യൂറോപ്പ്, യുകെ റൂട്ടുകളിൽ ബാഗേജ് ചാർജ് വർധിപ്പിച്ച് എയർ ഇന്ത്യ
Mail This Article
യാത്രയിൽ കൈനിറയെ സാധനങ്ങൾ കരുതുന്നവർക്ക് തിരിച്ചടി. യുകെ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിൽ ബാഗേജിന് പുതിയ ചാർജുമായി എയർ ഇന്ത്യ. ഇതോടെ രണ്ടാമതൊരു ബാഗ് കൂടി ചെക്ക് - ഇൻ ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ചെലവ് വർധിക്കും.
ഒക്ടോബർ 17 മുതൽ ഈ മാറ്റം നിലവിൽ വന്നുകഴിഞ്ഞു. പാശ്ചാത്യ നാടുകളിലെ എയർലൈനുകളോട് സാമ്യതയുള്ള വിധത്തിലാണ് എയർ ഇന്ത്യയുടെ പുതിയ ലഗേജ് നയം. ഈ റൂട്ടുകളിൽ ചെക്ക്ഡ് ബാഗേജിൽ 23 കിലോ ആണ് അനുവദിക്കുന്നത്. എന്നാൽ രണ്ടാമതൊരു ബാഗ് കൂടി ചെക്ക് - ഇൻ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള ചാർജ് 4000 രൂപ മുതലാണ് ഈടാക്കുന്നത്. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് മാത്രമാണ് ഇത്രയും ചാർജ്.
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് ഇപ്പോൾ എയർ ഇന്ത്യ. പാശ്ചാത്യ എയർലൈൻസുകളിൽ ഏറ്റവും വലുതായ ലുഫ്താൻസ ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് ഒരു ചെക്ക് - ഇൻ ബാഗ് ആണ് അനുവദിക്കാറുള്ളത്. രണ്ടാമത്തെ ബാഗിന് അധികമായി തുക ഈടാക്കുകയും ചെയ്യും. ഇതിന് സമാനമായ രീതിയിലാണ് എയർ ഇന്ത്യയുടെ മാറ്റവും.
ഈ വർഷമാദ്യം എയർ ഇന്ത്യ ആഭ്യന്തര വിമാന സർവ്വീസുകളിലും സമാനമായ മാറ്റം വരുത്തിയിരുന്നു. ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യുന്നവർക്കുള്ള ബാഗേജ് അലവൻസ് 25 കിലോയിൽ നിന്ന് 15 കിലോ ആക്കി കുറച്ചിരുന്നു. 2022 ൽ എയർ ഇന്ത്യ സ്വകാര്യവൽക്കരിക്കുന്നതിനു മുമ്പ് ഉയർന്ന ബാഗേജ് അലവൻസ് നൽകി ആയിരുന്നു യാത്രക്കാരെ ആകർഷിച്ചിരുന്നത്. സർക്കാർ ഉടമസ്ഥതയിൽ ആയിരുന്നപ്പോൾ താഴ്ന്ന നിലവാരത്തിലുള്ള കാബിൻ സേവനത്തിനും കൃത്യനിഷ്ഠ സംബന്ധമായ പ്രശ്നങ്ങൾക്കും പരിഹാരമായിട്ട് ആയിരുന്നു ഉയർന്ന ബാഗേജ് അലവൻസ് നൽകിയിരുന്നത്.
എന്നാൽ, ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുത്തതിനു ശേഷം സേവനങ്ങളും ഉപഭോക്തൃ സേവനവും മെച്ചപ്പെടുത്തുന്നതിന് കാര്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വരും വർഷങ്ങളിൽ എയർ ഇന്ത്യയുടെ സേവനത്തിലും പ്രകടനത്തിലും കാര്യമായ മാറ്റം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.