ഷെങ്കൻ വീസയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപ് ഈ രാജ്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം
Mail This Article
അത്രയേറെ ബുദ്ധിമുട്ടും കഠിനപ്രയത്നവും ആവശ്യമുള്ള ജോലികളാണ് പൊതുവേ ഹെർകൂലിയൻ ടാസ്ക് എന്നറിയപ്പെടാറുള്ളത്. അത്തരത്തിലൊരു ഹെർകൂലിയൻ ടാസ്ക് ആണ് ഷെങ്കൻ വീസ നേടുക എന്നുള്ളത്. കാരണം, അത്രയേറെ നീണ്ട നടപടിക്രമങ്ങളാണ് ഷെങ്കൻ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ആവശ്യമായി വരുന്നത്. ഷെങ്കൻ മേഖലയിലെ ഏകദേശം 29 രാജ്യങ്ങളിലേക്കാണ് ഈ വീസ പ്രവേശനം നൽകുന്നത്. അതുപോലെ തന്നെ ഈ വീസ നേടിയെടുക്കുക എന്നുള്ളത് അതിലും വലിയ ഒരു അഗ്നിപരീക്ഷ തന്നെയാണ്.
ഷെങ്കൻ മേഖലയിലെ 29 രാജ്യങ്ങളിൽ ചില രാജ്യങ്ങളിൽ നിരാകരണ നിരക്ക് (Rejection Rate) കുറച്ച് അധികമാണ്. അതുകൊണ്ടു തന്നെ ഷെങ്കൻ വീസയ്ക്ക് അപേക്ഷിക്കുന്നതിനു മുൻപ് ഇക്കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. ഏറ്റവും ഉയർന്ന ഷെങ്കൻ വീസ നിരാകരണ നിരക്കുള്ള രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
∙ ഫ്രാൻസ്
ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഫ്രാൻസ്. പാരിസും പാരിസിലെ ഈഫൽ ടവറും യാത്രാപ്രേമികൾ ഒരിക്കലെങ്കിലും കാണണമെന്ന് കൊതിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഓരോ വർഷവും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഫ്രാൻസിലേക്ക് എത്തുന്നത്. ലഭ്യമായ റിപ്പോർട്ടുകൾ അനുസരിച്ച് 2023 ൽ ഫ്രഞ്ച് അധികൃതർ 436,893 വീസ അപേക്ഷകളാണ് തള്ളിക്കളഞ്ഞത്. അതായത്, 16.6% ആണ് നിരാകരണ നിരക്ക്. ഇതിൽ നിന്ന് തന്നെ ഒരുകാര്യം വ്യക്തമാണ്. വർഷം തോറും ഏറ്റവും കൂടുതൽ ഷെങ്കൻ വീസ അപേക്ഷകൾ കൈകാര്യം ചെയ്യുന്നത് ഫ്രാൻസ് ആണ്. ഇതു തന്നെയാണ് അപേക്ഷകളുടെ എണ്ണം നിരസിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നത്.
∙ സ്പെയിൻ
നിരാകരണ നിരക്കിൽ രണ്ടാം സ്ഥാനത്താണ് സ്പെയിൻ. 2023 ൽ 251,000 വീസ അപേക്ഷകളാണ് സ്പെയിൻ തള്ളിക്കളഞ്ഞത്. 15% ആണ് സ്പെയിനിന്റെ വീസ നിരാകരണ നിരക്ക്. ഇതിൽ നിന്നു തന്നെ എത്രയധികം അപേക്ഷകളാണ് എത്തിയിരിക്കുന്നത് എന്നു വ്യക്തം. നിരാശരായ വീസ അപേക്ഷകരുടെ എണ്ണം എത്ര അധികമാണെന്നും ഇത് വ്യക്തമാക്കുന്നു. സ്പെയിനിലേക്ക് ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ എല്ലാ രേഖകളും കൃത്യമാണെന്നും പേപ്പർ വർക്കുകൾ ശരിയാണെന്നും ഉറപ്പുവരുത്തി വീസ നിരാകരണം ഒഴിവാക്കുക.
∙ ജർമനി
പാശ്ചാത്യനാടുകളിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ജർമനി. സുസംഘടിതവും കാര്യക്ഷമവുമായ സംവിധാനങ്ങൾക്ക് പേര് കേട്ട രാജ്യം കൂടിയാണ് ഇത്. അതിനാൽ തന്നെ നമ്മുടെ പ്രവർത്തികളും മറ്റും സുഗമമായി പൂർത്തീകരിക്കാനും സാധിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും വീസ നിരാകരണത്തിന്റെ കാര്യത്തിലും ജർമനി മുൻപന്തിയിൽ തന്നെയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ശ്രദ്ധേയമായ വർധനവ് ആണ് വീസ നിരാകരണത്തിൽ ജർമനിയിൽ ഉണ്ടായിരിക്കുന്നത്. 2023ൽ 208,000 വീസ അപേക്ഷകളാണ് തള്ളിക്കളഞ്ഞത്. അതുകൊണ്ട് തന്നെ ജർമൻ ഷെങ്കൻ വീസയ്ക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ വളരെ സൂക്ഷ്മമമായും സമഗ്രമായും തയാറാക്കി വേണം ഡോക്യുമെന്റേഷൻ നൽകാൻ. കൂടാതെ, മറ്റ് ഷെങ്കൻ രാജ്യങ്ങളെ വച്ച് നോക്കുമ്പോൾ അപേക്ഷയുടെ കാര്യത്തിൽ ജർമനി കുറച്ചു കർശന ഉപാധികളാണ് മുന്നോട്ടു വയ്ക്കുന്നത്.
∙ ഇറ്റലി
വെനീസ്, റോം എന്നിങ്ങനെ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഇറ്റലിയിൽ ഉള്ളത്. എന്നിരുന്നാലും 2023 ൽ ഇറ്റലി നിരാകരിച്ചത് 133,000 ഷെങ്കൻ വീസ അപേക്ഷകളാണ്. ലോകത്തിലെ മറ്റൊരു രാജ്യത്തിനും അവകാശപ്പെടാവുന്നതിലധികം ചരിത്ര പൈതൃകവും പ്രകൃതിഭംഗിയും ഈ രാജ്യത്തിനുണ്ട്. അതുകൊണ്ടു തന്നെ ഇറ്റലിയിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ വീസ അപേക്ഷ സൂക്ഷ്മമായി തയാറാക്കേണ്ടത് പ്രധാനമാണ്.
∙ നെതർലൻഡ്സ്
വീസ അപേക്ഷകൾ നിരാകരിക്കുന്ന കാര്യത്തിൽ നെതർലൻഡ്സിലും വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. 2023 ൽ നെതർലൻഡ്സ് നിരവധി വീസ അപേക്ഷകളാണ് തള്ളിക്കളഞ്ഞത്. ഏകദേശം 114,000 വീസ അപേക്ഷകളാണ് കഴിഞ്ഞവർഷം നെതർലൻഡ്സ് തള്ളിക്കളഞ്ഞത്. 2022 നെ അപേക്ഷിച്ച് 61.9% വർധനവാണ് വീസ നിരസിക്കലിന്റെ കാര്യത്തിൽ നെതർലൻഡ്സിൽ ഉണ്ടായിട്ടുള്ളത്. അതുകൊണ്ടു തന്നെ നെതർലൻഡ്സിലേക്ക് ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നവർ വീസ അപേക്ഷ സമർപ്പിക്കുമ്പോൾ കൃത്യതയും സൂക്ഷ്മതയും പുലർത്തുകയും രേഖകൾ കൃത്യമായി നൽകുകയും ചെയ്യണം.