എഐ വിഷ്വലുകൾ തോറ്റുപോകും ഈ മനോഹര സ്ഥലങ്ങൾക്കു മുന്നിൽ
Mail This Article
കണ്ടാൽ ഏതോ പ്രേതകഥയിലെ രംഗംപോലെ തോന്നും എന്നാൽ അത്യന്തം അവിശ്വസനീയമാം വിധം യഥാർഥമായ ചില സ്ഥലങ്ങളുണ്ട്, ഒറ്റനോട്ടത്തിൽ ഇപ്പോഴത്തെ ട്രെൻഡ് പോലെ വല്ല എഐ വിഷ്വലോ എന്നു തോന്നിപ്പിക്കും വിധമാണ് ഈ സ്ഥലങ്ങളൊക്കെ. ലോകമെമ്പാടുമുള്ള ആ ഫെയറിടെയ്ൽ ഡെസ്റ്റിനേഷനുകളിൽ ചിലതു പരിചയപ്പെടുത്താം.
∙ഫെയിറി പൂൾസ് സ്കോട്ട്ലൻഡ്
പേര് പോലെ ചിത്ര കഥയിലെ മനോഹരമായൊരു ചിത്രം പോലെയാണ് ഈ വെള്ളച്ചാട്ടം കാണാൻ. ഒറിജിനൽ തന്നെയോ എന്നു സംശയം തോന്നും ഇതിന്റെ ചിത്രങ്ങൾ കണ്ടാൽ. കണ്ണീരുപോലെ തെളിഞ്ഞ നീരുറവ ഒഴുകി താഴേക്കു പരക്കുന്നതു കാണാൻ തന്നെ ബഹുരസമാണ്. സ്കോട്ട്ലൻഡിലെ ഐൽ ഓഫ് സ്കൈയുടെ തെക്ക് ഗ്ലെൻബ്രിട്ടിലെ കാർബോസ്റ്റ് ഗ്രാമത്തിനടുത്താണ് ഫെയറി പൂൾസ് സ്ഥിതി ചെയ്യുന്നത്. ഒരു കൂട്ടം വെള്ളച്ചാട്ടങ്ങളാൽ സൃഷ്ടിക്കപ്പെട്ട ക്രിസ്റ്റൽ ക്ലിയർ സ്പ്രിങ് വെള്ളത്തിന്റെ മനോഹരമായ പാറക്കുളങ്ങളാണ് ശരിക്കും ഫെയറി പൂൾസ്. നിരവധി അപൂർവ മൃഗങ്ങളും സസ്യങ്ങളും ഈ പ്രദേശത്തുണ്ടെങ്കിലും അതിമനോഹരമായ ഭൂപ്രകൃതി മാത്രം മതി ഇവിടേക്ക് സഞ്ചാരികളെത്താൻ. പല സമയദൈർഘ്യമുള്ള ട്രെക്കിങ്ങിലൂടെ ഫെയറി പൂളിലെത്താൻ സാധിക്കും.
∙ന്യൂഷ്വാൻസ്റ്റൈൻ കാസിൽ, ജർമനി
സ്ലീപ്പിങ് ബ്യൂട്ടി എന്ന പ്രശസ്തമായ നോവലിനും ഹോളിവുഡ് സിനിമയ്ക്കും പശ്ചാത്തലമായ ഒരു കോട്ടയുണ്ട്, കഥയിൽ അതിഭീകരത്വം നിറഞ്ഞുനിൽക്കുന്ന ആ കോട്ട നേരിട്ടുകാണണമെങ്കിൽ ജർമനിയിൽ ചെന്നാൽ മതി. ന്യൂഷ്വാൻസ്റ്റൈൻ കാസിൽ എന്ന വളരെ പ്രശസ്തമായ കോട്ടയും കൊട്ടാരവും ജർമനിയിൽ ഏറ്റവും അധികം പേർ സന്ദർശിക്കുന്ന ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ കൂടിയാണ്. ബവേറിയൻ ആൽപ്‌സ് പർവ്വതനിരകളിൽ സ്ഥിതി ചെയ്യുന്ന മലമുകളിലെ കൊട്ടാരത്തിന്റെ നിർമ്മാണരീതി തന്നെ അമ്പരിപ്പിക്കുന്നതാണ്. ലുഡ്‌വിഗ് രണ്ടാമനാണ് കോട്ട നിർമിക്കാൻ പദ്ധതിയിട്ടത്. എന്നാൽ ഇതൊരു പണിതീരാത്ത കോട്ടയാണ് എന്നതാണ് വാസ്തവം. ഈ കോട്ടയുടെ എല്ലാ മഹനീയതോടെയും കാണണമെങ്കിൽ മരിയൻബ്രൂക്ക് എന്ന പാലത്തിൽ നിന്നാൽ മതി. ഒരു വെള്ളച്ചാട്ടത്തിന് മുകളിലൂടെ തൂങ്ങിക്കിടക്കുന്ന ഈ പാലം ന്യൂഷ്വാൻസ്റ്റൈൻ കാസിലിന്റെ ഏറ്റവും മികച്ച കാഴ്ചകൾ നൽകുന്നു.
∙ബ്ലാക്ക് ഫോറസ്റ്റ്, ജർമനി
കറുത്ത വനം എന്നാൽ എന്താണ്, ഇരുട്ട് നിറഞ്ഞ പേടിപ്പെടുത്തുന്ന അന്തരീക്ഷമുള്ള ഒരു കൊടുംകാട് അല്ലേ. ജർമനിയിലെ തിരക്കേറിയ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഈ പറയുന്ന ബ്ലാക്ക് ഫോറസ്റ്റ് എന്നുപറഞ്ഞാൽ വിശ്വസിക്കുമോ. നിഗൂഡമായ വനം മാത്രമല്ല ചരിത്രവും നാടോടിക്കഥകളും മനോഹരമായ മൊണാസ്ട്രികൾ, കോട്ടകൾ, ബോട്ടിക് മാർക്കറ്റുകളുള്ള മനോഹരമായ ഗ്രാമങ്ങൾ എന്നിവ ‘കൊണ്ടു നിറഞ്ഞതാണ് ബ്ലാക്ക് ഫോറസ്റ്റ്. കറുത്ത വനം' അല്ലെങ്കിൽ ജർമൻ ഭാഷയിൽ 'ഷ്വാർസ്വാൾഡ്' എന്ന് ഈ സ്ഥലത്തിന് പേര് വന്നത്, ചില പ്രദേശങ്ങളിൽ, സൂര്യന്റെ ഭൂരിഭാഗവും തടയപ്പെടുന്നു എന്ന വസ്തുതയിൽ നിന്നാണ്. അതായത് ഈ സ്ഥലത്ത് പലയിടത്തും സൂര്യപ്രകാശം ലഭിക്കാതെ ഇരുട്ടുമൂടിക്കിടക്കുന്നവയാണെന്ന്. 'റാപുൻസൽ' 'ബ്രദേഴ്സ് ഗ്രിം' തുടങ്ങിയ ലോകപ്രസിദ്ധ കഥകൾക്കു ബ്ലാക്ക് ഫോറസ്റ്റ് പ്രചോദനം നൽകിയതായി പറയപ്പെടുന്നു. തെക്കുപടിഞ്ഞാറൻ ജർമനിയിലെ ഒരു വലിയ പർവ്വതനിരയിൽ സ്ഥിതി ചെയ്യുന്ന ബ്ലാക്ക് ഫോറസ്റ്റ് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ട അവധിക്കാലസ്ഥലമാണ്.
∙ഗ്ലോവേം കേവ്സ്, ന്യൂസിലൻഡ്
കവര് അടിച്ചുകയറുന്ന തീരങ്ങൾ കണ്ട് പരിചയമുള്ള നമുക്ക് ചിലപ്പോൾ ഈ സ്ഥലത്തെ കുറിച്ച് പറഞ്ഞാൽ കുറേയൊക്കെ മനസ്സിലാകും. രാത്രിയിൽ നീലനിറത്തിൽ കടലോരങ്ങൾ മാറുന്ന അപൂർവ പ്രതിഭാസം പോലെ തന്നെയാണ് ന്യൂസിലൻഡിലെ ചില ഗുഹകൾക്കുള്ളിലും സംഭവിക്കുന്നത്. ഇരുട്ടിൽ തിളങ്ങിനിൽക്കുന്ന ഇലുമിനേറ്റഡ് ബൾബുകൾ പോലെ ഗുഹകൾക്കുള്ളിൽ ഗ്ലോ വേമുകൾ പ്രകാശിച്ചുനിൽക്കുന്നത് കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ചയാണ്.ന്യൂസിലാന്റിലെ ഓക്ക്‌ലൻഡിൽ നിന്നു മൂന്ന് മണിക്കൂർ യാത്ര ചെയ്തെത്തുന്ന വൈറ്റോമോ ഗുഹകൾ രാജ്യത്തെ ഏറ്റവും മികച്ച ഗ്ലോ വേം അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന സ്ഥലങ്ങളിൽ ഒന്നാണ്. നക്ഷത്രനിബിഡമായ ആകാശം പോലെ നിങ്ങൾക്കു മുകളിലെ ഗുഹാ മേൽക്കൂരയിൽ പ്രകാശം പരത്തുന്ന ആയിരക്കണക്കിനു ചെറുജീവികളുടെ മാന്ത്രികത ഭൂമിക്കടിയിലൂടെ ബോട്ട് സവാരി നടത്തി അനുഭവിച്ചറിയാം. ഗുഹകൾക്കുള്ളിലേയ്ക്ക് കയറിയാൽ നമ്മൾ മറ്റേതോ ഒരു ലോകത്ത് എത്തിയതുപോലെയാണ് തോന്നുക.
∙ഡാർക്ക് ഹെഡ്ജ്സ്, അയർലൻഡ്
ഗെയിം ഓഫ് ത്രോൺസ് എന്ന വിശ്വവിഖ്യാത വെബ് സീരിസ് കാണാത്തവർ കുറവായിരിക്കും. അതിൽ ഒരു നിഗൂഡമായ വഴിത്താര കാണിക്കുന്നുണ്ട്. ഇരുവശങ്ങളിലുമുള്ള മരങ്ങൾ കൈകോർത്തു പിടിച്ച് ഒരു നിഴലായി വഴിയിലുടനീളം വളർന്നു നിൽക്കുന്ന കാഴ്ച. അനിമേറ്റഡ് ക്രിയേഷൻ ആയിരിക്കുമെന്നു കരുതിയവർക്കൊക്കെ തെറ്റി, അത് അയർലൻഡിലുള്ള ഒരു യഥാർഥ സ്ഥലമാണ്. നോർത്തേൺ അയർലണ്ടിൽ ഏറ്റവും കൂടുതൽ ഫോട്ടോ എടുത്ത സ്ഥലമാണ് ബ്രെഗാഗ് റോഡ്. നിങ്ങൾ ഈ റോഡിനെക്കുറിച്ച് കേട്ടിട്ടുണ്ടാകില്ല, പക്ഷേ അതിന്റെ ഇരുണ്ട വേലികളുടെ ഫോട്ടോ എന്തായാലും കണ്ടിട്ടുണ്ടാകും. 90 ബീച്ച് മരങ്ങൾ ഈ റോഡിന് മുകളിൽ ശാഖകൾ വളച്ചൊടിച്ചതുപോലെ ഒരു മേലാപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. ഈ ഡാർക്ക് ഹെഡ്‌ജുകൾ ശരിക്കും അതിമനോഹരമാണ്. പക്ഷേ തിരക്കേറിയൊരു വിനോദസഞ്ചാര കേന്ദ്രമായതിനാൽ ഇത് അപ്രത്യക്ഷമാകുന്നതിന് മുൻപ് പോയി കാണുന്നതാകും നല്ലത്.