ഈ നാട്ടിൽ യാത്ര ചെയ്യാൻ സ്വാതന്ത്ര്യം ഇല്ല ; നിയന്ത്രണങ്ങൾ അതികഠിനം
Mail This Article
ആളുകൾ യാത്രകളെ കൂടുതൽ സ്നേഹിക്കുകയും കൂടുതലായി യാത്രകൾ ചെയ്യുകയും ചെയ്യുന്ന ഒരു കാലഘട്ടമാണ് ഇപ്പോൾ. വീസ ഇല്ലാതെ തന്നെ പ്രവേശനം പ്രഖ്യാപിച്ച് നിരവധി രാജ്യങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. കാലം അതിവേഗത്തിൽ കുതിച്ചു പായുകയാണെങ്കിൽ ആ വേഗതയിലേക്ക് എത്താൻ കഴിയാത്ത ചില രാജ്യങ്ങളുമുണ്ട്. ചില രാജ്യങ്ങൾ ആഗോളതലത്തിൽ അവരുടെ സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയെങ്കിലും ചില രാജ്യങ്ങൾക്ക് അത് മികച്ചതാക്കാൻ കഴിഞ്ഞിട്ടില്ല. ഹെൻലി പാസ്പോർട്ട് ഇൻഡെക്സ് അനുസരിച്ച് ചില രാജ്യങ്ങൾക്ക് വളരെ കുറച്ച് രാജ്യങ്ങളിലേക്ക് മാത്രമേ വിസ - ഫ്രീ പ്രവേശനം ലഭിക്കുകയുള്ളൂ.
അഫ്ഘാനിസ്ഥാൻ, സിറിയ, ഇറാഖ്, പാക്കിസ്ഥാൻ, യെമൻ എന്നീ രാജ്യങ്ങളിലെ പൗരൻമാർക്ക് നിരവധി യാത്രാ നിയന്ത്രണങ്ങൾ നേരിടേണ്ടി വരുന്നു. ആഗോളതലത്തിൽ തന്നെ ഏറ്റവും ദുർബലമായ പാസ്പോർട്ടുകൾ എന്നാണ് ഈ രാജ്യത്തിന്റെ പാസ്പോർട്ടുകൾ അറിയപ്പെടുന്നത്.
∙ അഫ്ഘാനിസ്ഥാൻ - പ്രവേശനം 26 രാജ്യങ്ങളിലേക്ക് മാത്രം
ലോകത്തിലെ തന്നെ ഏറ്റവും ദുർബലമായ പാസ്പോർട്ട് അഫ്ഘാനിസ്ഥാന്റേതാണ്. ഈ രാജ്യത്തിലെ പൗരൻമാർക്ക് 26 ഇടങ്ങളിലേക്ക് മാത്രമാണ് വീസ - രഹിത പ്രവേശനം നൽകുന്നത്. ഇത്രയേറെ യാത്രാനിയന്ത്രണങ്ങൾ വരാൻ കാരണവുമുണ്ട്. പതിറ്റാണ്ടുകളായി തുടരുന്ന സംഘട്ടനവും അസ്ഥിരതയുമാണ് ഇതിന് പ്രധാനകാരണങ്ങൾ. ഇത് അഫ്ഗാൻ പൗരൻമാരുടെ മേൽ യാത്രാനിയന്ത്രണം വരാൻ ഒരു കാരണമായി. സുരക്ഷാ സംബന്ധവും രാഷ്ട്രീയമായ ആശങ്കകളും കാരണം പല രാജ്യങ്ങളും കർശനമായ വീസ നിബന്ധനകളാണ് അഫ്ഘാനിസ്ഥാനു മേൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാരണങ്ങളാൽ തന്നെ രാജ്യാന്തര യാത്രകൾ അഫ്ഘാൻ പൗരൻമാരെ സംബന്ധിച്ച് വളരെ വെല്ലുവിളി നിറഞ്ഞതാണ്.
∙ സിറിയ - 27 രാജ്യങ്ങൾ
ഏറ്റവും ദുർബലമായ പാസ്പോർട്ടുകളിൽ രണ്ടാം സ്ഥാനം സിറിയയ്ക്കാണ്. ഈ രാജ്യത്തെ പൗരൻമാർക്ക് 27 രാജ്യങ്ങളിലേക്ക് മാത്രമാണ് വീസ-രഹിത പ്രവേശനം. നിരവധി കാരണങ്ങളാണ് ഇതിനുള്ളത്. വർഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധവും രാജ്യാന്തര ഉപരോധങ്ങളും ഇതിന് പ്രധാന കാരണങ്ങളാണ്. സിറിയയിൽ നിന്നുള്ള പൗരൻമാരിൽ നിന്ന് മിക്ക രാജ്യങ്ങളും വളരെ വിപുലമായ വീസ അപേക്ഷ പ്രക്രിയകൾക്ക് വിധേയരാകാൻ ആവശ്യപ്പെടാറുണ്ട്. ഇക്കാരണത്താൽ തന്നെ സിറിയൻ പൗരൻമാരെ സംബന്ധിച്ച രാജ്യാന്തര യാത്രകൾ കടുത്ത വെല്ലുവിളിയാണ്.
∙ ഇറാഖ് - 31 രാജ്യങ്ങൾ
ആഗോളതലത്തിൽ ഏറ്റവും ദുർബലമായ മൂന്നാമത്തെ പാസ്പോർട്ട് ഇറാഖിന്റേതാണ്. ഇറാഖ് പാസ്പോർട്ട് കൈവശമുള്ള പൗരൻമാർക്ക് മുൻകൂർ വീസയില്ലാതെ 31 രാജ്യങ്ങളിലേക്കു മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ദശാബ്ദങ്ങളായി നീണ്ടു നിൽക്കുന്ന രാഷ്ട്രീയ അസ്ഥിരത, അശാന്തി, വഷളായ രാജ്യാന്തര ബന്ധങ്ങൾ എന്നിവയെല്ലാം ഇതിനു കാരണമാണ്. കർശനമായ ഡോക്യുമെന്റേഷനാണ് ഈ രാജ്യത്തെ പൗരൻമാർക്ക് നേരിടേണ്ടി വരുന്നത്. മറ്റ് കർശനമായ നടപടി ക്രമങ്ങളും പൗരൻമാർക്ക് വീസ ലഭിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടേറിയതാക്കുന്നു.
∙ പാക്കിസ്ഥാൻ - 33 രാജ്യങ്ങൾ
ലോകത്തിലെ ഏറ്റവും ദുർബലമായ നാലാമത്തെ പാസ്പോർട്ട് വേറൊരു രാജ്യത്തിന്റേതുമല്ല, നമ്മുടെ അയൽരാജ്യമായ പാക്കിസ്ഥാന്റേതാണ്. ആഗോളതലത്തിലുള്ള നിലവാരം മെച്ചപ്പെടുത്തുന്നതിൽ പാക്കിസ്ഥാന് കഴിഞ്ഞിട്ടുണ്ടെങ്കിലും സുരക്ഷാപ്രശ്നങ്ങളാണ് പാസ്പോർട്ട് ദുർബലമാകാനുള്ള കാരണം. സ്ഥിരമായി ഇവിടെയുണ്ടാകുന്ന സുരക്ഷാപ്രശ്നങ്ങളും രാഷ്ട്രീയ അസ്ഥിരതയും പാക്കിസ്ഥാനിലെ പൗരന്മാരുടെ യാത്രാ സ്വാതന്ത്ര്യത്തെ ബാധിക്കുന്നു. യൂറോപ്പ്, വടക്കൻ അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളിലേക്ക് വീസ ലഭിക്കാനായി അപേക്ഷിക്കുമ്പോൾ വളരെ കർശനമായ നടപടി ക്രമങ്ങളിലൂടെയാണ് ഈ രാജ്യത്തെ പൗരൻമാർ കടന്നുപോകുന്നത്.
∙ യെമൻ - 33 രാജ്യങ്ങൾ
പാക്കിസ്ഥാനൊപ്പം തന്നെയാണ് ഏറ്റവും ദുർബലമായ പാസ്പോർട്ടിന്റെ കാര്യത്തിൽ യെമന്റ് സ്ഥാനം. നിരന്തരമായി രാജ്യത്ത് ഉണ്ടാകുന്ന സംഘർഷങ്ങളാണ് ആഗോളതലത്തിൽ യെമനെ അകറ്റി നിർത്തുന്നത്. അസ്ഥിരമായ രാഷ്ട്രീയവും മനുഷ്യ ദുരന്തങ്ങളുമെല്ലാം വീസ രഹിത യാത്ര യെമനികൾക്ക് അപ്രാപ്യമാക്കുന്നു. ചില അയൽ രാജ്യങ്ങളിലേക്കു മാത്രമാണ് യെമനികൾക്കു വീസയില്ലാതെ യാത്ര ചെയ്യാൻ കഴിയുക.