ADVERTISEMENT

'വെൻ ഐ വാസ് ഇൻ സ്കോട് ലൻഡ്, വൺഡേ എ വെന്റ് പാട്ന' - എന്ന് യാത്രാക്കഥകൾ വാ തോരാതെ വിളമ്പുന്ന ഏതെങ്കിലും ഒരു ബഡ്ഡി പറഞ്ഞാൽ തള്ളാണെന്ന് പറയരുത്. അരുത് അബു, അവനെ സംശയത്തോടെ നോക്കരുത്. നമ്മുടെ ഇന്ത്യയിൽ മാത്രമല്ലെന്നേ, അങ്ങ് സ്കോട്​ലൻഡിലും ഒരു പാട്നയുണ്ട്. മൂക്കത്ത് വിരൽ വയ്ക്കാൻ വരട്ടെ, പാട്ന മാത്രമല്ല നമ്മുടെ കൊച്ചിയും ഡൽഹിയും വരെ വിദേശരാജ്യങ്ങളിലുണ്ട്. കേട്ടപ്പോൾ തന്നെ ഒരു രസം തോന്നിയല്ലേ, എന്നാൽ ചില സ്ഥലപ്പേര് കൗതുകങ്ങളെക്കുറിച്ച് അറിയാം.

വിദേശരാജ്യങ്ങളിലേക്ക് യാത്ര പോകുമ്പോൾ നമ്മുടെ നാട്ടിലെ സ്ഥലപ്പേരുകൾ അവിടെ കണ്ടാൽ ഒരിക്കലും അന്തം വിടരുത്. കാരണം, ഒരേ പേരിൽ വിവിധ രാജ്യങ്ങളിൽ സ്ഥലങ്ങളുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്.

Landscape of Kochi City in Twilight Time. Image Credit : tsuchi/shutterstock
ജപ്പാനിലെ കൊച്ചി. Landscape of Kochi City in Twilight Time. Image Credit : tsuchi/shutterstock

∙ കൊച്ചിയുടെ ഇരട്ട അങ്ങ് ജപ്പാനിൽ!

അറബിക്കടലിന്റെ റാണി എന്നാണ് നമ്മുടെ കൊച്ചി അറിയപ്പെടുന്നത്. കേരളത്തിലെ കൊച്ചിയുടേതിന് ഒരുപാട് സമാനതകളുണ്ട് ജപ്പാനിലെ കൊച്ചിക്ക്. രാജ്യത്തെ തന്നെ പ്രധാന തുറമുഖ നഗരങ്ങളിലൊന്നാണ് കൊച്ചി. ഒരു കാലത്ത് ഇന്ത്യൻ സുഗന്ധ വ്യഞ്ജന വ്യാപാരകേന്ദ്രം ആയിരുന്നു കൊച്ചി. അറബിക്കടലിന് തീരത്തായതിനാൽ തന്നെ നിരവധി വ്യാപാരികളാണ് ഇവിടേക്ക് പല രാജ്യങ്ങളിൽ നിന്നായി കടൽ കടന്നെത്തിയത്.

ജപ്പാനിലെ കൊച്ചിയും കടൽത്തീരത്ത് തന്നെയാണ്. പസിഫിക് സമുദ്രത്തോട് ചേർന്നാണ് ജപ്പാനിലെ കൊച്ചി. കേരളത്തിലെ കൊച്ചി പോലെ തന്നെ ജപ്പാനിലെ കൊച്ചിയും ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. സീഫുഡിനും ഈ നഗരം പ്രസിദ്ധമാണ്. ഷിമാന്റോ നദിയിലെ ശുദ്ധമായ വെള്ളവും ഇടതൂർന്ന വനത്താൽ സമൃദ്ധമായ മലനിരകളും കൊച്ചിയെ വ്യത്യസ്തമാക്കുന്നു.

പട്ന – റാഞ്ചി വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പട്ന ജംക്‌ഷനിൽ. (Photo: Twitter, @JharkhandIndex)
പട്ന – റാഞ്ചി വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പട്ന ജംക്‌ഷനിൽ. (Photo: Twitter, @JharkhandIndex)

∙ ബിഹാറിലും സ്കോട് ലൻഡിലുമുള്ള പാട്ന...

ഉള്ള കാര്യം പറഞ്ഞാൽ ബിഹാറിലെ പാട്നയാണ് സ്കോട്​ലൻഡിലെ പാട്നയേക്കാൾ പഴക്കമേറിയത്. ബിഹാറിലെ നഗരത്തിന് പാട്ന എന്ന് പേര് നൽകിയതിനു ശേഷമാണ് സ്കോട്​ ലൻഡിലെ ഒരു പാട്ന പിറന്നത്. അതിന് ചരിത്രപരമായ ചില കാരണങ്ങളുമുണ്ട്. വില്യം ഫുള്ളാർട്ടൺ എന്ന വ്യക്തിയാണ് ഈ സ്കോട്ടിഷ് ടൗൺ സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ അച്ഛൻ ദീർഘകാലം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ മനസ്സിലായി കാണുമല്ലോ സ്കോട്​ലൻഡിലേക്കു പാട്ന എന്ന പേര് എങ്ങനെയാണ് എത്തിയതെന്ന്.

Image Credit : PradeepGaurs/ shutterstock
Image Credit : PradeepGaurs/ shutterstock

∙ ഇന്ത്യയിൽ മാത്രമല്ല, അങ്ങ് യുഎസിലുമുണ്ട് ഡൽഹി...

പേടിക്കേണ്ട, നമ്മൾ യുഎസിന്റെ ഡൽഹിയുടെ പേര് എടുത്തതല്ല. നമ്മുടെ ഡൽഹിക്ക് ശേഷം പിറന്നതാണ് യുഎസിലെ ന്യൂയോർക്കിലുള്ള ഈ ഡൽഹി. ന്യൂയോർക്കിലെ ഡെലവെയർ കൗണ്ടിയിലാണ് ഈ ഡൽഹി. സ്ഥാപകനായ എബെനേസർ ഫൂട്ടെയുടെ ബഹുമാനാർഥമാണ് ഈ പേര് നൽകിയിരിക്കുന്നത്. ഡെലവെയർ നദിയിൽ ഉയർന്നത് എന്ന അർഥത്തിലും ഡൽഹി എന്ന പേര് ഉപയോഗിക്കുന്നു.

ഹൈദരാബാദ്

∙ പാക്കിസ്ഥാനിലുണ്ട് ഒരു ഹൈദരാബാദ്...

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് അവിടുത്തെ ഹൈദരാബാദ് സ്ഥിതി ചെയ്യുന്നത്. പാക്കിസ്ഥാനിലെ തന്നെ ഏറ്റവും വലിയ നഗരങ്ങളിൽ ഏഴാം സ്ഥാനത്താണ് ഹൈദരാബാദ്. കൽഹോര സാമ്രാജ്യത്തിലെ മിയാൻ ഗുലാം ഷാ കൽഹോരോ ആണ് ഈ നഗരത്തിന്റെ സ്ഥാപകൻ.

ഈസ്റ്റേൺ‌ ഫ്രീവേ. (ഫയൽച്ചിത്രം)
ഈസ്റ്റേൺ‌ ഫ്രീവേ. (ഫയൽച്ചിത്രം)

∙ താനെ മഹാരാഷ്ട്രയിലും ഓസ്ട്രേലിയയിലും

മഹാരാഷ്ട്രയിൽ മാത്രമല്ല, അങ്ങ് ഓസ്ട്രേലിയയിലുമുണ്ട് ഒരു താനെ. ഓസ്ട്രേലിയയിലെ ക്യൂൻസ് ലാൻഡിൽ ആണ് ഈ താനെ. പേരുകേട്ട കന്നുകാലി കർഷകനായ ജോൺ താനെയുടെ പേരിൽ നിന്നാണ് ഈ നഗരത്തിന് താനെ എന്ന പേര് ലഭിച്ചത്. ഇതേ പേരിൽ ഇവിടെ ഒരു റെയിൽവേ സ്റ്റേഷനുമുണ്ട്. മനോഹരമായ ബീച്ച് കാഴ്ചകൾക്കു പേരു കേട്ടതാണ് ഇന്ത്യയിലെ താനെ.

English Summary:

Discover the fascinating stories behind places around the world that share names with iconic Indian cities. From Kochi in Japan to Patna in Scotland, explore these surprising geographical twins!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com