ശിശിരകാല മേഘങ്ങള്‍ വിരുന്നു പോകുമിടം; വയനാട്, കശ്മീർ, രാജസ്ഥാൻ...
Mail This Article
മരങ്ങളിലെ ഇലച്ചാര്‍ത്തുകള്‍ മഞ്ഞയില്‍ നിന്നും തുരുമ്പു നിറത്തിലേക്ക് മാറുകയും വേനലിന്‍റെ ചൂടോ മഴയുടെ നനവോ ഇല്ലാത്ത കുളിരൂറും പകലുകള്‍ സമ്മാനിക്കുകയും ചെയ്യുന്ന കാലമാണ് ശിശിരം. കേരളത്തില്‍ ശിശിരകാലം എന്നത് അത്രയ്ക്ക് വ്യക്തമല്ല. എന്നാല്‍, ഉത്തരേന്ത്യയിലും മറ്റും പലയിടങ്ങളിലും ഈ കാലം അതിമനോഹരമാണ്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളാണ് ശിശിരകാലമായി അറിയപ്പെടുന്നത്. ഈ സമയത്ത് പോകാന്‍ പറ്റിയ ചില സ്ഥലങ്ങള്‍ ഇതാ...
∙ കശ്മീർ
വർഷം മുഴുവനും സഞ്ചാരികളുടെ പറുദീസയായി കണക്കാക്കപ്പെടുന്ന കശ്മീര്‍, ശരത്കാലത്തും അതിമനോഹരമാണ്. ചുവന്ന പരവതാനി വിരിച്ച താഴ്‌വരകള്‍ സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യും. ദാൽ തടാകത്തിന്റെ തീരത്ത്, കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന സ്വർണ ചിനാർ ഇലകളുടെ അനന്തമായ മേലാപ്പും ഗുൽമാർഗ് താഴ്‌വരയിലെ തിളങ്ങുന്ന പൂക്കളുമെല്ലാം ചേര്‍ന്നു കണ്ണിനു വിരുന്നൊരുക്കും. ഷിക്കാരയിൽ കയറി പിർ പഞ്ചൽ ശ്രേണിയിലൂടെ യാത്ര ചെയ്യാം.
∙ വയനാട്
വലിയ മഴക്കാലം കഴിഞ്ഞ ശേഷമുള്ള ചെറിയ ഒരു ഇടവേളയാണ് കേരളത്തിലെ ശരത്കാലം. ഈ സമയത്ത് അതിമനോഹരമാകുന്ന പ്രദേശങ്ങളില്‍ ഒന്നാണ് വയനാട്. മരതകപ്പച്ചയാര്‍ന്ന വനച്ചാര്‍ത്തിനു മുകളിലെ പ്രഭാതസൂര്യന്‍റെ സ്വർണരശ്മികള്‍ പതിക്കുന്നതു കണികണ്ട് ഉണര്‍ന്നെണീക്കാം. കിളികളുടെ കളകൂജനങ്ങളും നിറഞ്ഞൊഴുകുന്ന അരുവികളുടെ കളകളവും കേട്ട് കാട്ടിനുള്ളിലൂടെ നടക്കാം. വിശാലമായ നെല്‍വയലുകളും കാപ്പിത്തോട്ടങ്ങളും വന്യജീവി സങ്കേതങ്ങളുമെല്ലാം സന്ദര്‍ശിക്കാം. വയനാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ക്യാപിങ്, ട്രെക്കിങ്, ഹൈക്കിങ് മുതലായവയെല്ലാം ചെയ്യാന്‍ ഏറ്റവും മികച്ച സമയമാണ് ഇത്.
∙ ജോധ്പൂർ
വെളുത്ത പെയിന്‍റടിച്ച വീടുകള്‍ നിരനിരയായി നില്‍ക്കുന്ന ഗ്രീക്ക് ദ്വീപുകള്‍ പോലൊരു ഇടം - അതാണ് രാജസ്ഥാനിലെ ജോധ്പൂര്‍ പട്ടണം. വെളുപ്പിനുപകരം നീലയാണെന്നു മാത്രം! നീല നഗരമെന്ന വിളിപ്പേരിലറിയപ്പെടുന്ന ജോധ്‌പൂരിലെ കോട്ടകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും വീടുകൾക്കുമെല്ലാം നീലനിറമാണ്. ചരിത്രമുറങ്ങുന്ന മെഹ്റാന്‍ഗാധ് കോട്ടയും കണ്ണാടികള്‍കൊണ്ട് അലങ്കരിച്ച ശീഷ് മഹലും വെണ്ണക്കല്ലില്‍ തീര്‍ത്ത ജസ്‌വന്ത് താഡയും അപൂർവമായ ക്ലോക്കുകളുടെ ശേഖരമുള്ള ചിത്താർ കൊട്ടാരവും കെയ്‌ലാന തടാകവും മാച്ചിയ സഫാരി പാർക്കുമെല്ലാം ശരത്കാലത്ത് അതിസുന്ദരമാകുന്നു. കടുത്ത വേനലിനു ശേഷം, വരുന്ന ഈ സമയം മരുഭൂമി സഫാരികൾക്കും മ്യൂസിയം സന്ദർശനങ്ങൾക്കും രജപുത്ര ഉത്സവങ്ങൾക്കുമെല്ലാം അനുയോജ്യമായ കാലമാണ്.
∙ ദ്സോംഗ്രി
വിസ്മയിപ്പിക്കുന്ന റോഡോഡെൻഡ്രോൺ വനങ്ങളും ഹിമാലയൻ നീല ആടുകളും ചുവന്ന പാണ്ടകളും സിവെറ്റുകളും സ്വതന്ത്രമായി വിഹരിക്കുന്ന അരുവികളുമുള്ള മനോഹരമായ ഒരു ഇടമാണ് സിക്കിമിലെ ദ്സോംഗ്രി. വർഷം മുഴുവനും മഞ്ഞുമൂടിയ ഹിമാലയൻ കൊടുമുടിയായ കാഞ്ചൻജംഗയുടെ താഴ്വരകൾ കണ്ണിനു കുളിരായി പച്ചപ്പട്ടു വിരിച്ചു നില്‍ക്കുന്ന കാലമാണ് ഇവിടെ ശരത്കാലം. സിക്കിമിലെ ഏറ്റവും രസകരമായ ട്രെക്കിങ് റൂട്ടുകളിലൊന്നാണ് ദ്സോംഗ്രി, മാത്രമല്ല അല്‍പ്പം സാഹസികവുമാണ്. ആറു ദിവസത്തോളം എടുക്കുന്ന ഈ ട്രെക്കിങ്ങ് നടത്താന്‍ ഏറ്റവും മികച്ച സമയമാണ് ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍. സിക്കിം ഹിമാലയത്തിലെ അതിമനോഹരമായ പർവ്വതങ്ങളുടെയും മഞ്ഞുമൂടിയ കൊടുമുടികളുടെയും 360 ഡിഗ്രി കാഴ്ച ആസ്വദിക്കാവുന്ന ദ്സോംഗ്രി വ്യൂ പോയിൻ്റ്, 4250 മീറ്റർ ഉയരത്തിൽ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്നു.
∙ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
ശരത്കാലത്താണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളില്‍ ജലവിനോദങ്ങള്‍ ഏറ്റവും സജീവമാകുന്നത്. ഹണിമൂണ്‍ സഞ്ചാരികളുടെ സ്വര്‍ഗമായ ആന്‍ഡമാനില്‍ സഞ്ചാരികള്‍ക്ക് കാണാനും അറിയാനും പലതുമുണ്ട്. ബീച്ചുകളും സൂര്യോദയങ്ങളും അസ്തമയങ്ങളും പച്ചപ്പും മാത്രമല്ല ചരിത്രസ്മാരകങ്ങളും ഗോത്രവര്‍ഗക്കാരുടെ ജീവിതവുമെല്ലാം ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാറില്‍ സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാവും. ഹാവ് ലോക് ദ്വീപിലെ സ്വപ്ന തുല്യമായ ബീച്ചുകളും വനയാത്രയൊരുക്കുന്ന എലഫന്റ് ബീച്ചും ബ്രിട്ടീഷുകാർ ആഡംബര ജീവിതത്തിനായി തിരഞ്ഞെടുത്ത റോസ് ഐലൻഡും കാലാപാനിയിലൂടെ പ്രസിദ്ധമായ സെല്ലുലാർ ജയിലുമെല്ലാം സന്ദര്‍ശിക്കാം.