നിങ്ങൾ ഒരു ടീച്ചറാണോ? ഇതാ ഗോൾഡൻ വീസയുമായി റാസൽഖൈമ
Mail This Article
സ്വകാര്യ സ്കൂൾ മേഖലയിലെ അധ്യാപകർക്കായി പുതിയ ഗോൾഡൻ വീസ പദ്ധതി പ്രഖ്യാപിച്ച് റാസൽഖൈമ നോളജ് ഡിപ്പാർട്ട്മെന്റ്. എമിറേറ്റിൽ താമസിക്കുന്ന സ്വകാര്യ സ്കൂൾ അധ്യാപകരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന പ്രൊഫഷണലുകൾക്കാണ് യുഎഇയിൽ ദീർഘകാല റെസിഡൻസി നേടാൻ കഴിയുക. ഇതിലൂടെ സ്വയം സ്പോൺസർ ചെയ്യാനും കഴിയുന്നു.
സ്കൂൾ പ്രിൻസിപ്പൽമാർ, അധ്യാപകർ, റാസൽഖൈമയിലെ സ്കൂളുകളിൽ നേതൃസ്ഥാനം വഹിക്കുന്നർ എന്നിവരുൾപ്പെടുന്ന വിദ്യാഭ്യാസ മേഖലയിലെ പ്രഗത്ഭരെ ആകർഷിക്കാനും നിലനിർത്താനുമാണ് ഗോൾഡൻ വീസ രൂപകൽപ്പന ചെയ്തിരിക്കുന്നത്. റാസൽഖൈമയിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിൽ അധ്യാപകർ വഹിക്കുന്ന നിർണായക പങ്ക് ഈ സംരംഭം തിരിച്ചറിയുന്നുവെന്ന് റാസൽഖൈമ നോളജ് വകുപ്പ് ബോർഡ് അംഗം ഡോ. അബ്ദുൽ റഹ്മാൻ അൽ നഖ് വി പറഞ്ഞു.
റാസൽഖൈമയിൽ ലോകോത്തര വിദ്യാഭ്യാസ സമ്പ്രദായം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് വിദ്യാഭ്യാസരംഗത്തെ വിദഗ്ദർക്ക് ഗോൾഡൻ വീസ എന്ന സംവിധാനവുമായി അധികൃതർ രംഗത്ത് എത്തിയിരിക്കുന്നത്. യോഗ്യരായ അധ്യാപകരെ ദീർഘകാലം നിലനിർത്തുന്നതിലൂടെ വിദ്യാഭ്യാസ അന്തരീക്ഷം നവീകരിക്കാനും പരിപോഷിപ്പിക്കാനുമാണ് ലക്ഷ്യം വയ്ക്കുന്നത്. പ്രധാനമായും രണ്ട് വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കാണ് ഗോൾഡൻ വീസ നൽകുന്നത്. നിലവിൽ റാസ് അൽ ഖൈമയിലെ സ്കൂളുകളിൽ ജോലി ചെയ്യുന്ന യോഗ്യതയുള്ള എല്ലാ അധ്യാപകർക്കും സ്കൂളുകളുടെ നേതൃസ്ഥാനം വഹിക്കുന്ന പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ, സ്കൂൾ ഡയറക്ടർമാർ എന്നിവർക്കാണ് ഗോൾഡൻ വീസ നൽകുക.
യോഗ്യരായ അധ്യാപകർ ഔദ്യോഗികമായ നിയമന ഉത്തരവ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തൊഴിലും താമസവും തെളിയിക്കുന്ന രേഖകൾ, സ്കൂളിന്റെ പ്രകടനം മെച്ചപ്പെടുത്താൻ അധ്യാപകർ നൽകിയ സംഭാവനകൾ തെളിയിക്കുന്ന രേഖകൾ എന്നിവയാണ് ഗോൾഡൻ വീസ ലഭിക്കുന്നതിനായി സമർപ്പിക്കേണ്ടത്. ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചു കഴിഞ്ഞാൽ റാസൽഖൈമയിലെ നോളജ് വകുപ്പ് അത് അവലോകനം ചെയ്യും. അതേസമയം, അപേക്ഷ അയച്ചാൽ മാത്രം ഗോൾഡൻ വീസ ലഭിക്കണം എന്നില്ല.
റാസൽഖൈമയിൽ കുറഞ്ഞത് മൂന്നു വർഷത്തെ താമസവും ജോലിയും അപേക്ഷകർക്ക് ഉണ്ടായിരിക്കണം. അംഗീകൃതമായ ഉന്നത ബിരുദവും ഒപ്പം തങ്ങൾ ജോലി ചെയ്യുന്ന സ്കൂളിന്റെ പ്രകടനത്തിൽ മികച്ച മാറ്റം കൊണ്ടുവരാൻ സ്വാധീനം ചെലുത്തിയിരിക്കുകയും വേണം. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള യോഗ്യരായ അധ്യാപകർക്ക് ഗോൾഡൻ വീസ ലഭിക്കുന്നതാണ്. അതേസമയം, അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നിർദ്ദിഷ്ടമായ ഫീസ് അടയ്ക്കേണ്ടതുണ്ട്. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ബന്ധപ്പെട്ട അധികാരികൾ രണ്ടാഴ്ചയ്ക്കുള്ളിൽ അപേക്ഷ പരിശോധിക്കും. ഗോൾഡൻ വീസ ലഭിച്ചു കഴിഞ്ഞാൽ മാതാപിതാക്കൾ, പങ്കാളി, കുട്ടികൾ എന്നിവർക്കും ദീർഘകാല താമസത്തിന് യോഗ്യത ലഭിക്കും.