കലക്കീട്ടാ കപ്പൽ..., കൊച്ചിയുടെ തീരത്ത് ആഡംബര കപ്പൽ ‘ആന്തം ഓഫ് ദ് സീസി’
Mail This Article
കടൽപോലെ അദ്ഭുതങ്ങൾ ഒളിപ്പിച്ച ആഡംബരത്തിന്റെ കടൽക്കൊട്ടാരമായി ‘ആന്തം ഓഫ് ദ് സീസ്’ കൊച്ചിയുടെ തീരം തൊട്ടു മടങ്ങി. പുത്തൻ സാങ്കേതിക വിദ്യകളും ആഡംബരവും നിറഞ്ഞ ‘ആന്തം ഓഫ് ദ് സീസ്’ ഏറ്റവുമധികം യാത്രക്കാർക്കു സഞ്ചരിക്കാൻ കഴിയുന്ന ക്രൂസ് കപ്പലുകളിൽ ഒന്നാണ്. 1141 അടി നീളവും 136 അടി വീതിയുമുള്ള കൂറ്റൻ കപ്പലിലെ 16 ഡക്കുകളിൽ 14 എണ്ണവും യാത്രക്കാർക്കുള്ളതാണ്. 4905 ടൂറിസ്റ്റുകൾക്കും 1500 ജീവനക്കാർക്കും ചെയ്യാൻ സാധിക്കും. വിവിധ തീമുകളിലുള്ള 15 റസ്റ്ററന്റുകളും 12 ബാറുകളുമാണ് കപ്പലിൽ രുചിവൈവിധ്യം വിളമ്പുന്നത്. ബാൽക്കണിയോടു കൂടിയ 1571 മുറികൾ ഉൾപ്പെടെ ആകെ 2090 മുറികളാണ് കപ്പലിലുള്ളത്.
∙ വിനോദത്തിന് കപ്പലിൽ എന്തുണ്ട് ?
നക്ഷത്രങ്ങൾ തെളിഞ്ഞ ആകാശത്തിനു കീഴിലിരുന്ന്, രാത്രി കടലിന്റെ ഇരമ്പൽ കേട്ട് പ്രിയതമനോടൊപ്പം ഔട്ട് ഡോർ മൂവി സ്ക്രീനിൽ ഇഷ്ട സിനിമ ആസ്വദിച്ചത് ഈ കപ്പൽ യാത്രയിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവമെന്നു പറയുന്നത് ഫ്രാൻസ് സ്വദേശിനി ഷാലറ്റാണ്.
കപ്പലിന്റെ പ്രധാന ആകർഷണങ്ങളിൽ മറ്റൊന്ന്, മുകൾ ഡക്കിലെ ‘നോർത്ത് സ്റ്റാർ’ എന്ന നിരീക്ഷണ കേന്ദ്രമാണ്. ക്രെയിനിന്റെ സഹായത്തോടെ മുകളിലേക്കുയരുന്ന ക്യാപ്സ്യൂൾ രീതിയിലുള്ള നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള പനോരമിക് കാഴ്ച ആർക്കും മറക്കാനാകില്ല. സ്കൈ ഡൈവ് സിമുലേറ്റർ, റോക്ക് ക്ലൈംബിങ് വാൾ, സർഫിങ് സിമുലേറ്റർ തുടങ്ങിയവയും ഉഗ്രൻ അനുഭവങ്ങളാണ്. ഇതുകൂടാതെ നീന്തൽക്കുളങ്ങൾ, വിശാലമായ ജിംനേഷ്യം, സ്പാ, ബ്യൂട്ടിപാർലർ, ഇൻഡോർ ഗെയിംസ് കോർട്ടുകൾ, തിയറ്ററുകൾ, കസിനോകൾ എന്നിവയെല്ലാം കപ്പലിലുണ്ട്.
∙ യാത്രാവഴി
ദുബായിൽ നിന്നു മുംബൈ വഴിയാണു ‘ആന്തം ഓഫ് ദ് സീസ്’ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയത്. അന്നു രാത്രിതന്നെ തായ്‌ലൻഡിലേക്കു തിരിച്ചു. അവിടെ നിന്നു മലേഷ്യ വഴിയാണു സിംഗപ്പൂരിലെത്തുക. പിന്നീടുള്ള മൂന്നു മാസം സിംഗപ്പൂർ ഹോം പോർട്ടായി പ്രവർത്തിച്ച് ചെറിയ യാത്രകൾ സംഘടിപ്പിക്കും. അതു കഴിഞ്ഞ് ‘ആന്തം ഓഫ് ദ് സീസ്’ യാത്ര തിരിക്കുക യുഎസിലെ അലാസ്കയിലേക്കാണ്. കപ്പലിന്റെ ഭാഗ്യ ചിഹ്നമാണു ‘ജിജി’ എന്ന ജിറാഫ്. ‘ജിജി’യുടെ വലിയരൂപം കപ്പലിലുണ്ട്. ഇതിന്റെ അരികിൽ നിന്ന് ഏറെപ്പേർ ചിത്രം പകർത്തുന്നുമുണ്ട്. റോയൽ കരീബിയൻ ഇന്റർനാഷനലിന്റെ ഉടമസ്ഥതയിലുള്ളതാണ് ആഡംബര കപ്പൽ.