയ മാസങ്ങളിൽ സ്കീയിങ്. ഇവിടുത്തെ ടിയറ ഡെൽ ഫ്യൂഗോ നാഷണൽ പാർക്ക് ഒരു വിസ്മയിപ്പിക്കുന്ന വിനോദ മേഖലയാണ്.  സംരക്ഷണത്തിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്കായി ഭൂരിഭാഗവും തുറന്നിട്ടില്ലെങ്കിലും തെക്കേ അറ്റത്ത് 25 മൈൽ ഹൈക്കിങ് ട്രെയലുകളുണ്ട്. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ നിങ്ങളുടെ മനം നിറയ്ക്കും. വെള്ളച്ചാട്ടങ്ങൾ, തടാകങ്ങൾ, മലകൾ, ഹിമാനികൾ അങ്ങനെ. അതൊക്കെ കണ്ട് ഒരു സൈക്കിൾ ടൂർ നടത്താം. പക്ഷിനിരീക്ഷണം പോലെ തന്നെ ഇവിടെ ക്യാംപിങ്ങും വളരെ വലുതാണ്. 

വന്യജീവികളുടെയും ബോട്ട് സവാരികളുടെയും ആരാധകർക്ക്, ബേർഡ് ഐലൻഡ്, സീ ലയൺ ദ്വീപ്, അർജന്റീനയുടെ തെക്കേ അറ്റമെന്നു സൂചിപ്പിക്കുന്ന ലെസ് എക്ലെയേഴ്സ് ലൈറ്റ്ഹൗസ് എന്നിവ കാണാൻ പ്രശസ്തമായ ബീഗിൾ ചാനലിലേക്ക് ഒരു യാത്ര നടത്താം. മഴയായാലും വെയിലായാലും ഇവിടുത്തെ കാഴ്ചകൾ അതിമനോഹരമാണ്. മറ്റൊരു എടുത്തുപറയേണ്ട കാര്യം പെൻഗ്വീനുകളുടെ കോളനി സന്ദർശനമാണ്. ആയിരക്കണക്കിന് പെൻഗ്വിനുകൾ ഒരുമിച്ച് ജീവിയ്ക്കുന്ന മാർട്ടില്ലോ ദ്വീപിലെ ഒരു മഗല്ലനിക് പെൻഗ്വിൻ കോളനി സന്ദർശനം അവിസ്മരണീയമായിരിക്കും. ഉൾക്കടലിൽ ഒരു കയാക്ക് ടൂർ നടത്തുക അല്ലെങ്കിൽ തണുത്ത വെള്ളത്തിൽ സ്കൂബ ഡൈവിങ് പരിഗണിക്കുക. അങ്ങനെ ഉഷുവായയിലെത്തിയാൽ അനന്തമായ കാഴ്ചകളും സാഹസീക വിനോദങ്ങളും അവനവധിയാണ്. 

English Summary:

End of the World Place, Argentina

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com