ADVERTISEMENT

മഴയിൽ കുത്തിയൊലിച്ചും വേനലിൽ നേർത്തും പതഞ്ഞു താഴേക്ക് പതിക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു സൗന്ദര്യമധികമാണ്. എങ്ങോട്ടാണ് യാത്രയെന്ന് ഏതൊരാളും ചിന്തിച്ചു തുടങ്ങുന്നിടത്തു ആദ്യസ്ഥാനത്തെത്തുക ഈ മനോഹരമായ ജലപാതമായിരിക്കും. എത്ര തവണ കണ്ടാലും മതിവരാതെ ആ കാഴ്ച  കണ്ണും മനസ്സും തുറന്നു ആസ്വദിക്കുകയാണ് മലയാളത്തിന്റെ സ്വന്തം അപർണ ദാസ്. അതിരപ്പിള്ളിയുടെ മനോഹാരിത മുഴുവൻ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. പല ഭാഷകളിലെ സിനിമകളിലും ചിത്രീകരിക്കപ്പെട്ടിട്ടുള്ള ഈ വെള്ളച്ചാട്ടത്തിനു മഴക്കാലത്ത് രൗദ്ര ഭാവമാണ്. അന്നേരത്തെ ഈ ജലപാതത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ സന്ദർശകരുടെ തിരക്കുമായിരിക്കും.

Image Credit: aparna.das1/instagram
Image Credit: aparna.das1/instagram

കേരളത്തിന്റെ നയാഗ്ര എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത എത്ര വർണിച്ചാലാണ് മതിവരുക? 80 അടിയിലധികം ഉയരമുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടം കേരളത്തിലെ ഏറ്റവും ഉയരം കൂടിയതാണ്. പശ്ചിമഘട്ട മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന ചാലക്കുടി പുഴയിലാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി പഞ്ചായത്തിലാണ് ഈ വെള്ളച്ചാട്ടം. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള നിരവധി സഞ്ചാരികളാണ് ഓരോ വർഷവും ഇവിടേക്ക് എത്തുന്നത്. ഷോളയാർ വനമേഖലയുടെ പ്രവേശനകവാടത്തിലിറങ്ങിയാൽ ഈ വെള്ളച്ചാട്ടം ആസ്വദിക്കാവുന്നതാണ്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെ വാഴച്ചാൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നു. ഇവിടെ അടുത്ത് തന്നെയാണ് ചാർപ്പ വെള്ളച്ചാട്ടവും. ഒറ്റയാത്രയിൽ മൂന്നു മനോഹര കാഴ്ചകൾ ആസ്വദിക്കാമെന്നതാണ് അതിരപ്പിള്ളിയെ സഞ്ചാരികളുടെ ഇഷ്ടയിടമാക്കുന്നത്. 

കാലവർഷം കനക്കുമ്പോഴാണ് അതിരപ്പിള്ളിക്ക് സൗന്ദര്യമേറുക. ആർത്തലച്ചു വരുന്ന വെള്ളച്ചാട്ടവും പച്ചപ്പിന്റെ ഭംഗി നുകര്‍ന്നു കൊണ്ടുള്ള യാത്രയും ഏതൊരു സഞ്ചാരിയുടെയും മനസ്സു നിറയ്ക്കും. നിറഞ്ഞു കവിഞ്ഞ ചാലക്കുടിപ്പുഴ രൗദ്രഭാവത്തിൽ കരിമ്പാറകൂട്ടങ്ങളെ തഴുകി താഴേക്കു പതിക്കുമ്പോൾ വെള്ളച്ചാട്ടത്തിനു പൂർണ സൗന്ദര്യം കൈവരും. 

ഹുങ്കാരത്തിൽ കുത്തിയൊലിച്ചിറങ്ങുന്ന വെള്ളച്ചാട്ടത്തിന്റെ അഴക് മിക്ക കാഴ്ചക്കാരും ദൂരെ നിന്നു ആസ്വദിക്കുകയാണ് പതിവ്. നുരഞ്ഞു പതഞ്ഞു പാഞ്ഞൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ഹൃദയം തൊട്ടറിയണമെങ്കിൽ പതനസ്ഥാനത്തേക്കു പോകണം. പച്ചപ്പണിഞ്ഞ കാട്ടുവഴിയിലൂടെ നടന്ന് താഴെയെത്തുമ്പോൾ ആർത്തലച്ചെത്തുന്ന വെള്ളച്ചാട്ടത്തിന്റെ രൗദ്രഭാവം അടുത്തറിയാം.

അതിരപ്പിള്ളിയിൽ നിന്നും അഞ്ചു കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ വാഴച്ചാൽ വെള്ളച്ചാട്ടത്തിലെത്താം. ഇവിടുത്തെ പാസുണ്ടെങ്കിൽ അതിരപ്പിള്ളിയിലേക്കും പ്രവേശിക്കാവുന്നതാണ്. വെള്ളച്ചാട്ടത്തിനു ചുറ്റിലുമുള്ള നിബിഢവനത്തിന്റെ കാഴ്ച ആരെയും ആകർഷിക്കും. ചാലക്കുടി പുഴയുടെ ഭാഗം തന്നെയാണ് വാഴച്ചാൽ വെള്ളച്ചാട്ടവും. നേർത്ത തണുപ്പും കരിമ്പാറക്കൂട്ടങ്ങളും ഹൃദയം കവരുന്ന ഭൂപ്രകൃതിയും സന്ദർശകർക്ക് മനോഹരമായ അനുഭവമൊരുക്കും. ഷോളയാർ വനങ്ങളുടെ ഭാഗമാണ് ഈ വെള്ളച്ചാട്ടവും.

അതിരപ്പിള്ളിക്കും വാഴച്ചാലിനുമിടയിൽ ചാലക്കുടി പുഴയുടെ ഒരു പോഷക നദിയിലാണ് ചാർപ്പ വെള്ളച്ചാട്ടം. കടുത്ത വേനലിൽ ചിലപ്പോഴൊക്കെ പൂർണമായും വറ്റിപോകാറുണ്ടെങ്കിലും മഴക്കാലത്ത് ഈ വെള്ളച്ചാട്ടം കാണാനും അതിമനോഹരമാണ്. ചാലക്കുടി-വാൽപ്പാറ പാതയ്ക്ക് അരികിലായാണ് ചാർപ്പ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. റോഡിൽ നിന്നാലും ഈ ജലപാതം കാണുവാൻ കഴിയും. ഇതിനു മുന്നിലായി ഒരു പാലവും സ്ഥിതി ചെയ്യുന്നുണ്ട്. 

English Summary:

Explore the breathtaking beauty of Athirappilly waterfalls, Kerala's highest waterfall. Discover nearby gems like Vazhachal & Charpa falls, and get inspired by actress Aparna Das's recent visit.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com