ദക്ഷിണേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യാന്തര എയർലൈൻ ആയി ശ്രീലങ്കൻ എയർലൈൻ
Mail This Article
ഒരിക്കൽ കൂടി ദക്ഷിണേഷ്യയിലെ മുൻനിര രാജ്യാന്തര എയർലൈനായി തിരഞ്ഞെടുക്കപ്പെട്ട് ശ്രീലങ്കൻ എയർലൈൻസ്. സൗത്ത് ഏഷ്യൻ ട്രാവൽ അവാർഡ്സിൽ (SATA 2024) വിസിറ്റേഴ്സ് ചോയിസ് അവാർഡ് കാറ്റഗറിയിൽ ആണ് ശ്രീലങ്കൻ എയർലൈൻസ് ദക്ഷിണേഷ്യയിലെ മുൻനിര എയർലൈൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഈ കാറ്റഗറിയിൽ തുടർച്ചയായ രണ്ടാം തവണയാണ് ശ്രീലങ്കൻ എയർലൈൻസ് വിജയിക്കുന്നത്. ഈ അംഗീകാരം ദക്ഷിണേഷ്യയിലെ വ്യോമയാന വ്യവസായത്തിലെ ഒരു പവർഹൗസ് എന്ന നിലയിലുള്ള എയർലൈനിന്റെ പദവിയെ കൂടുതൽ ശക്തമാക്കുന്നു. സമാനതകളില്ലാത്ത സേവനവും ആതിഥ്യമര്യാദയുമാണ് ശ്രീലങ്കൻ എയർലൈൻസിന്റെ പ്രത്യേകത. കൂടാതെ ദക്ഷിണേഷ്യൻ മേഖലയിൽ 85 ശതമാനം സേവനം നൽകുന്ന സമഗ്രമായ ഫ്ലൈറ്റ് ഷെഡ്യൂളുകളും ശ്രീലങ്കൻ എയർലൈൻസിന്റെ പ്രത്യേകതയാണ്.
മേഖലയിലെ ഏറ്റവും പേരുകേട്ട യാത്രാ പുരസ്കാരങ്ങളിൽ ഒന്നാണ് SATA പുരസ്കാരം. ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച ഹോസ്പിറ്റാലിറ്റി, യാത്ര വ്യവസായങ്ങളെ ആഘോഷിക്കുന്ന വാർഷിക പരിപാടിയാണ് SATA. പതിനെട്ടിലധികം പ്രാദേശിക ടൂറിസം ഓർഗനൈസേഷനുകൾ അംഗീകരിച്ചിട്ടുള്ളതാണ് ഇത്. രണ്ട് മേഖലകളിലെയും പ്രൊഫഷണലുകളും യാത്രക്കാരും ഒരുമിച്ച് വോട്ട് ചെയ്താണ് വിജയികളെ തീരുമാനിക്കുന്നത്. മികവിന്റെയും ഉപഭോക്താക്കളുടെ സംതൃപ്തിയുടെയും പ്രതിഫലനമാണ് അവാർഡുകൾ.
യാത്രക്കാർക്ക് ആധികാരികമായ ഒരു ശ്രീലങ്കൻ അനുഭവം നൽകുക എന്നതാണ് ശ്രീലങ്കൻ എയർലൈൻസിന്റെ കാഴ്ചപ്പാട്. കരസ്ഥമാക്കിയ പുരസ്കാരങ്ങളിലെല്ലാം ഇത് വ്യക്തമാകുന്നുമുണ്ട്. എയർലൈൻ പാസഞ്ചർ എക്സ്പീരിയൻസ് അസോസിയേഷൻ (APEX) അവാർഡുകളിൽ തുടർച്ചയായി ഫോർ സ്റ്റാർ റേറ്റിങ് ലഭിച്ചു. യാത്രക്കാർ നൽകുന്ന ഫീഡ് ബാക്കിനെ ആശ്രയിച്ചാണ് ഈ പുരസ്കാരം നൽകുന്നത്. ദക്ഷിണേഷ്യയിൽ മാത്രം കൊളംബോയിൽ നിന്ന് ഇന്ത്യ, പാകിസ്ഥാൻ, മാലദ്വീപ്, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങളിലേക്കായി ഓരോ ആഴ്ചയും 130 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.