കൊല്ലാൻ പാഞ്ഞടുക്കുന്ന സ്രാവുകൾ, മഴയില്ലാത്ത നാട്...; ഭൂമിയിലെ എക്സ്ട്രീം ടൂറിസം സ്പോട്ടുകൾ
Mail This Article
കടലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിയ ആഡംബരത്തിന്റെ പേരായിരുന്ന ടൈറ്റാനിക്ക് കപ്പൽ, അതിനു ശേഷം എത്രയെത്ര ആഡംബര നൗകകൾ. കൗതുകത്തിനപ്പുറം ഇതിനെ എക്ട്രീം ടൂറിസം എന്നാണു വിളിക്കുന്നത്. എത്ര റിസ്കെടുത്തും ചിലപ്പോൾ ജീവൻ പോലും പണയപ്പെടുത്തി ചില സ്ഥലങ്ങളിലേക്കു നടത്തുന്ന യാത്രകളെയാണ് പൊതുവേ ഇങ്ങനെ വിളിക്കുന്നത്. അപകടങ്ങൾ ഏറെ നിറഞ്ഞതാണെങ്കിലും ഇത്തരം യാത്രകളെ ഹരമായി കാണുന്നവരുടെ എണ്ണം കൂടിവരികയാണെന്നാണു റിപ്പോർട്ടുകൾ. ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ പോകുന്നത്ര സാഹസീകതയിലേക്ക് എത്തിയ എക്ട്രീം ടൂറിസത്തിന്റെ ചില ഉദാഹരണങ്ങളാണ് ഇനി. പലതും ജീവൻ വരെ ഭീഷണിയാകുന്നയിടങ്ങളാണെങ്കിലും യാത്രാ കുതുകികളായവർ യാതൊരു മടിയുമില്ലാതെ കടന്നുചെല്ലുന്ന ഇടങ്ങൾ.
മൗണ്ട് തോർ ക്ലിഫ്, കാനഡ-ഭൂമിയിലെ ഏറ്റവും കുത്തനെയുള്ള പാറ
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായി കണക്കാക്കപ്പെടുന്ന കാനഡയിലെ ഔയുതുക് ദേശീയോദ്യാനത്തിലെ മൗണ്ട് തോർ, ഏറെ വെല്ലുവിളി നിറഞ്ഞ പ്രദേശമാണെങ്കിലും ജനപ്രിയമായൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്. ആ പറമുകളിലെത്താൻ എല്ലാവർക്കുമൊന്നും സാധിക്കില്ല. കൊടുമുടിയുടെ പടിഞ്ഞാറൻ മുഖമാണ് ഭൂമിയിലെ ഏറ്റവും ദൈർഘ്യമേറിയ ലംബമായ ഡ്രോപ്പ്: 4,101 അടി നേരെ താഴേക്ക്. അതാണ് മൗണ്ട് തോർ ക്ലിഫിന്റെ ആഴം. ബേസ് ജംപർമാർക്കും പാരാഗ്ലൈഡറുകൾക്കുമുള്ള ഒരു സൈറ്റ് എന്ന നിലയിലും ഇത് ജനപ്രിയമാണ്. ഈ മല കയറൽ അത്ര എളുപ്പമല്ല എന്നതിന്റെ തെളിവാണ് 1985 ൽ നാലംഗ അമേരിക്കൻ സംഘം കയറ്റം പൂർത്തിയാക്കുന്നതിനു 33 ദിവസമെടുത്തുവെന്ന കാര്യം. അര ടണ്ണിലധികം ഭക്ഷണസാധനങ്ങളും ഉപകരണങ്ങളും കൊണ്ടുവന്നെങ്കിലും തുടരെ തുടരെയുള്ള അപകടങ്ങളും പ്രയാസങ്ങളും തരണം ചെയ്താണ് അവർക്ക് ആ യാത്ര പൂർത്തിയാക്കാനായത്.
അറ്റകാമ മരുഭൂമി, ചിലി- ഭൂമിയിലെ ഏറ്റവും വരണ്ട സ്ഥലം
അറ്റകാമ മരുഭൂമി ലോകത്തിലെ ഏറ്റവും വരണ്ട സ്ഥലമെന്നാണു പൊതുവെ അറിയപ്പെടുന്നത്, പ്രത്യേകിച്ച് ചിലിയിലെ അന്റോഫാഗസ്റ്റ റീജിയണിലെ അന്റോഫാഗസ്റ്റ യൂണിവേഴ്സിറ്റി ഓഫ് ഡെസേർട്ട് റിസർച് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഉപേക്ഷിക്കപ്പെട്ട യുംഗേ മൈനിങ് ടൗണിന്റെ പരിസരം. ഇവിടെ സഞ്ചരിക്കുമ്പോൾ ഇന്ന് ലോകത്തു കണ്ടുപിടിച്ചിരിക്കുന്ന ഒരു സൺസ്ക്രീൻ ക്രീമും നിങ്ങളെ ഇവിടുത്തെ അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്നും രക്ഷിക്കില്ല. ഓരോ വർഷവും ഏതാണ്ട് ഒരു മില്ലിമീറ്ററിൽ താഴെ മാത്രമേ ഇവിടെ മഴ ലഭിക്കുന്നുള്ളു. ചില പ്രദേശങ്ങളിൽ 500 വർഷത്തിലേറെയായി ഒരു തുള്ളിമഴ പോലും ലഭിച്ചിട്ടില്ലത്രേ. ചൊവ്വയുടെ ഉപരിതലത്തിനോട് സാമ്യമുള്ളതിനാൽ നാസയുടെ ചൊവ്വാഗ്രഹ ദൗത്യങ്ങൾ പരിക്ഷിക്കാനും മറ്റുമാണ് ഈ പ്രദേശം കൂടുതലും ഉപയോഗിക്കുന്നത്.
ലുട്ട് മരുഭൂമി, ഇറാൻ - ലോകത്തിലെ ഏറ്റവും ചൂടേറിയ സ്ഥലം
ഭൂമിയിൽ ഇന്ന് ഒരു മനുഷ്യൻ താങ്ങാനാവുന്നതിനേക്കാൾ അധികം ചൂടുള്ള ഒരു സ്ഥലത്തേക്കു യാത്ര ചെയ്യാൻ തയ്യാറാണെങ്കിൽ മാത്രം ലുട്ട് മരുഭൂമി തിരഞ്ഞെടുക്കാം. ഭൂമിയുടെ ഉപരിതല താപനിലയെക്കുറിച്ചുള്ള നാസയുടെ ഉപഗ്രഹ ഡാറ്റ അനുസരിച്ച് ഭൂമിയുടെ ഉപരിതലത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ചൂടേറിയ സ്ഥലമാണ് ഇറാനിലെ ലൂട്ട് മരുഭൂമി. 2005-ൽ അവിടെ 70.7 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു, അതിനുശേഷം നിരവധി വാർഷിക അവസരങ്ങളിൽ ലൂട്ട് ഏറ്റവും ചൂടേറിയ സ്ഥലമായി തന്നെ നിലനിൽക്കുകയാണ്. ഈ പ്രദേശം ശാസ്ത്രീയമായി അജിയോട്ടിക് ആണ്. ജീവനില്ലാത്തത് എന്നർഥം. അതായത് ഒരു ബാക്റ്റീരയയെപ്പോലും ഇവിടെ ഇന്നുവരെ കണ്ടെത്താനായിട്ടില്ല.
ട്രിസ്റ്റൻ ഡാ കുൻഹാ, യുണൈറ്റഡ് കിങ്ഡം - ഭൂമിയിലെ ഏറ്റവും വിദൂരമായ സ്ഥലം
നിങ്ങൾ ശരിക്കും ബഹളങ്ങളും തിരക്കുകളും വെറുക്കുന്നൊരാളാണെങ്കിൽ നിങ്ങൾക്ക് ഈ ഭൂമിയിൽ ഓടിരക്ഷപെടാൻ പറ്റിയ ഏറ്റവും വിദൂരത്തുള്ള സ്ഥലമാണിത്. ഈ പ്രദേശത്തിന്റെ ഏറ്റവും അടുത്തുള്ള സ്ഥലമെന്നു പറയുന്നത് 1750 മൈൽ അകലെയുള്ള ആഫ്രിക്കയിലെ ഒരു സ്ഥലമാണ്, അതും കടലിലൂടെ മാത്രം സഞ്ചരിച്ച് എത്താൻ സാധിക്കുന്നത്. കേപ് ടൗണിൽ നിന്ന് കപ്പൽ മാർഗമാണ് ട്രിസ്റ്റനിലേക്ക് യാത്ര ചെയ്യാനുള്ള ഏക മാർഗം, എന്നാൽ പരിമിതമായ എണ്ണം ബെർത്തുകൾ മാത്രമേ അതിലും ലഭ്യമാകൂ. 300 ൽ താഴെ മാത്രം താമസക്കാരുള്ള ചെറിയൊരു ദ്വീപാണിത്.
ഏയ്ഞ്ചൽ വെള്ളച്ചാട്ടം, വെനസ്വേല... ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം വെനസ്വേലയിലെ ഏഞ്ചൽ ഫാൾസാണ്, 979 മീറ്റർ താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടത്തിന് നയാഗ്ര വെള്ളച്ചാട്ടത്തേക്കാൾ 19 മടങ്ങ് ഉയരമുണ്ട്. അതുപോലെ തെക്കേ അമേരിക്കയിലെ ഇഗ്വാസു വെള്ളച്ചാട്ടത്തേക്കാൾ 10 മടങ്ങും. മൂന്ന് രാജ്യങ്ങൾക്കിടയിലായി കാടിനുള്ളിൽ സ്ഥിതിചെയ്യുന്നതിനാൽ ഇവിടേയ്ക്ക് അത്ര അനായാസം എത്തിച്ചേരാനാകില്ല. ദൂരെനിന്നുള്ള വെള്ളച്ചാട്ടത്തിന്റെ കാഴ്ച തന്നെ അമ്പരപ്പിക്കുന്നതാണ്.
ഗൻസ്ബായ് സൗത്ത് ആഫ്രിക്ക - ഭൂമിയിലെ ഏറ്റവും അപകടകരമായ തീരം
നിങ്ങളുടെ സ്വന്തം റിസ്കിൽ വേണം ഇവിടേക്കു യാത്ര നടത്താൻ. കാരണം ലോകത്തിലെ ഏറ്റവും അപകടകാരികളായ സ്രാവുകളുടെ നടുക്കായിരിക്കും ഗൻസബായിലെത്തിയാൽ. ഇവിടുത്തെ ജനപ്രിയമായ ഒരു ആക്റ്റിവിറ്റി ഇരുമ്പുകൂട്ടിനുള്ളിൽ സന്ദർശകരെ ഇറക്കുന്നതാണ്. കൂടിനുള്ളിൽ നിൽക്കുമ്പോൾ ചിലപ്പോൾ നിങ്ങൾക്കു പേടി തോന്നില്ല. എന്നാൽ അടുത്ത ക്ഷണം ആ കൂട് കടിച്ചുപറിക്കാനായി ഓടിയടുക്കുന്ന കൊലയാളി സ്രാവുകളെ കാണുന്ന നിമിഷം അതെല്ലാം ആവിയായി പോയിട്ടുണ്ടാകും. പിരാന പോലെയുള്ള സിനിമകൾ കണ്ടിട്ടുള്ളവരാണെങ്കിൽ രണ്ടുവട്ടം ആലോചിട്ടതിനുശേഷമേ ഇവിടേക്കു വണ്ടികയറൂ.