ലുഫ്താന്‍സ എക്‌സ്പ്രസ് റെയില്‍, യാത്രികരുടെ എണ്ണത്തില്‍ റെക്കോഡ്
Mail This Article
ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന ലുഫ്താന്‍സ എക്‌സ്പ്രസ് റെയില്‍ യാത്രികരുടെ എണ്ണത്തില്‍ റെക്കോഡ്. 4.32 ലക്ഷം യാത്രികര്‍ എന്ന മുന്‍ റെക്കോഡ് ഒക്ടോബറില്‍ തന്നെ മറികടക്കാന്‍ ലുഫ്താന്‍സ എക്‌സ്പ്രസ് റെയിലിന് സാധിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനം കൂടുതലാണിത്. 2024ല്‍ ബാക്കിയുള്ള ദിവസങ്ങളിലേക്കുള്ള ബുക്കിങ് കൂടി കണക്കിലെടുത്താല്‍ ടിക്കറ്റ് വില്‍പന അഞ്ചു ലക്ഷം കവിയും. കഴിഞ്ഞ 20 വര്‍ഷമായുള്ള ലുഫ്താന്‍സ- ഡോചെ ബാന്‍(ഡിബി) സഹകരണത്തില്‍ ഏറ്റവും കൂടുതല്‍ യാത്രികരെ ലഭിക്കുന്നതും 2024ലാണ്.
ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ നിന്നും പരമാവധി ജര്‍മന്‍ നഗരങ്ങളെ ബന്ധിപ്പിക്കാന്‍ ലുഫ്താന്‍സ എക്‌സ്പ്രസ് റെയില്‍ വഴി സാധിക്കുന്നുണ്ട്. തുടക്കത്തില്‍ നാലു നഗരങ്ങളെയാണ് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ നിന്നും റെയില്‍ മാര്‍ഗം ബന്ധിപ്പിച്ചിരുന്നതെങ്കില്‍ ഇന്ന് അത് 28 നഗരങ്ങളായി മാറിയിട്ടുണ്ട്. ഓസ്ബര്‍ഗ്, ബോണ്‍, വോള്‍ഫ്‌സ്ബര്‍ഗ്, എസ്സെന്‍ എന്നിങ്ങനെയുള്ള നഗരങ്ങളും ലുഫ്താന്‍സ എക്‌സ്പ്രസ് റെയില്‍ വഴി ബന്ധപ്പെട്ടിരിക്കുന്നു. ലുഫ്താന്‍സ എയര്‍ലൈന്‍ വഴി വിമാന സര്‍വീസുള്ളതിനേക്കാള്‍ കൂടുതല്‍ ജര്‍മന്‍ നഗരങ്ങളെ ട്രെയിന്‍ സര്‍വീസ് വഴി ബന്ധിപ്പിക്കാനും ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. ജര്‍മനിക്കു പുറത്തേക്കും ഈ ട്രെയിന്‍ സര്‍വീസ് നീളുന്നുണ്ട്. മ്യൂണിച്ച് സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും സൂറിച്ച് വിമാനത്താവളത്തിലേക്കും ഓസ്ട്രിയയിലെ ബ്രജെന്‍സ് വരെയും ട്രെയിന്‍ സര്‍വീസുകളുണ്ട്. പ്രതിദിനം 240 ട്രെയിന്‍ സര്‍വീസുകളാണ് ഡിബിയും ലുഫ്താന്‍സയും ചേര്‍ന്നു നടത്തുന്നത്.
'പരിസ്ഥിതിക്ക് അനുകൂലമായ ട്രെയിന്‍ യാത്രകളെ വിമാനയാത്രയ്ക്കൊപ്പം ചേര്‍ക്കുന്ന യാത്രികരുടെ എണ്ണം കൂടി വരികയാണ്. ലുഫ്താന്‍സയോടൊപ്പം ചേര്‍ന്നു യാത്രികരുടെ എണ്ണത്തില്‍ ഞങ്ങള്‍ വലിയ വര്‍ധനവാണ് നേടിയിരിക്കുന്നത്. റെയില്‍, റോഡ് ഗതാഗതമാര്‍ഗങ്ങള്‍ പരസ്പരം ചേര്‍ന്നു നില്‍ക്കുന്നതാണ്. വിമാനങ്ങളില്‍ വന്നിറങ്ങുന്നവര്‍ക്കു ട്രെയിനുകള്‍ വഴി മെട്രോ നഗരങ്ങളിലേക്കുള്ള യാത്രകള്‍ എളുപ്പമായി മാറിയിട്ടുണ്ട്' ഡിബി ബോര്‍ഡ് അംഗം മിഖായേല്‍ പീറ്റേഴ്‌സണ്‍ പറയുന്നു.
'ഞങ്ങള്‍ ഡോച്ചെ ബാനുമായുള്ള(ഡിബി) സഹകരണം നിരന്തരം വിപുലപ്പെടുത്തുന്നുണ്ട്. ഇത് യാത്രികര്‍ക്കു കൂടുതല്‍ എളുപ്പത്തിലുള്ള യാത്രാ സൗകര്യങ്ങളൊരുക്കുന്നു. കൂടുതല്‍ ട്രെയിനുകള്‍ കൂടുതല്‍ നഗരങ്ങളുമായി ബന്ധിപ്പിച്ച് എത്തിയതോടെ യാത്രികര്‍ക്ക് അത് ഗുണമായി. ഈ അടുത്ത വര്‍ഷങ്ങളില്‍ ലുഫ്താന്‍സ എക്‌സ്പ്രസ് റെയില്‍ സേവനങ്ങള്‍ കൂടുതല്‍ ആകര്‍ഷകമായിട്ടുണ്ട്. ഭാവിയില്‍ റെയില്‍-വ്യോമ ഗതാഗതങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടും. മ്യൂണിച്ച് വിമാനത്താവളം ഡോച്ചെ ബാന്‍ ദീര്‍ഘദൂര സര്‍വീസുകളുമായി കൂട്ടിച്ചേര്‍ത്താല്‍ യാത്രികര്‍ക്ക് കൂടുതല്‍ മികച്ച യാത്രാനുഭവം നല്‍കാനാവും' ഡോച്ചെ ലുഫ്താന്‍സ എജി എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം ഡയറ്റര്‍ റാനക്‌സ് പറഞ്ഞു.
കഴിഞ്ഞ 20 വര്‍ഷമായി ലുഫ്താന്‍സ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് അടക്കം ബുക്കു ചെയ്യുന്നതിന് സൗകര്യമുണ്ട്. ലുഫ്താന്‍സ ഗ്രൂപ്പ് എയര്‍ലൈന്‍സിനു പുറമേ സ്റ്റാര്‍ അലയന്‍സ് എയര്‍ലൈന്‍സും ഇപ്പോള്‍ ലുഫ്താന്‍സ എക്‌സ്പ്രസ് റെയില്‍ സര്‍വീസ് ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനം മുതലാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് ലുഫ്താന്‍സ എക്‌സ്പ്രസ് റെയില്‍ സേവനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത്. ഇത് വിജയമാണെന്നു കണ്ടതോടെ മറ്റു സ്റ്റാര്‍ അലയന്‍സ് എയര്‍ലൈനുകളും ഇതേ വഴി പിന്തുടരുകയായിരുന്നു.