വിമാനയാത്രയ്ക്കിടെ എമർജൻസി ഡോർ തുറക്കാൻ യാത്രക്കാരന്റെ ശ്രമം!
Mail This Article
ആകാശയാത്ര എല്ലാവർക്കും ഇഷ്ടമാണെങ്കിലും വിമാനത്തിൽ കയറിക്കഴിഞ്ഞാൽ എങ്ങനെയെങ്കിലും സുരക്ഷിതമായി താഴെ എത്തണേ എന്ന ഒരു ചിന്ത മാത്രമേ മിക്കവർക്കും ഉണ്ടാകൂ. അതിനിടയിൽ ആരെങ്കിലും ഉടക്കുമായി വന്നാൽ ശക്തമായി തന്നെ നേരിടുകയും ചെയ്യും. അത്തരത്തിൽ ആകാശയാത്രയ്ക്കിടയിൽ ഒരു വയ്യാവേലി കിട്ടിയത് തെക്കേ അമേരിക്കയിലെ ഒരു വിമാനത്തിലെ യാത്രക്കാർക്കാണ്. ആകാശം വായുവിൽ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഒരാൾ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ എത്തിയത്.
വിമാനം യാത്ര തുടർന്നു കൊണ്ടിരിക്കുമ്പോൾ ആണ് ഒരു യാത്രക്കാരൻ അനിയന്ത്രിതമായി എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ചത്. എന്നാൽ, വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സംഘടിതമായി എത്തുകയും ഇയാളെ കീഴ്പ്പെടുത്തുകയുമായിരുന്നു. സംഭവം യാത്രക്കാരിൽ ഒരാൾ ക്യാമറയിൽ പകർത്തിയതോടെ ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിലും വൈറലായി.
ബ്രസീലിലെ ബ്രസീലിയയിൽ നിന്ന് പനാമയിലെ പനാമ സിറ്റിയിലേക്ക് പോകുകയായിരുന്ന കോപ എയർലൈൻസിന്റെ വിമാനത്തിലാണ് ഈ അനിഷ്ടസംഭവങ്ങൾ ഉണ്ടായത്. വിമാനത്തിൽ ഉണ്ടായിരുന്നു ചില യാത്രക്കാർ സംഭവത്തിന്റെ വിഡിയോ പകർത്തുകയായിരുന്നു. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ടു ചെയ്തതു പോലെ വിമാനം ലാൻഡ് ചെയ്യാൻ പോകുമ്പോൾ ആയിരുന്നു സംഭവം. ഒരു യാത്രക്കാരൻ പ്ലാസ്റ്റിക് കത്തിയെടുത്ത് വിമാനത്തിലെ ഒരു ഉദ്യോഗസ്ഥയെ ബന്ദിയാക്കാൻ ശ്രമിച്ചു. തുടർന്ന് എമർജൻസി ഡോർ തുറക്കാനും ശ്രമം നടത്തി. വിമാനം ആകാശത്തിലായിരുന്ന സമയത്താണ് ഇതെല്ലാം നടന്നത്. അത്തരത്തിൽ എമർജൻസി ഡോർ തുറക്കുന്നത് വലിയ അപകടത്തിന് കാരണമാകും.
ഇതിനെ തുടർന്ന യാത്രക്കാർ എല്ലാവരും ഒരേ പോലെ സംഭവത്തിൽ ഇടപെടുകയും എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചയാളെ കൂട്ടായി ശ്രമിച്ച് കീഴടക്കുകയുമായിരുന്നു. പനാമ സിറ്റിയിൽ വിമാനം ലാൻഡ് ചെയ്തതിനു ശേഷം പ്രശ്നമുണ്ടാക്കിയ യാത്രക്കാരനെ അധികൃതർക്ക് കൈമാറി. അതേസമയം, സമയോചിതമായി ഇടപെട്ട യാത്രക്കാരെയും ജീവനക്കാരെയും കോപ എയർലൈൻസ് പ്രസ്താവനയിൽ അഭിനന്ദിച്ചു.