അടുത്ത തവണ ഗോവയില്‍ പോകുമ്പോള്‍ ഒരു വിസ്കി ടൂര്‍ ആയാലോ?
Mail This Article
വൈന്‍ ടൂറുകള്‍ക്ക് പ്രസിദ്ധമായ ഒട്ടേറെ സ്ഥലങ്ങളുണ്ട് നമ്മുടെ നാട്ടില്‍. മഹാരാഷ്ട്രയിലെ സുലയും നാസിക്കും ബെംഗളൂരും ഹൈദരാബാദുമെല്ലാം വൈന്‍ ടൂര്‍ പ്രേമികളുടെ പ്രിയപ്പെട്ട ഇടങ്ങളാണ്. എന്നാല്‍ വിസ്കി ടൂറിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതും ബീച്ച് പ്രേമികളുടെ പറുദീസയായ ഗോവയില്‍? സൗത്ത് ഗോവയിലെ കൊച്ചുഗ്രാമമായ കുങ്കോലിമിലാണ് ഈ അനുഭവം ഒരുക്കുന്ന ജോൺ ഡിസ്റ്റിലറീസ് അഥവാ പോൾ ജോൺ വിസിറ്റർ സെന്റർ ഉള്ളത്. പ്രീമിയം ഇന്ത്യൻ മാൾട്ട് വിസ്‌കി രുചിച്ച്, ഗോവയുടെ ശാന്തമായ ബീച്ചരികില്‍ സായാഹ്നം ചെലവഴിക്കാം. വെറുമൊരു ഡിസ്റ്റിലറി മാത്രമല്ല, പാരമ്പര്യത്തിന്റെയും പുതുമയുടെയും ആഘോഷമാണ് ഇവിടെയെങ്ങും കാണാനാവുക.
വിസ്കി നിർമാണത്തിന്റെ സങ്കീർണ്ണമായ കലയെക്കുറിച്ചുള്ള ഉൾക്കാഴ്ചയാണ് ഇവിടെ സന്ദര്‍ശകര്‍ക്ക് ലഭിക്കുന്ന അതുല്യമായ അനുഭവങ്ങളില്‍ ഒന്ന്. ഏറ്റവും മികച്ച ചേരുവകൾ തിരഞ്ഞെടുക്കുന്നത് മുതൽ ഉൽപ്പാദനത്തിന്റെ അവസാന ഘട്ടങ്ങൾ വരെ വിസ്കി നിർമാണ പ്രക്രിയയെക്കുറിച്ച് സമഗ്രമായ ധാരണ നൽകുന്നതിന് ചിന്താപൂർവ്വം രൂപകൽപന ചെയ്തതാണ് ഈയിടം. ഗൈഡഡ് ടൂറുകൾ ഉൽപ്പാദനത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ അതിഥികളെ കൊണ്ടുപോകുന്നു. മികച്ച സിംഗിൾ മാൾട്ട് വിസ്കി നിര്‍മിക്കാനായി ഉപയോഗിക്കുന്ന, തദ്ദേശീയമായി ഉല്‍പ്പാദിപ്പിച്ച ബാർലിയും പശ്ചിമഘട്ടത്തിൽ നിന്ന് ഉദ്ഭവിക്കുന്ന ശുദ്ധജലവും ഉൾപ്പെടെയുള്ള ചേരുവകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന വിശദമായ പ്രദർശനങ്ങളുമുണ്ട്.
പോൾ ജോൺ വിസിറ്റർ സെന്റർ വർഷം മുഴുവനും സന്ദർശകരെ സ്വാഗതം ചെയ്യുന്നു. പതിനെട്ടു വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇവിടം സന്ദര്‍ശിക്കാം. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ടൂറില്‍ പരമാവധി 25 പേര്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്കും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും കുടുംബങ്ങൾക്കും കൂട്ടുകാരുടെ സംഘങ്ങള്‍ക്കുമെല്ലാം പങ്കെടുക്കാം. വിസ്കി നിർമാണത്തിന്റെ കൗതുകകരമായ ലോകത്തിലേക്ക് ആഴ്ന്നിറങ്ങാൻ ആഗ്രഹിക്കുന്ന ആര്‍ക്കും അനുയോജ്യമായ ഒരു സ്ഥലമാണിത്.
വിസിറ്റർ സെന്ററിലേക്കു കടക്കുമ്പോള്‍ത്തന്നെ പരമ്പരാഗത ഗോവൻ വാസ്തുവിദ്യയുടെയും ആധുനികതയുടെയും സൗന്ദര്യാത്മകമായ സമ്മിശ്രണം അതിഥികളെ സ്വാഗതം ചെയ്യുന്നു. മുന്‍വശത്തെ ചിത്രങ്ങള്‍ പ്രശസ്ത കാർട്ടൂണിസ്റ്റും ചിത്രകാരനുമായിരുന്ന മരിയോ മിറാൻഡയുടേതാണ്. ഗോവന്‍ വീടുകളില്‍ പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന ഫര്‍ണിച്ചറുകള്‍ കാലപ്പഴക്കം തോന്നാത്ത രീതിയില്‍ മനോഹരമായി ക്രമീകരിച്ചിരിക്കുന്നു.
ഡിസ്റ്റിലറിക്കുള്ളില്‍ ഭീമന്‍ ചെമ്പ്പാത്രങ്ങളും ഉപകരണങ്ങളും കാണാം. വെയര്‍ഹൗസിനുള്ളിലാകട്ടെ, കാലങ്ങളായി വിസ്കി സംഭരിച്ചു വയ്ക്കുന്ന നാലായിരത്തിലധികം ഓക്ക് ബാരലുകള്‍ സൂക്ഷിച്ചു വച്ചിരിക്കുന്നു.
ഇരുനൂറിലധികം രാജ്യാന്തരദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പെടെ, ഒട്ടേറെ അംഗീകാരങ്ങള്‍ പോൾ ജോൺ വിസ്‌കിയെ തേടിയെത്തിയത് എന്തുകൊണ്ടാണെന്ന് ഇവിടെ നിന്നുള്ള വിസ്കി രുചിക്കുമ്പോള്‍ മനസ്സിലാകും. 1000 രൂപയ്ക്ക് ബ്രില്ല്യൻസ്, എഡിറ്റഡ്, ബോൾഡ്, പീറ്റഡ്, സെലക്ട് കാസ്‌ക്‌സ് ക്ലാസിക് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന അഞ്ചു രുചികള്‍ പരീക്ഷിക്കാം. 650 രൂപയ്‌ക്ക് മൂന്നിനം വിസ്കികളും 350 രൂപയ്ക്ക് ഒരു ഇനം വിസ്കിയും രുചിക്കാം.
തിങ്കൾ മുതല്‍ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 11 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയിലാണ് ഇവിടം തുറന്നിരിക്കുന്നത്. ഗോവയിലെ പ്രധാന നഗരങ്ങളിൽ നിന്നും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നുമെല്ലാം ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും.
പോള്‍ ജോണ്‍ വിസ്കിയെക്കുറിച്ച്
കേരളത്തിൽ വേരുകളുള്ള മുൻ കർണാടക മന്ത്രി ടി.ജോണിന്‍റെ മകനായ പോൾ പി. ജോൺ ആണ് ജോൺ ഡിസ്റ്റിലറീസ് സ്ഥാപിച്ചത്. 2012 ല്‍ ഇംഗ്ലണ്ടിലെ ലണ്ടനിൽ ബ്രാൻഡ് ആരംഭിച്ചു. 8 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമായി 12 നിർമാണ യൂണിറ്റുകളുടെ ശൃംഖല ജോൺ ഡിസ്റ്റിലറീസിനുണ്ട്. കൂടാതെ, മഹാരാഷ്ട്രയിൽ ഒരു വൈനറിയും ഉണ്ട്.
കമ്പനിയുടെ സിംഗിൾ മാൾട്ട് ഡിസ്റ്റിലറി സ്ഥിതി ചെയ്യുന്നത് ഗോവയിലാണ്. 6,000 ലീറ്റർ പ്രതിദിന ഉൽപാദന ശേഷിയുള്ള ഈ ഡിസ്റ്റിലറിയിലാണ് ഇന്ത്യയില്‍ ആദ്യമായി വിസ്കി ടൂറുകള്‍ ആരംഭിച്ചത്.
നിർവാണ, ബ്രില്യൻസ്, പിഎക്സ് സെലക്ട് കാസ്ക്, ബോൾഡ് തുടങ്ങിയ പോള്‍ ജോണ്‍ സിംഗിൾ മാൾട്ടുകൾ ഇപ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്സ്, യുകെ, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, യു.എ.ഇ തുടങ്ങിയ പ്രദേശങ്ങളിലെ 40 രാജ്യങ്ങളിൽ ലഭ്യമാണ്. ഒലോറോസോ സിംഗിൾ കാസ്ക്, മാർസ് ഓർബിറ്റർ, പോൾ ജോണ്‍സ് മിഥുന, പോൾ ജോണ്‍സ് കന്യ തുടങ്ങിയ പ്രത്യേക പതിപ്പുകളുമുണ്ട്. പോൾ ജോണ്‍സ് മിഥുനയെ വിസ്കി ബൈബിൾ "ലോകത്തിലെ ഏറ്റവും മികച്ച വിസ്കികളിൽ" ഒന്നായി പ്രഖ്യാപിച്ചു. പോൾ ജോണ്‍സ് കന്യ "ഏഷ്യൻ വിസ്കി ഓഫ് ദ ഇയർ" ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.