ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രം വൃന്ദാവനിൽ; ബുർജ് ഖലീഫയേക്കാൾ ആഴത്തിൽ അടിത്തറ
Mail This Article
ഉത്തരേന്ത്യൻ സംസ്ഥാനമായ ഉത്തർ പ്രദേശിലാണ് ഇനി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രം. ഉത്തർപ്രദേശിലെ വൃന്ദാവനിൽ സ്ഥിതി ചെയ്യുന്ന വൃന്ദാവൻ ചന്ദ്രോദയ മന്ദിർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രമായി മാറാൻ ഒരുങ്ങുകയാണ്. ആത്മീയതയുടെ മാത്രമല്ല ഇന്ത്യയുടെ സംസ്കാരത്തിന്റെയും ആധുനിക എൻജിനിയറിങ് ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തിന്റെയും പുരോഗതിയുടെയും അടയാളമായി മാറും ഈ വാസ്തുവിദ്യ വിസ്മയം.
ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ഉയരം തന്നെയാണ്. 700 അടിയാണ് ഈ ക്ഷേത്രത്തിന്റെ ഉയരം. ലോകമെമ്പാടുമുള്ള മറ്റേതൊരു ദേവാലയത്തേക്കാളും ഉയരമാണ് ഈ ക്ഷേത്രത്തിനുള്ളത്. ക്ഷേത്രത്തിന്റെ ഉയരം തന്നെയാണ് അതിന്റെ ആത്മീയ പ്രാധാന്യത്തെ അടയാളപ്പെടുത്തുന്നത്.
∙ ബുർജ് ഖലീഫയേക്കാൾ ആഴത്തിലുള്ള അടിത്തറ
ദുബായിലെ അംബരചുംബിയായ ബുർജ് ഖലീഫയേക്കാൾ ആഴത്തിലുള്ള അടിത്തറയാണ് ഈ ക്ഷേത്രത്തിന്റേത്. ക്ഷേത്രത്തിന്റെ അടിത്തറ 55 മീറ്റർ ആഴത്തിലാണ് ഒരുക്കിയിരിക്കുന്നത്. ബുർജ് ഖലീഫയുടെ അടിത്തറയേക്കാൾ അഞ്ച് മീറ്റർ കൂടുതലാണ് ക്ഷേത്രത്തിന്റെ അടിത്തറയ്ക്ക്. ഭൂകമ്പ സാധ്യതയുള്ള പ്രദേശമായതിനാൽ സ്ഥിരതയും ദൃഢതയും ലഭിക്കുന്നതിനു വേണ്ടിയാണ് ഇത്രയും ആഴത്തിൽ അടിത്തറ ഒരുക്കിയിരിക്കുന്നത്. ഭൂകമ്പത്തെ പ്രതിരോധിക്കാൻ കഴിയുന്ന വിധത്തിലാണ് ക്ഷേത്രം ഒരുക്കിയിരിക്കുന്നത്. 7.5 തീവ്രതയുള്ള ഭൂകമ്പങ്ങളെ നേരിടാൻ ക്ഷേത്രത്തിനു കഴിയുമെന്നാണ് റിപ്പോർട്ട്.
∙ വിപുലമായ ജൈവ വൈവിധ്യ പാർക്ക്
ക്ഷേത്ര പരിസരത്ത് മനോഹരമായ, വിപുലമായ ഒരു ജൈവവൈവിധ്യ പാർക്ക് ഉണ്ട്. പുണ്യവനം, ചിത്രശലഭ പാർക്ക്, ആയുർവേദിക് ഹെർബൽ ഗാർഡൻ എന്നു തുടങ്ങി പ്രത്യേക തീമുകളുള്ള വിവിധ മേഖലകൾ ഉൾക്കൊള്ളുന്ന ഒരു ജൈവ വൈവിധ്യ പാർക്ക് ആയിരിക്കും ഇത്. ഇതിൽ പൂന്തോട്ടങ്ങൾ, ചെറിയ തടാകങ്ങൾ, ജലധാരകൾ എന്നിവയും ഉണ്ടായിരിക്കും. പ്രകൃതി സൗന്ദര്യത്തോട് ഇഴുകി ചേർന്ന് ആത്മീയമായുള്ള യാത്ര കൂടുതൽ സുന്ദരമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ഇത് കൂടാതെ, മനോഹരമായ ഒരു കൃഷ്ണ തീം അമ്യൂസ്മെന്റ് പാർക്കും ഇതിന്റെ ഭാഗമാണ്.
∙ നിരവധി സൗകര്യങ്ങൾ ഒപ്പം സ്കൈവാക്കും
വിശാലമായ ക്ഷേത്രസമുച്ചയത്തിന്റെ നിരവധി ഭാഗങ്ങൾ സ്കൈവാക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു. ക്ഷേത്ര സമുച്ചയത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ഈ സ്കൈവാക്ക് ഉപയോഗിച്ച് എത്താൻ കഴിയും. കൂടാതെ മറ്റനേകം സൗകര്യങ്ങളും ക്ഷേത്രവുമായി ചേർന്ന് ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ ഗോശാലകൾ ഉണ്ടായിരിക്കും. പാർക്കിങ്ങിനായി 12 ഏക്കറോളം സ്ഥലമാണ് ഉള്ളത്. കൂടാതെ ഒരു ഹെലിപാഡും ഉണ്ട്. മതപരവും സാംസ്കാരികവുമായ പരിപാടികൾ നടത്തുന്നതിനായി ഒരു വലിയ കൺവൻഷൻ ഹാളും ഉണ്ടായിരിക്കും.
∙ ഭക്തർക്ക് താമസ സൗകര്യം
ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തർക്കായി വിവിധ തരത്തിലുള്ള താമസ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവിടെ തന്നെ കുറെ അധികസമയം ചെലവഴിച്ച് ക്ഷേത്രം ചുറ്റുപാടും ആവശ്യത്തിന് സമയമെടുത്ത് ആസ്വദിക്കാം. അതിനായി വിവിധ തരത്തിലുള്ള താമസ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വൃന്ദാവനം മേഖലയിലെ സമൂഹത്തെ കൂടി ഉൾപ്പെടുത്തിയുള്ളതാണ് ഇവിടുത്തെ വികസന പദ്ധതികൾ. വൃന്ദാവനിലെ അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെട്ട വ്യക്തികൾക്കും വിധവകൾക്കും വേണ്ടി നിരവധി പദ്ധതികളുണ്ട്. ചുറ്റുമുള്ളവരെ ചേർത്തുപിടിക്കുന്ന വിധത്തിലാണ് പദ്ധതികൾ തയാറാക്കുന്നത്. 2026 ഓടെ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതിയും പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.