2025 ൽ കാണേണ്ടത് ഈ രാജ്യങ്ങൾ, പട്ടിക പുറത്തുവിട്ട് ലോൺലി പ്ലാനറ്റ്
Mail This Article
അടുത്ത വര്‍ഷം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്ലാന്‍ ചെയ്യുകയാണോ? എങ്കില്‍ 2025 ൽ പോകേണ്ട രാജ്യങ്ങളുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ് യാത്രാ വെബ്സൈറ്റായ ലോൺലി പ്ലാനറ്റ്. സമ്പന്നമായ സാംസ്‌കാരിക പൈതൃകമുള്ളതും പ്രകൃതി മനോഹാരിത തുളുമ്പുന്നതും രുചികരമായ പ്രാദേശികഭക്ഷണത്തിന് പേര് കേട്ടതുമെല്ലാമായ ഒട്ടേറെ രാജ്യങ്ങള്‍ ഈ കൂട്ടത്തിലുണ്ട്. അവ ഏതൊക്കെയാണെന്നു നോക്കാം.
1. കാമറൂൺ
"ആഫ്രിക്ക ഇൻ മിനിയേച്ചർ" എന്നറിയപ്പെടുന്ന കാമറൂൺ, സുന്ദരമായ ഭൂപ്രകൃതിക്കും വൈവിധ്യമാര്‍ന്ന സംസ്കാരത്തിനും വന്യജീവികള്‍ക്കുമെല്ലാം പേരുകേട്ടതാണ്. തെക്കൻ തീരത്തെ സമൃദ്ധമായ മഴക്കാടുകൾ മുതൽ വടക്ക് ഭാഗത്തെ വരണ്ട സവന്ന വരെ, ഈ മധ്യ ആഫ്രിക്കൻ രാജ്യം ഭൂഖണ്ഡത്തിൻ്റെ വൈവിധ്യമാർന്ന ആവാസവ്യവസ്ഥയുടെ ഒരു ചെറുപതിപ്പാണ്. സാഹസികർക്ക് പശ്ചിമാഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കാമറൂൺ പർവ്വതത്തിൽ ട്രെക്കിങ് നടത്താം, ക്രിബിയിലെ വിശാലമായ ബീച്ചുകളിലൂടെ നടക്കാം. അല്ലെങ്കിൽ ജൈവവൈവിധ്യം നിറഞ്ഞ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ ജാ ഫോനല്‍ റിസര്‍വിലെ മോഹിപ്പിക്കുന്ന മഴക്കാടുകള്‍ സന്ദര്‍ശിക്കാം. 250 ലധികം വംശീയ വിഭാഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണിവിടം.
2. ലിത്വാനിയ
തെക്കന്‍ ബാൾട്ടിക് സംസ്ഥാനമായ ലിത്വാനിയ, യൂറോപ്പിലെ മറഞ്ഞിരിക്കുന്ന രത്നങ്ങളില്‍ ഒന്നാണ്. യൂറോപ്പിലെ ഏറ്റവും വലിയ പഴയ പട്ടണങ്ങളിലൊന്നായ ഇതിന്‍റെ തലസ്ഥാനനഗരം വിൽനിയസ്, യുനെസ്കോയുടെ ലോക പൈതൃക സൈറ്റാണ്. കോബ്ലെസ്റ്റോൺ തെരുവുകളും ഗോതിക് വാസ്തുവിദ്യയും ആകർഷകമായ കഫേകളും ഇവിടെ സഞ്ചാരികളെ വരവേല്‍ക്കുന്നു. സഹിഷ്ണുതയുടെയും വിശ്വാസത്തിന്റെയും പ്രതീകമായ ഹിൽ ഓഫ് ക്രോസസ് തീർഥാടന കേന്ദ്രമാണ് ഇവിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്ന ഒരു സ്ഥലം. ഹൈക്കിങ്, പക്ഷി നിരീക്ഷണം, കയാക്കിങ് തുടങ്ങിയ ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഒട്ടേറെ തടാകങ്ങളും വനങ്ങളും ദേശീയപാര്‍ക്കുകളും ഇവിടെയുണ്ട്.
3. ഫിജി
പസഫിക് സമുദ്രത്തിന്‍റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫിജി ദ്വീപസമൂഹം, മനോഹരമായ പർവ്വതങ്ങൾ, ബീച്ചുകൾ, പാറകൾ, തടാകങ്ങൾ എന്നിവയ്ക്കു ലോകമെമ്പാടും പ്രശസ്തമാണ്. ഫിജിയിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യൻ പൗരന്മാർ മുൻകൂട്ടി വീസക്ക് അപേക്ഷിക്കേണ്ടതില്ല എന്നൊരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യക്കാർക്ക് നാല് മാസത്തെ സാധുതയുള്ള ടൂറിസ്റ്റ് വീസ ഓൺ അറൈവൽ ലഭിക്കും.
4. ലാവോസ്
എഴുപതു ശതമാനത്തോളം കാടു പിടിച്ചു കിടക്കുന്ന രാജ്യമാണ് ലാവോസ്. കുറഞ്ഞ ചെലവില്‍ ട്രെക്കിങ്, കയാക്കിങ്, സിപ് ലൈനിങ്, ഹോട്ട് എയര്‍ ബലൂണിങ് മുതലായ സാഹസിക വിനോദങ്ങളാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. സഞ്ചാരികൾക്കു മെകോങ് നദിയിലൂടെയുള്ള ബോട്ട് സവാരികൾ ആസ്വദിക്കാനും പ്രാദേശിക ഉത്സവങ്ങളിലൂടെയും പാചകരീതിയിലൂടെയും ലാവോ സംസ്കാരത്തിൻ്റെ സമ്പന്നമായ പാരമ്പര്യങ്ങൾ അനുഭവിച്ചറിയാനുമുള്ള അവസരമുണ്ട്.
5. കസാക്കിസ്ഥാൻ
ലോകത്തിലെ ഏറ്റവും വലിയ കരഭാഗങ്ങളുള്ള രാജ്യമായ കസാക്കിസ്ഥാൻ, സാഹസികരായ ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. സന്ദർശകർക്ക് ഷിംബുലാക്കിൽ സ്കീയിങ് നടത്താം, കോക്-ടോബ് ഹില്ലിൽ നിന്നുള്ള വിശാലമായ കാഴ്ചകൾ ആസ്വദിക്കാം. തലസ്ഥാനമായ അസ്താനയും ബോറോവോ നാഷണൽ പാർക്കും ചാരിൻ കാന്യണുമെല്ലാം ആകാശക്കാഴ്ചകള്‍ കാണാന്‍ അവസരമൊരുക്കുന്ന ബൈക്കോനൂർ കോസ്‌മോഡ്രോമും ഇവിടുത്തെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണങ്ങളാണ്.
6. പരാഗ്വേ
തെക്കേ അമേരിക്കയിലെ കരകളാൽ ചുറ്റപ്പെട്ട രാജ്യമാണ് പരാഗ്വേ. കൊളോണിയൽ വാസ്തുവിദ്യയ്ക്കും സജീവമായ വിപണി സംസ്കാരത്തിനും ഊഷ്മളമായ ആതിഥ്യമര്യാദയ്ക്കും പേരുകേട്ട അസുൻസിയോൺ ആണ് ഇതിന്‍റെ തലസ്ഥാനം. പരാന നദിയുടെ തീരത്ത് മനോഹരമായ ബീച്ചുകളുള്ള എൻകാർനേഷ്യൻ പട്ടണത്തില്‍ തെക്കേ അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ കാർണിവൽ ആഘോഷം അരങ്ങേറുന്നു.
7. ട്രിനിഡാഡ് ആൻഡ് ടൊബാഗോ
തെക്കൻ കരീബിയനിലെ മനോഹരമായ ഇരട്ടദ്വീപ് രാഷ്ട്രമാണ് ട്രിനിഡാഡ് ആൻഡ് ടൊബാഗോ. ഇതിന്‍റെ തലസ്ഥാനമായ പോർട്ട് ഓഫ് സ്പെയിനില്‍ എല്ലാ ഫെബ്രുവരിയിലും ലോകപ്രശസ്തമായ കാർണിവൽ നടക്കുന്നു. പിജിയൺ പോയിൻ്റ് ഉൾപ്പെടെയുള്ള അതിമനോഹരമായ ബീച്ചുകളും പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ഏറ്റവും പഴയ സംരക്ഷിത മഴക്കാടായ ടൊബാഗോ മെയിൻ റിഡ്ജ് ഫോറസ്റ്റ് റിസർവ് പോലുള്ള സമൃദ്ധമായ മഴക്കാടുകളും പവിഴപ്പുറ്റുകൾ നിറഞ്ഞ ബക്കൂ റീഫുമെല്ലാം ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
8. വാനുവാട്ടു
ദക്ഷിണ പസഫിക്കിലെ ദ്വീപസമൂഹമായ വാനുവാട്ടു, അതിമനോഹരമായ ബീച്ചുകളും സജീവമായ അഗ്നിപർവ്വതങ്ങളും സമ്പന്നമായ മെലനേഷ്യൻ സംസ്കാരവും കൊണ്ട് അനുഗ്രഹീതമായ നാടാണ്. ലോകത്തില്‍ ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സജീവ അഗ്നിപർവ്വതങ്ങളിലൊന്നായ ടന്ന ദ്വീപിലെ യാസുർ പർവതം ഒട്ടേറെ സാഹസിക സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
9. സ്ലൊവാക്യ
മധ്യകാല കോട്ടകളും മനോഹരമായ പർവതങ്ങളും തിരക്കേറിയ നഗരങ്ങളും നിറഞ്ഞ, മധ്യ യൂറോപ്യന്‍ രാജ്യമായ സ്ലൊവാക്യ, സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ്. ഇതിന്‍റെ തലസ്ഥാനമായ ബ്രാറ്റിസ്ലാവ, ഡാന്യൂബ് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ കോട്ട സമുച്ചയങ്ങളിലൊന്നും യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളിലൊന്നുമായ ഒറവ കാസിൽ, ഗ്രാൻഡ് സ്പിഷ് കാസിൽ എന്നിവയുൾപ്പെടെ 100-ലധികം കോട്ടകൾ സ്ലൊവാക്യയിൽ ഉണ്ട്. സാഹസിക സഞ്ചാരികള്‍ക്കിടയില്‍ വളരെ ജനപ്രിയമായ ഒരു പര്‍വ്വതനിരയാണ് ഹൈ ടട്രാസ്, ഇവിടെ ഹൈക്കിംഗ്, സ്കീയിംഗ് തുടങ്ങിയ ഒട്ടേറെ സാഹസിക പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നു.
10. അർമേനിയ
വിസ്തൃതിയുടെ ഭൂരിഭാഗവും പര്‍വ്വതപ്രദേശങ്ങളും വനങ്ങളും നദികളും നിറഞ്ഞ അർമേനിയ കാഴ്ചയ്ക്ക് വളരെ മനോഹരമാണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഒട്ടേറെ ക്രിസ്ത്യന്‍ പള്ളികളും ആശ്രമങ്ങളും ഇവിടെയുണ്ട്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തടാകങ്ങളിലൊന്നായ സെവൻ തടാകവും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മുന്തിരിത്തോട്ടങ്ങൾ നിറഞ്ഞ താഴ്‌വരകളും പുരാതന കെട്ടിടങ്ങളുമെല്ലാം കാണേണ്ട കാഴ്ചകളാണ്. മേയ് മുതൽ ഒക്ടോബർ വരെയാണ് അര്‍മേനിയ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.