ADVERTISEMENT

ചരിത്രസ്മാരകങ്ങളാല്‍ ഏറ്റവും സമ്പന്നമായ നഗരങ്ങളിലൊന്നാണ് ഡല്‍ഹി. ഇന്ത്യയുടെ തലസ്ഥാനം സന്ദര്‍ശിക്കാനെത്തുന്ന ഏതൊരാളുടേയും യാത്രകള്‍ ഇത്തരം ചരിത്രസ്മാരകങ്ങളിലൊന്നെങ്കിലും കാണാതെ പൂര്‍ത്തിയാവാറില്ല. ഡല്‍ഹിയുടെ ചരിത്രസ്മാരകങ്ങളിലേക്ക് പുതിയൊരു വഴിവെട്ടിയിരിക്കുകയാണ് ഡല്‍ഹി മെട്രോ. ഡല്‍ഹി മെട്രോയുടെ ആപ്ലിക്കേഷന്‍ വഴി സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കാനുള്ള ടിക്കറ്റുകള്‍ കൂടി വാങ്ങാനാവും. 

കുത്തബ് മിനാറിന് അടുത്തുള്ള ഇരുമ്പുതൂൺ. Image Credit : Rakesh Nayar/istockphoto
കുത്തബ് മിനാറിന് അടുത്തുള്ള ഇരുമ്പുതൂൺ. Image Credit : Rakesh Nayar/istockphoto

ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍(ഡിഎംആര്‍സി) ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്‌ഐ)യുമായി സഹകരിച്ചാണ് പുതിയ സംവിധാനമൊരുക്കിയിരിക്കുന്നത്. ഡല്‍ഹി മെട്രോ ആപ്ലിക്കേഷനില്‍ പുതിയ ഫീച്ചറായാണ് ചരിത്രസ്മാരകങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ വാങ്ങാനുള്ള സൗകര്യവും ചേര്‍ത്തിരിക്കുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള വിവിധ ചരിത്രസ്മാരകങ്ങളിലേക്കുള്ള ടിക്കറ്റുകളാണ് സഞ്ചാരികള്‍ക്ക് ഡല്‍ഹി മെട്രോ ആപ് വഴി എടുക്കാനാവുക. 

Image Credit : PradeepGaurs/ shutterstock
Image Credit : PradeepGaurs/ shutterstock

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പത്ത് സംരക്ഷിത ചരിത്ര സ്മാരകങ്ങളില്‍ ഡല്‍ഹിയിലെ ചെങ്കോട്ടയും കുത്തബ്മീനാറും ഹുമയൂണിന്റെ ശവകുടീരവുമുണ്ട്. 2023-24ല്‍ ഡല്‍ഹി ഇക്കൊണോമിക് സര്‍വേ നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങളുള്ളത്. യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രമായ ചെങ്കോട്ടയില്‍ മാത്രം 2023ല്‍ 22 ലക്ഷത്തിലേറെ തദ്ദേശീയ സഞ്ചാരികളാണ് സന്ദര്‍ശനം നടത്തിയത്. ഇന്ത്യക്കാര്‍ക്കിടയില്‍ തന്നെ ഈ ചരിത്രസ്മാരകങ്ങള്‍ക്കുള്ള ജനപ്രീതിക്കുള്ള തെളിവാണിത്. 

Delhi Metro. Image Credit : Mirko Kuzmanovic/istockphoto
Delhi Metro. Image Credit : Mirko Kuzmanovic/istockphoto

ഉയര്‍ന്ന കാര്യക്ഷമതയുള്ള യൂണിഫൈഡ് ടിക്കറ്റിങ് സംവിധാനവും ക്യുആര്‍ കോഡ് സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഡല്‍ഹി മെട്രോ ആപ്പ് വഴി ചരിത്രസ്മാരകങ്ങളുടെ ടിക്കറ്റെടുക്കുന്നത്. ഒറ്റ ട്രാന്‍സാക്ഷന്‍ കൊണ്ടു തന്നെ എളുപ്പത്തില്‍ ടിക്കറ്റെടുക്കാനും വിലപ്പെട്ട സമയം ലാഭിക്കാനും സഞ്ചാരികള്‍ക്ക് ഇതു വഴി സാധിക്കും. ഹുമയൂണിന്റെ ശവകുടീരം, ചെങ്കോട്ട, കുത്തബ്മീനാര്‍, പുരാന ഖില എന്നിവയടക്കമുള്ള ചരിത്രസ്മാരകങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റുകള്‍ ഡല്‍ഹി മെട്രോ ആപ് വഴി ലഭിക്കും. 

ഡല്‍ഹിയിലെ ചരിത്രസ്മാരകങ്ങളുടെ സവിശേഷതകള്‍ വിവരിക്കുന്ന ബോര്‍ഡുകളും മെട്രോ സ്‌റ്റേഷനുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കാതെ ഡല്‍ഹിയിലെത്തുന്നവര്‍ക്കുപോലും അങ്ങനെയൊരു സാധ്യതയിലേക്കു വിരല്‍ചൂണ്ടാനും മെട്രോ സ്‌റ്റേഷനുകളിലെ ഈ ബോര്‍ഡുകള്‍ക്കാവും. മെട്രോ ആപ്പ് വഴി ടിക്കറ്റെടുക്കാമെന്നു കൂടി വരുന്നതോടെ ഡല്‍ഹി മെട്രോ വഴി ഡല്‍ഹിയിലെ ചരിത്ര പ്രാധാന്യമുള്ള സ്മാരകങ്ങളിലേക്ക് കൂടുതല്‍ സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷ.

English Summary:

Discover Delhi's rich history effortlessly with the Delhi Metro app! Now offering convenient online ticketing to iconic monuments like the Red Fort and Qutub Minar. Plan your historical adventure today!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com